12/02/2020
ആന്റി ഫ്ലവർ
ഒരു പക്ഷെ ആന്റി ഫ്ലവറിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം എന്നത് അദ്ദേഹം കളിച്ചതു ഭാവി ഇല്ലാത്ത സിംബാവെക്കു വേണ്ടി ആയിരുന്നു എന്നതാണ്. ഈ അസാധാരണ പ്രതിഭക്കു തന്റെ കഴിവ് വച്ച് ലോകത്തിൽ ഏതൊരു ടീമിന്റെയും ആദ്യ പതിനൊന്നിൽ ഇടം നേടാൻ സാധിക്കുമായിരുന്നു.
ടെസ്റ്റ് കളിച്ചിരുന്ന രണ്ട് സഹോദരന്മാരിൽ മൂത്തയാളായ ആന്റി സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ്, ഇപ്പോൾ കളിക്കുന്നവരെ ഏറ്റവും മികച്ചതുമായി താരതമ്യപ്പെടുത്തുന്ന രാജ്യത്തെ ഏക ബാറ്റ്സ്മാനാണ് ആൻഡി ഫ്ലവർ ഇന്നും. അതിശയകരമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ആന്റി ഫ്ലവർ, 2000 കളുടെ തുടക്കത്തിൽ പലപ്പോഴും സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാനോട് പോലും താരതമ്മ്യം ചെയ്യപ്പെട്ടിരുന്നു. കാരണം ഈ കാലഘട്ടത്തിൽ ആന്റി ഫ്ലവർ 18 ടെസ്റ്റുകളിൽ നിന്നും ഏകദേശം 2000 നു അടുത്ത് റൺസും ആശ്ചര്യകരമായ 84.50 എന്ന ആവറേജും കൂടാതെ 6 സെഞ്ചുറികളും നേടിയിരുന്നു. അതുപോലെ ICC റാങ്കിങ്ങിൽ സിംബാബ്‍വെക്കു വേണ്ടി ഏറ്റവും സ്ഥാനം കൈവരിച്ച ഏക കളിക്കാരനും ആൻഡി ആയിരുന്നു. 2001 ലെ ഈ നേട്ടം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നുകൊണ്ടായിരുന്നു. തീർച്ചയായും സിംബാബ്‌വെയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസമാണ് ആന്റി ഫ്ലവർ.
ധീരമായ ഒരു വ്യക്തിത്വം, സമഗ്രമായ പ്രൊഫഷണലിസത്തിന്റെ പ്രതീകം, മാത്രമല്ല ലോകത്തിലെ ഏറ്റവും കർക്കശക്കാരനും മികച്ച പ്ലാനെറുമായ പരിശീലകരിൽ ഒരാളായി അദ്ദേഹത്തെ പരക്കെ അറിയപ്പെടുന്നു. ഒരു യഥാർത്ഥ ക്രിക്കറ്റ് ഇതിഹാസമായ ആന്റി ഫ്ലവർ തന്നിലെ ക്രിക്കറ്റിനെ വളരെ മികവുറ്റ രീതിയിൽ ഉപയോഗിച്ച് അവിശ്വസനീയമായ ഒരു കരിയറും പ്രശസ്തിയും നേടിയെടുത്തു.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ആന്റി, ഈ കളിയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനിൽ ഒരാളായി അറിയപ്പെടുന്നു. 1992 ലെ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ആന്റി ഫ്ലവറിൻറെ ഏകദിന അരങ്ങേറ്റം, അതിൽ തന്നെ സെഞ്ച്വറി നേടിയ അദ്ദേഹം അന്നുമുതൽ ഏകദിന ക്രിക്കറ്റ് റെക്കോർഡിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്നു. ലോകകപ്പ് അരങ്ങേറ്റത്തിലും ഏകദിന അരങ്ങേറ്റത്തിലും സെഞ്ച്വറി നേടിയ കളിക്കാരൻ. ഈ നേട്ടം കൈവരിച്ച അദ്ദേഹത്തിന് മറ്റൊരു രസകരമായ റെക്കോർഡുകൂടി ഉണ്ട്. രണ്ടാമത്തെ സെഞ്ച്വറിക്കായി ഏറ്റവും കൂടുതൽ മൽസരങ്ങൾ (149) കളിച്ച കളിക്കാരൻ. അരങ്ങേറ്റത്തിലെ സെഞ്ചുറിക്ക് ശേഷം തന്റെ 150 താമത്തെ മത്സരത്തിലാണ് രണ്ടാമത്തെ സെഞ്ച്വറി നേടുന്നത്.
അവിശ്വസനീയമാംവിധം വിജയകരമായി കരിയർ മുന്പോട്ട് കൊണ്ടുപോയ ആന്റി ഫ്ലവറിന് മറ്റൊരു പ്രതിച്ഛായ കൂടി ഉണ്ടായിരുന്നു. സിംബാബ്‌വെയുടെ ക്യാപ്റ്റനെന്ന നിലയിൽ 1994-95 ൽ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിജയം അദേഹത്തിന്റെ തൊപ്പിയിലെ പൊൻതൂവലാണ്. രാഷ്ട്രീയവും സാമൂഹികവുമായ വലിയ കോലാഹലങ്ങളെത്തിനു ശേഷം സിംബാബ്‌വെയുടെ ചരിത്രപരമായ 2000 ത്തിലെ ഇംഗ്ലണ്ടിൽ ടെസ്റ്റ് പര്യടനം നയിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരിലൊരാളായ ആന്റി ഫ്ലവർ വളരെ പക്വതയാർന്ന രീതിയിൽ കളിച്ച 2001 ലെ ഇന്ത്യാ പര്യടനം, നമ്മൾ ഇന്നും ഓർക്കുന്നുണ്ടാകും. വെറും രണ്ട് തവണ മാത്രം പുറത്തായ അദ്ദേഹം പരമ്പരയിൽ 550 റൺസ് (4 inns) നേടിയിരുന്നു. സിംബാബ്‌വെ ടീമിലെ മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ എതിരാളികൾ വിലപ്പെട്ട വിക്കറ്റ് എന്ന നിലയിൽ അദ്ദേഹത്തെ ലക്ഷ്യം വച്ചത്തിൽ ഒട്ടും അതിശയിക്കാനില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹരാരെയിൽ നടന്ന ഒരു മത്സരത്തിൽ ആന്റി ഫ്ലവർ 142 റൺസും പുറത്താകാതെ 199 റൺസ് നേടി ആശ്ചര്യകരമായ ഒരു പ്രകടനത്തിന്റെ സാക്ഷി പത്രമാകുകയും ചെയ്തു. അപൂർവമായ ഫോമിലൂടെ പോയിരുന്ന അദ്ദേഹത്തിന്റെ സവിശേഷത അവിശ്വസനീയമാംവിധത്തിലുള്ള സ്ഥിരതയായിരുന്നു.
സിംബാബ്‌വെക്ക് വേണ്ടി ആന്റി ഫ്ലവർ 63 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു, അതിൽ 51.54 എന്ന ശരാശരിയിൽ 4794 റൺസും 151 ക്യാച്ചുകളും 9 സ്റ്റമ്പിങ്ങുകളും നേടി. അതോടൊപ്പം ഏകദിനത്തിൽ അദ്ദേഹം 213 മത്സരങ്ങളിൽ നിന്നും 35 ശരാശരിയിൽ 6786 റൺസ് നേടുകയും കൂടാതെ 141 ക്യാച്ചുകളും 32 സ്റ്റമ്പിങ്ങുകളും നേടി. സിംബാബ്‌വെക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ്, ആവറേജ്, ഏകദിന റൺസ്, എന്നിവ കരസ്ഥമാക്കിയ ആന്റി ഫ്ലവർ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 100 കളിക്കാരിൽ ഇടം നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ്.
ആന്റി ഫ്ലവർ 2000 ൽ നാഗപ്പൂരിൽ വെച്ച് ഇന്ത്യക്ക് എതിരെ പുറത്താകാതെ നേടിയ 232 റൺസാണ് ഇപ്പോഴും ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറായി നിലനിക്കുന്നത്. മനസ്സിനെ മതിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കുകൾ ഒന്നും അദ്ദേഹത്തിന്റെ കരിയറിൽ അവകാശപ്പെടാനില്ല എങ്കിലും മനോഹരമായ ചെറുത്ത് നിൽപ്പുകളിലൂടെയാണ് അദ്ദേഹം ഇപ്പോഴും നമ്മുടെ മനം കവരുന്നത്.
2003 ലെ ലോകകപ്പിനെ തുടർന്ന് ആന്റി ഫ്ലവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സിംബാബ്‌വെയിൽ ‘ജനാധിപത്യത്തിന്റെ മരണം’ സംഭവിച്ചു എന്ന് ധീരമായി വിളിച്ചു പറഞ്ഞ അദ്ദേഹം സഹതാരം ഹെൻറി ഒലോംഗയ്‌ക്കൊപ്പം അഭൂതപൂർവമായ പ്രതിഷേധം ആരംഭിച്ചു. അക്കാലത്ത് സിംബാബ്‌വെ ക്രിക്കറ്റിനെ കൂടുതൽ അപകടത്തിലേക്ക് നയിച്ച ഒരു രാഷ്ട്രീയ പോരാട്ടത്തിനു എതിരെ ആന്റി ഫ്ലവർ പ്രതിഷേധിക്കുകയും അതിനെതിരെ ആവേശത്തോടെ സംസാരിക്കുകയും ചെയ്തു.
അദ്ദേഹം പടുത്തുയർത്തിയ റെക്കോർഡുകൾക്കു ഉപരി സിംബാബ്‌വെയുടെ ഏകാധിപതിയായ മുഗാബീ സർക്കാരിനെതിരായ തന്റെ ധീരമായ പ്രതിഷേധമുയർത്തി എന്ന നിലയിലായിരിക്കും ആൻഡി ഫ്ലവറിനെ സിംബാബ്‌വെ ക്രിക്കറ്റ് ഓർക്കുക.
ക്രിക്കറ്റ് കളിക്കാരൻ എന്നതിൽ ഉപരി അദ്ദേഹം ലോകത്തിലെ മികച്ച കോച്ചുകളിൽ ഒരാൾ കൂടിയാണ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ച് എന്ന സ്ഥാനം 2009 മുതൽ 2014 വരെ ഏറ്റെടുത്ത അദ്ദേഹം, ഈ കാലയളവിൽ ഇംഗ്ലണ്ട് ക്രിക്കറ്റിനെ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിക്കുകയും മൂന്ന് ആഷസ് കിരീടങ്ങൾ നേടി കൊടുക്കുകയും ചെയ്തു. പിന്നെ 2010 ലെ ട്വന്റി 20 കിരീടം, 2012-13 ലെ ഇന്ത്യയിലെ പരമ്പര വിജയം അങ്ങനെ വളരെ അധികം നേട്ടങ്ങളോടെയായിരുന്നു അദ്ദേഹം ഇംഗ്ലണ്ട് കോച്ച് എന്ന സ്ഥാനത്തിൽ നിന്നും പടിയിറങ്ങിയത്.
സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായി ആക്രമണോത്സുകതയോടെ കളിക്കുന്ന ഒരു കൂട്ടത്തെ രൂപപ്പെടുത്തിയ ആന്റി ഫ്ലവർ ഇംഗ്ലണ്ട് ക്രിക്കറ്റിന് ലഭിച്ച ഒരു മികച്ച കോച്ച് എന്നരീതിയിലും അറിയപ്പെടുന്നു.
✒️ എഴുതിയത് വിമൽ താഴെത്തുവീട്ടിൽ.