23/09/2022
*തണ്ടർ സ്‌ട്രൈക്കേഴ്‌സ് വീണ്ടും നിരത്തുകളിൽ...*
കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഒരു യാത്രാ... ഇത്തവണ ലക്ഷ്യം മേഘമല...
കേരളത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ അതി സുന്ദരമായ കൊച്ചു ഗ്രാമം. ഇത്തവണത്തെ യാത്രയിൽ ഒരുപാട് സ്ഥലങ്ങൾ നിർദ്ദേശം വന്നെങ്കിലും ഒടുവിൽ ഞങ്ങൾ എത്തിപ്പെട്ടത് ഇവളിലേക്ക് "മേഘമല...
മലകൾ മേഘങ്ങളെ ആഗ്രഹിക്കുന്നു എന്നു പറയുന്നതിലും ഇവിടെ ചേരുന്നത് മേഘങ്ങൾ മലകളെ പ്രണയിക്കുന്നു എന്ന് പറയുന്നതാണ്.. അത്ര സുന്ദരമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും ..
ഹോണ്ടയും,യമഹായും, റോയൽ എൻഫീൽഡും,യെസ്ടിയും അടങ്ങുന്ന 8 ബൈക്കിൽ 21/9/22 രാവിലെ അഞ്ചരയോടെ വയലത്തലയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.. റാന്നി,എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്,കുമളിയാണ് ആദ്യ ലക്ഷ്യം. പ്രഭാതത്തിലെ യാത്ര എല്ലാവർക്കും ഒരു ആവേശം തന്നെയാണ്. ഈ റൂട്ടിൽ പോകുന്ന എല്ലാ യാത്രികരുടെയും ഇഷ്ടസ്ഥലമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ ഒന്നു നിർത്തി .ഒരു ചൂട് ചായ മാത്രം ആയിരുന്നു ലക്ഷ്യം എങ്കിലും രാവിലെ തന്നെ നല്ല ചൂട് പഴംപൊരി എല്ലാവരിലും ഒരു വിശപ്പ് ഉണർത്തി.. അങ്ങനെ ഹൈറേഞ്ച് കീഴടക്കാൻ കൂട്ടിനായി ഓരോ പഴംപൊരിയും അകത്താക്കി യാത്ര തുടർന്നു..
കിഴക്ക് മലകൾ ഇടയിലൂടെ സൂര്യ കിരണങ്ങൾ വന്നു തുടങ്ങി ..തണുപ്പും ഇളം വെയിലും കലർന്ന ഒരനുഭവം യാത്രയെ മനോഹരമാക്കി.. ഏകദേശം ഒൻപത് മണിയോടെ ഞങ്ങൾക്ക് രാവിലെ എത്തേണ്ട കുമളി ചക്കുപള്ളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ എത്തി.. റൈഡേഴ്‌സിനെന്താ പള്ളിയിൽ കാര്യം...? ഉത്തരം ലളിതം ,മറ്റുള്ള റൈഡേഴ്‌സിനെ പോലെ അല്ല തണ്ടർ സ്‌ട്രൈക്കേഴ്സ് .. ആദ്യ യാത്ര മുതൽ ഞങ്ങളുടെ പതിവ് ആണ് യാത്രയിൽ ഞങ്ങളോടൊപ്പം ആയിരിക്കുന്ന ദൈവത്തിന് നന്ദി അറിയിക്കുക എന്നത്. കൂട്ടത്തിൽ ഒരു വൈദീകൻ ഉള്ളതിനാൽ വി. കുർബാന അനുഭവം തുടർന്നുള്ള യാത്രയ്ക്കും മനസിനും ഒരു ബലവും ധൈര്യവുമാണ് .
വി. കുർബാനയ്ക്ക് ശേഷം പ്രഭാത ഭക്ഷണം അവിടെ തന്നെ ക്രമീകരിച്ചിരുന്നു.. നല്ല ചൂട് പാലപ്പവും മുട്ടക്കറിയും യാത്രയിലായതിനാൽ ആവിശ്യാനുസരണം ഭക്ഷണം കഴിച്ചു യാത്ര തുടർന്നു... മേഖമല ചെക്ക് പോസ്റ്റ് വൈകിട്ട് 6 മണിക്ക് മുൻപ് കടന്നാൽ മതിയെന്നതിനാൽ ആവിശ്യാത്തിന് സമയം ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അങ്ങനെ ഞങ്ങൾ കമ്പം ലക്ഷ്യമാക്കി യാത്ര തുടർന്നു.. കമ്പത്തേക്കുള്ള യാത്ര കമ്പoമേട് വഴിയായിരുന്നു. ഹെർപിൻ വളവുകൾ തിരിഞ്ഞ് താഴേക്ക് ഇറങ്ങുമ്പോൾ ദൂരെ മനോഹരമായി കമ്പത്തിന്റെ, തമിഴ്‌നാടിന്റെ ദൃശ്യഭംഗി കാണപ്പെട്ടു. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ഒന്ന് പിടിച്ചു നിർത്താൻ കഴിവുള്ള ദൃശ്യം. മഴയ്ക്കായി കാത്തിരിക്കുന്ന ഉണങ്ങിയ നിലവും, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളും, പൂത്തു നിൽക്കുന്ന വിവിധ വർണങ്ങളിലെ പൂക്കളുടെ കൃഷിയും കാഴ്ചയില്ലാത്തവരെ പോലും ആകർഷിക്കും.. നയന വിഭവങ്ങൾ കൊണ്ട് മനസിനെ കൊതിപ്പിച്ച കമ്പത്തിന്റെ രുചി അറിയാൻ നേരെ കമ്പം ലക്ഷ്യമാക്കി കുതിച്ചു..
വിളഞ്ഞു കുലകളായി കിടക്കുന്ന മുന്തിരിയുടെ സ്വാദും അറിഞ്ഞു കമ്പത്തിന്റെ ഗ്രാമവീഥിയിലൂടെ ഞങ്ങളുടെ പടകുതിരികൾ പാഞ്ഞു.. ദൂരെ മലനിരകളിൽ കണ്ട വെള്ളച്ചാട്ടമായിരുന്നു ലക്ഷ്യം,"സുരളി വാട്ടർ ഫാൾസ്". ഗ്രാമത്തിലൂടെ തന്നെയുള്ള യാത്ര പൂത്തു നിൽക്കുന്ന പാടവും നിറഞ്ഞൊഴുകുന്ന ചെറു തോടുകളും ,ദൂരെ മലമുകളിൽ നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും ഉച്ചവെയിലിന്റെ ചൂടിനെ പോലും കുളിർമയാക്കി. കാഴ്ചയിൽ മതിമറന്ന ഞങ്ങൾ സമയം പോയതെ അറിഞ്ഞില്ല.. ഉച്ചഭക്ഷണവും, വൈകുന്നേരത്തെ ഒരു ചെറു ചായയും ചേർത്ത് കഴിച്ച് ഇറങ്ങിയപ്പോൾ സമയം അഞ്ചുമണി . സമയം ഞങ്ങളെ ചതിച്ചതോ കമ്പത്തിന്റെ സൗന്ദര്യത്തിൽ ഞങ്ങൾ മതിമറന്നു പോയതോ ...അറിയില്ല.. 6 മണിക്ക് മുൻപ് ചെക്ക് പോസ്റ്റ് പിന്നിടുക അതായി അടുത്ത ലക്ഷ്യം. കമ്പം തേനി ഹൈവേയിൽ ചിന്നമണ്ണൂർ എന്ന സ്ഥലത്ത് നിന്നും വലത്ത് തിരിഞ്ഞ് വേണം നമ്മളെ കാത്തിരിക്കുന്ന മേഘമലയിൽ എത്താൻ.
വണ്ടികളിൽ ഇന്ധനം നിറച്ച് ഗിയറുകൾ 1,2,3.... ക്രമത്തിൽ ഓരോ വണ്ടികളും ഇട്ട് കൊണ്ട് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി ശരവേഗത്തിൽ കുതിച്ചു. റോഡ് നല്ലതായതിനാലും തിരക്ക് ഇല്ലാതിരുന്നതിനാലും സമയത്ത് തന്നെ എത്തി ചേർന്നു. വണ്ടി നമ്പർ, താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം എന്നിവ എഴുതി നൽകിയാൽ നമ്മുടെ സ്വപ്ന മലയിലേക്ക് ഉള്ള കവാടം തുറക്കുകയായി..
ഞങ്ങളോടൊപ്പം വാനത്തിൽ അമ്പിളയും ചെക്ക് പോസ്റ്റ് കടന്നിരുന്നു.. ചന്ദ്ര രാജാവിന്റെ അങ്കരക്ഷകരെ പോലെ 8 വണ്ടിയിൽ നിന്നും പ്രകാശം പരന്നപ്പോൾ സൂര്യൻ കോപത്താൽ ചുവന്നു തുടിച്ചു .. ഞങ്ങൾ മേഘങ്ങളിൽ എത്തുമെന്ന് മനസ്സിലാക്കിയത് ആക്കണം ദൂരെ മലനിരക്കൾകിടയിൽ സൂര്യൻ ഒളിച്ചു. ഹെർപിൻ വളവുകൾ പിന്നിട്ടു ഞങ്ങൾ താമസ സ്ഥലമായ അയ്യപ്പ ഗസ്റ്റ് ഹൗസ്സിൽ എത്തി .. യാത്രാ ക്ഷീണം ഒഴിവാകാൻ നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി..തുടർന്ന് രാത്രി ഭക്ഷണം എല്ലാം നിശ്ചയിച്ച പ്രകാരം തന്നെ .. തമാശകളും ,സംസാരവും,യാത്ര വിവരണവും ,അടുത്ത ദിവസത്തെ പ്ലാനിങ്ങുകളും എല്ലാം അവസാനിപ്പിച്ച് രാവിലെ നേരത്തെ എണീക്കണം എന്ന ലക്ഷ്യത്തോടെ സുഖ നിദ്ര.
അടുത്ത ദിവസം രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന ലക്ഷ്യത്തോടെ അലാറം വച്ചെങ്കിലും അത് അടിക്കുനേന്ന് മുന്നേ വാനര കൂട്ടം ഞങ്ങളെ എഴുന്നേൽപ്പിച്ചു..തണുപ്പ് അതി കഠിനമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ദൂരെ എങ്ങും മൂടൽമഞ്ഞു മാത്രം. എല്ലാവരും ഉണർന്നു വന്നപ്പോഴേക്കും നല്ല ചൂട് കട്ടൻ തയാറായിരുന്നു... കാട്ടനോടൊപ്പം മേഖമലയെ കുറിച്ച് വസന്ത് കുമാറിനോട് കൂടുതൽ അറിഞ്ഞു.. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു സൂര്യോദയം മുതൽ ഉള്ള കാഴ്ചകൾ നഷ്ടപ്പെടുത്താതെ ആസ്വദിക്കണം എന്നു തോന്നി ഞങ്ങൾ രാവിലെ തന്നെ യാത്ര തുടർന്നു ... ഉയരത്തിലേക്ക് എത്തുംതോറും മലനിരകൾക്ക് പ്രകാശം ഏറിവന്നു.. ദൂരെ ചെറുതും വലുതുമായ മലനിരകൾക്ക് ഇടയിലൂടെ സൂര്യൻ തന്റെ പൂർണ തേജസ്സോടെ ഉദിച്ചു വരുന്നു. ആ കാഴ്ച വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. പ്രശ്നങ്ങൾ കാരണം ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവർക്ക് ഈ കാഴ്ച ജീവിക്കാൻ ഒരു പ്രചോദനം ആക്കും . മേഘങ്ങളും ,മലനിരകളും ,മൂടൽമഞ്ഞും, ഇരുട്ടും എല്ലാം മാറി കടന്ന് ഉദിച്ചു വരുന്ന സൂര്യൻ. ആരേയും വീശി എറിയുന്ന കാറ്റ് ഇവിടെ മേഘങ്ങൾക്കും, മൂടൽമഞ്ഞിനും ശത്രു തന്നെ. അങ്ങനെ വീശിയടിച്ചകാറ്റിൽ ആരെയും മയക്കുന്ന ,വശീകരിക്കുന്ന മേഘമലയെന്ന സുന്ദരിയുടെ രൂപം ഞങ്ങൾ കണ്ടു... കുത്തനെയുള്ള മലനിരകൾ ആകാശത്തെ ചുംബിക്കുന്നു, സൂര്യൻ ആകാശത്തിൽ വർണങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്നു നിറയെ തേയില ചെടികൾ നിരയായി നിൽക്കുന്നു.. ചുറ്റോട് ചുറ്റും പച്ചിപ്പ്, നടുവിൽ നീല നിറത്തിൽ ആരും കാണാതെ പരന്നു കിടക്കുന്ന ജലാശയം . ചിത്രകാരന്റെ ഭാവനയിൽ മാത്രം കണ്ടിട്ടുള്ള ഒരു ചിത്രം നേരിൽ കണ്ടപ്പോൾ അത് കണ്ണുകൾക്കു വിശ്വസിക്കാൻ പറ്റാത്ത അനുഭവം ആയി. യാത്ര മുന്നോട്ട് പോകുമ്പോഴും കാഴ്ചകൾ ആശ്ചര്യപ്പെടുത്തി കൊണ്ടേ ഇരുന്നു.. ദൂരെ മല അടിവാരത്തിൽ തേയില കാടുകളിൽ വിഹരിക്കുന്ന കാട്ടനാകൂട്ടം മറ്റൊരു കാഴ്ച. കാഴ്ചകൾ തീരാത്ത ഗ്രാമം നഗരത്തിന്റെ തിരക്കുകൾ ഇല്ലാത്ത ശാന്തമായ അന്തരീക്ഷം, മനസ്സ് തുറന്നു ചിരിക്കുന്ന ആളുകൾ, പക്ഷിമൃഗാതികളോട് കൂട്ട് കൂടുന്ന ബാല്യം, അതിലെല്ലാം ഉപരി പ്രകൃതി എന്ന സുന്ദരി.....
മേഘമല.....💞
മേഘമലയാത്ര തികച്ചും വേറിട്ടൊരു അനുഭവം തന്നെയാണ് യാത്ര ഇഷ്ടപ്പെടുന്ന പ്രകൃതിയെ ഇഷ്ടപ്പെടുന്ന,സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും ധൈര്യമായി പോകാൻ കഴിയുന്ന ഒരു കൊച്ചു സ്വർഗ്ഗം..
തണ്ടർ സ്‌ട്രൈക്കേഴ്സ് കുടുംബത്തിൽ നിന്ന് ഈ യാത്രയിൽ സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്തവർ, പങ്കെടുത്ത പ്രിയപ്പെട്ട റൈഡേഴ്‌സ്_ അജോയ്, റിജോ,നിതിൻ,പ്രവീൺ, ഷിജു, സോണി, fr. തോമസ് എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും തുടർന്നുള്ള സഹകരണം പ്രതീക്ഷിച്ചും അടുത്ത യാത്രയ്ക്കയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട് .............
സുബിൻ ~