07/08/2019
എത്ര പശ്ചാതപിച്ചിട്ടും ഒഴിയാതെ പിന്തുടരുന്ന പാപ ഭാരം, നൂറ്റാണ്ടിന്റെ പഴക്കമുള്ള പകയുടെ തുടർച്ച അരങ്ങേറുന്ന എഡ്ബഗ്സ്റ്റേണിന്റെ പുൽ തകിടിയിലേക്ക് ഒരാണ്ടിനിപ്പുറം തനിക്ക് ഏറെ ഇഷ്ടപ്പെട്ട വെള്ള വസ്ത്രത്തിൽ നാലാമനായി അയാൾ ഇറങ്ങുമ്പോൾ ഹോളീസ് സ്റ്റാൻഡിനു തുടങ്ങിയ ഒരു ഇംഗ്ലീഷ് ഗാനം നിമിഷങ്ങൾ കൊണ്ട് അന്തരീക്ഷത്തിൽ നിറഞ്ഞു, അതിന്റെ അർത്ഥം ഇതായിരുന്നു , 'ചതിയാ നീ പൊട്ടി കരഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല'. കയ്യിൽ അയാൾ ചെയ്ത പാപത്തിന്റെ ചിഹ്‌നം ഉയർത്തി പിടിച്ചവർ ഒരേ സ്വരത്തിൽ പാടി 'ചതിയാ നിന്റെ കരച്ചിൽ ഞങ്ങൾ മറന്നിട്ടില്ല'. കൂകി വിളികളേയും കുത്ത് വാക്കുകളെയും അയാൾ അവഗണിച്ചിരിക്കണം, കാരണം തകർന്നടിയുന്ന പ്രതാപത്തിന്റെ കൊട്ടാരത്തിനെ താങ്ങി നിർത്തുന്ന തൂണാവാൻ അയാൾക്കെ കഴിയുമായിരുന്നുള്ളൂ .
സ്മിത്ത് ക്രീസിൽ എത്തുമ്പോൾ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു , കൂടെ നിന്നവരെല്ലാം കൂടാരം കയറാൻ മത്സരിക്കുന്നു, സ്റ്റുർട് ബ്രോഡും വോക്‌സും ഓസ്‌ട്രേലിയൻ നിരയുടെ പ്രതിരോധത്തിൽ തുടർച്ചയായി വിള്ളലുകൾ വീഴ്ത്തി ആസ്വദിക്കുകയായിരുന്നു, എന്നാൽ സ്മിത്തിന്റെ കാര്യത്തിൽ മാത്രം അവർക്ക് പിഴയ്ക്കുകയാണ്. തന്റെ പാഡിലേക്ക് അവരെ മോഹിപ്പിച്ചു പന്തെറിയിപ്പിച്ചു കബളിപ്പിച്ചു കൊണ്ടേയിരുന്നു സ്മിത്ത് , എത്രയൊക്കെ കബളിക്കപ്പെട്ടാലും lbw എന്ന മോഹത്തിൽ അവർ വീണ്ടും കബളിക്കപ്പെടാൻ തയ്യാറായിരുന്നു. 30 കളിൽ ഈ ടെസ്റ്റിലെ ഏറ്റവും വലിയ പരാജയമായിരുന്ന ജോയൽ വിൽസണിന്റെ മണ്ടൻ തീരുമാനത്തിൽ സ്മിത്തും കുടുങ്ങിയിരുന്നു ,ഭാഗ്യം, സാങ്കേതിക വിദ്യക്ക് നന്ദി.
ഹെഡും വാലറ്റത്ത് സിഡിലും നൽകിയ കൂട്ടൊഴിച്ചാൽ സ്മിത്ത് ആ 22 വാരയിൽ ഏകനായി പൊരുതുകയായിരുന്നു. 122-8 എന്ന നിലയിലേക്ക് പതിച്ച ഓസ്‌ട്രേലിയെ കൈ പിടിച്ചു ഉയർത്തിയതിൽ സിഡിലിന്റെ പ്രകടനം ഏറെ എടുത്ത് പറയേണ്ടതാണ്, സ്‌കോർ 210 ഇൽ നിൽക്കുമ്പോൾ സിഡിൽ പുറത്താവുന്നു , പിന്നീട് സ്മിത്ത് ഗിയർ മാറ്റുകയാണ് ഉണ്ടായത് , moen അലിയെ സിക്സർ പറത്തിയാണ് 98 ഇൽ എത്തുന്നത്, ശേഷം സ്റ്റോക്സിനെതിരെ ബൗണ്ടറിയിലൂടെ ശതകം തികയ്ക്കുന്നു, എങ്കിലും കൂകി വിളിയുടെ ശബ്ദത്തിനെ മറി കടക്കാൻ കയ്യടികൾക്ക് ആവുന്നില്ല , എന്നാൽ സ്മിത്തിനെ തളർത്താൻ ആ കൂകി വിളികൾക്കും ആവുന്നില്ല, അപകടം മണത്ത റൂട്ട് തന്റെ നിരയിലെ മികച്ചവരെ തന്നെ പന്ത് എല്പ്പിക്കുന്നു , 9 പേരെയും ബൗണ്ടറി ലൈനിനരികെ നിർത്തുന്നു എന്നാലും സ്മിത്തിന്റെ ബ്രില്ലിയൻസിനെ തളയ്ക്കാൻ ആവുന്നില്ല , ചുവന്ന പന്ത് പുല്ലുകൾക്ക് മീതെ ഒഴുകി ഫീല്ഡര്മാരെ കാഴ്ചക്കാരാക്കികൊണ്ട് വെള്ള വര തൊട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിലേറെയായി ആ ഫോർമാറ്റിൽ കളിക്കാത്തത്തിന്റെ പോരായ്മകളോ, ഈ കാലയളവിൽ അനുഭവിച്ച മാനസിക സമ്മർദത്തിന്റെ പാളിച്ചകളോ ആ ഇന്നിങ്സിൽ ദൃശ്യമായിരുന്നില്ല, അക്ഷരാർത്ഥത്തിൽ ഒരു പ്രൊ ഇന്നിംഗ്സ്. ഒടുവിൽ 144 റൺസ് നേടി വീഴുമ്പോൾ 284 എന്ന അഭിമാനത്തിൽ ഓസ്‌ട്രേലിയ അല്പം തല ഉയർത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലീഷ് നിര 94 റൺസിന്റെ അധിക ആധിപത്യം സ്ഥാപിക്കുന്നു , രണ്ടാമത് ക്രീസിലേക്ക് സ്മിത്ത് വരുമ്പോഴും ആദ്യ ഇന്നിങ്സിൽ നിന്ന് വിഭിന്നമായിരുന്നില്ല സാഹചര്യം, എന്നാൽ ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾക്കൊപ്പം ചിലരുണ്ടായി, ഖവാജയും, ഹെഡും, വേഡും വ്യക്തമായ പിന്തുണ സ്മിത്തിന് നല്കി, അല്ലെങ്കിൽ സ്മിത്ത് സ്ഥാപിച്ച ആധിപത്യം അവരുടെ ബാറ്റിങ്ങും എളുപ്പമാക്കി. ബ്രോഡിനെ എക്സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത് ഒരിക്കൽ കൂടി മൂന്നക്കം തൊട്ടപ്പോൾ കൂകി വിളികൾ മാഞ്ഞു, കരഘോഷം അന്തരീക്ഷത്തിൽ നിറഞ്ഞു, 25 ആം സെഞ്ച്വറി , അത് നേടാൻ എടുത്ത ഇന്നിംഗ്സുകളുടെ എണ്ണത്തിൽ ബ്രാഡ്മാന് മാത്രം പിന്നിൽ, ശേഷം 142 റൺസിന് അയാൾ മടങ്ങുമ്പോൾ കൂകി വിളിക്കാൻ ആരും ഉണ്ടായിരുന്നില്ല , സ്മിത്തിന്റെ കരയുന്ന മുഖം മൂടികൾ എവിടെയും കാണാനില്ല, സാൻഡ് പേപ്പർ ഉയർത്തി നിന്നവരെ കാണാനില്ല , തിങ്ങി നിറഞ്ഞ ഗാലറി അയാൾക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ചു കൊണ്ട് അഭിവാദ്യമർപ്പിച്ചു, അതെ സ്മിത്ത് ബാറ്റ് കൊണ്ട് നേടിയെടുത്ത ബഹുമാനം. ഇതിഹാസങ്ങളും മറ്റുള്ളവരും തമ്മിലുള്ള അന്തരമെന്തെന്നു കണ്ടറിഞ്ഞതിന്റെ ആവേശം ആ കയ്യടികൾക്കുണ്ടായിരുന്നു. ഒടുവിൽ ഇംഗ്ലീഷ് നിര 251 റൺസിന് അടിയറവ് പറഞ്ഞപ്പോൾ ലോകം അറിഞ്ഞിരിക്കണം വെള്ള ജഴ്സിയിലെ ഒരേ ഒരു രാജാവ് ആരെന്ന്, അതെ ഒരേ ഒരു രാജാവ് ❤️❤️❤️