22/12/2021
കളിയുടെ അമ്പതാം മിനിറ്റിൽ ജെസ്സൽ കാർനെയ്റോ പെനാൽറ്റി ബോക്‌സിൻ്റെ അറ്റത്ത് നിന്നും തൊടുത്ത ഒരു ഇടം കാലൻ ഷോട്ട് ചെന്നൈ ക്രോസ്സ് ബാറിനെ കിടിലം കൊള്ളിച്ചു. അത് പോലെ തന്നെ വിറക്കുകയായിരുന്നു പേരു കേട്ട ചെന്നൈ പ്രതിരോധനിര.
ആരാധകർ കാത്തിരുന്ന പോരാട്ട വീര്യം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത മത്സരം. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ് സി യെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ മഞ്ഞപ്പട, ഇന്ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന സതേൺ ഡെർബിയിൽ അതേ സ്കോറിന് ചെന്നൈയൻ എഫ്.സി യെ തകർത്തു. അൽവാരോ വാസ്‌ക്കസ്, പെരേര ഡയസ് എന്നിവരെ മുൻ നിരയിൽ നിർത്തി 4-4-2 ഫോമേഷനിൽ കളിച്ച ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ ആണ് കാഴ്ച്ച വെച്ചത്. മിഡ് ഫീൽഡിൽ എഡ്രിയൻ ലൂണയും, സഹൽ അബ്ദുൽ സമദും , തരം കിട്ടുമ്പോൾ വിങ്ങുകളിലൂടെ ഖാബ്രയും ജെസ്സലും ആക്രമണത്തിന് പിന്തുണയേകി. 14 ഷോട്ടുകളും അതിൽ 7 ഓൺ ടാർഗറ്റ് ഷോട്ടുകളും ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാഴ്ച്ച വെച്ചത്.
ഒമ്പതാം മിനിറ്റിൽ പൂട്ടിയ നൽകിയ ലോങ് ബോൾ, ഓഫ് സൈഡ് ട്രാപ്പിൽ പെടാതെ ഡയസ് വരുതിയിലാക്കി ഫാർ പോസ്റ്റിലേക്ക് ഒരു അത്യുഗ്രൻ വലം കാലൻ ഷോട്ട്. സ്കോർ 0-1. പുതിയ കോച്ചിന് കീഴിൽ, വിദേശ കളിക്കാരുടെ കൂടെ കളിച്ച്, വളരെ പക്വത വന്ന പ്രകടനം ആയിരുന്നു സഹലിൻ്റേത്. മുൻ സീസണുകളിൽ കണ്ടിരുന്ന അനാവശ്യ ഡ്രിബ്ലിംഗോ, പന്ത് കാലിൽ കിട്ടുമ്പോൾ ഉള്ള പരവേശമോ ഇല്ല. കൃത്യമായ പന്തടക്കവും, പാസിങ്ങും, ഓൺ ടാർഗറ്റ് ഷോട്ടുകളും. ഈ സീസൺ സഹൽ മിന്നും എന്നത് തീർച്ച. മൂന്നാം ഗോൾ എഡ്രിയൻ ലൂണ നേടി.
മനോഹരമായ വൺ ടച്ച് പാസുകളും, മധ്യ നിരയിൽ പന്തുമായി മുന്നേറുന്ന ചെന്നൈ പ്ലെയേഴ്‌സിൽ നിന്നുള്ള ബോൾ റിക്കവറികളും ചേർന്ന മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ഈ ജയത്തോടെ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ടീം, വരും മത്സരങ്ങളിലും ഇതേ പോരാട്ട വീര്യം നിലനിർത്തുമെന്ന് പ്രത്യാശിക്കാം..
ഇന്നത്തെ മത്സരത്തിലെ Yellow Ink Bright Star : എഡ്രിയൻ ലൂണ
Come on Blasters !!!