09/11/2022
നവംബർ 6 ഞായറാഴ്ച്ച എന്നത്തേക്കാളും നേരത്തേ എൻ്റെ പ്രിയതമ എഴുന്നേറ്റു... ഒന്നില്ലാത്ത ഒരു ആവേശവും ചുറ് ചുറുക്കും, കൂടാതെ എന്നത്തേക്കാളും ഭയങ്കര സന്തോഷവതിയായി ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ ചെയ്തു തീർക്കുകയും ചെയ്തിട്ട്. മൂത്ത മോളോടായി താൻ പോയി കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞ് മനസിലാക്കി കൊടുക്കുകയും , എൻ്റെ വസ്ത്രങ്ങൾ ഇസ്തിരി ഇട്ട് കുട്ടപ്പനാക്കി മാറ്റി വെച്ച ഇടം കാണിച്ച് കൊടുക്കുകയും അത് എനിക്ക് സമയമാകുമ്പോൾ എടുത്ത് കൊടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തു , പിന്നീട് തൻ്റെ പുന്നാര മുത്തുമണി കാമിൽ മോനെ ട്രസ്സ് മാറ്റിച്ചു കൊടുത്തു എവിടേക്കോ തിരക്കിട്ട് പോകാൻ തയ്യാറായി നിൽക്കുന്നതിനിടയിൽ എൻ്റെ അടുക്കൽ വന്ന് യാത്രക്ക് പോകാൻ ആവശ്യമായ പണം വാങ്ങി ഞങ്ങളോട് യാത്ര പറഞ്ഞു വെപ്രാളത്തോടു കൂടി യാത്രയായി.
ഇത് വായിക്കുമ്പോൾ നിങ്ങൾക്കും തോന്നും ഇതാണ് ഭാഗം ഒന്ന് എന്ന്... സോറി ഇത് ഞാൻ പറയാൻ പോകുന്ന കഥയുടെ അവസാന ഭാഗത്തിൻ്റെ തുടക്കമാണ് .കല്യാണം കഴിഞ്ഞ് നീണ്ട പതിനഞ്ച് വർഷങ്ങൾ കടന്നു പോയെങ്കിലും എൻ്റെ സ്നേഹനിധിയായ പ്രിയതമ ഇത്രക്കും ആവേശത്തോടും ആകാംശയോടു കൂടിയും ഇതുപോലെ ഒരു ദിനത്തെ കാത്തിരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല... ഒരു മാസം മുമ്പ് എൻ്റെ പ്രിയ സഹോദരൻ ശെഹീദ് വെള്ളയിലിൻ്റെ അനിയൻ സജീർ ഒരു കോൾ ചെയ്തു എന്നോട് ചോദിച്ചു , ഇക്ക സെറീന എൻ്റെ കൂടെ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ പത്ത് വരെ പഠിച്ചതാണ് , ഞങ്ങളുടെ ആ ബാച്ചിൽ പഠിച്ചിറങ്ങിയ ഭൂരിഭാഗം സുഹ്രത്തുകളുമായി ഞങ്ങൾ നല്ല ബന്ധം നിലനിർത്തി പോരുന്നുണ്ട്. പ്രയാസമില്ലെങ്കിൽ സെറീനയുടെ നമ്പർ ഒന്ന് തരാൻ പറ്റോ , അവളുടെ ആ കാലഘട്ടത്തിലെ പ്രിയ സുഹ്രത്തുക്കളായ മുംതാസും , അൻജുവും ഒരുപാട് നാളായി സെറീനയെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പറും തപ്പി നടക്കുന്നു. ഒറ്റവാക്കിൽ ഈ കാര്യങ്ങൾ ഒക്കെ സജീർ പറഞ്ഞപ്പോൾ തന്നെ കാര്യത്തിൻ്റെ ഗൗരവം എനിക്ക് മനസ്സിലായി .പരിപൂർണ്ണ സന്തോഷതോടെ അവളുട നമ്പർ ഞാൻ കൊടുത്തു. ഇതൊന്നും അറിയാതെ ഇരുന്ന സെറിയുടെ ഫോണിൽ മുംതസിൻ്റെയും , അൻജുവിൻ്റേയും കോളുകൾ വന്നപ്പോൾ അവൾക്കുണ്ടായ സന്തോഷം ഒരാൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് , എനിക്കും എൻ്റെ മക്കൾക്കും ആ അസുലഭ നിമിഷം നേരിട്ട് കാണാൻ സാധിച്ചു . സംസാരത്തിനിടയിൽ ചെറുതായി അവളുടെ കണ്ണുകൾ നനയുന്നതും ഞങ്ങൾ കാണുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിനകം തന്നെ അവളുട കൂടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലും സെറീനയെ ആഡ് ചെയ്തു. പിന്നീട് ഈ പ്രിയ സുഹ്രത്തുക്കളുടെ പഴയ കാല വീരകഥകൾ , അധ്യാപകരെ കുറിച്ചുള്ള ഒരു പാട് നല്ല ഓർമ്മകൾ എല്ലാം ഞങ്ങളോട് ഷെയർ ചെയ്തു. എന്തായാലും ഈ സമയങ്ങളിൽ അവളിൽ കണ്ട പോസറ്റീവ് വൈബ് എൻ്റെ കുടുംബത്തിൻ്റെ അകത്തളങ്ങളിലും അലയടിക്കാൻ തുടങ്ങി. അതിൽ ഞാനും എൻ്റെ മക്കളും നന്ദിയോടെ ഈ സുഹ്രത്തുക്കളെ ഓർക്കുന്നു.
പിന്നീട് നടന്നത് എല്ലാം പെട്ടന്നായിരുന്നു , ആറാം തിയതി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തൻ്റെ പഠനകാലത്തെ കുറിച്ചുള്ള ഓർമകൾ ഓർത്തെടുത്ത് കൂട്ടുകാരോടും , അധ്യാപകരോടും പങ്ക് വെച്ച് സംസാരിക്കുവാൻ ആവശ്യമായ മാറ്ററുകൾ ഓർത്തെടുത്ത് ഒരു മുത്ത് മാല കോർത്തെടുക്കുന്ന ലാഘവത്തോടെ അത് ചിട്ടപെടുത്തി കാണാതെ ഞങ്ങളോട് പറഞ്ഞ് തരികയും , തെറ്റ് കുറ്റങ്ങൾ തിരുത്തി മാറ്റി പറഞ്ഞ് വീണ്ടും ആവർത്തിച്ച് പറഞ്ഞ് പഠിക്കാൻ ശ്രമിക്കുന്ന സെറീനയെ കണ്ടപ്പോൾ ഞങ്ങൾക്ക് തന്നെ അഭിമാനം തോന്നിപ്പോയി. ഏതായാലും പരിപാടി നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെ നടന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ തൻ്റെ മക്കളോട് വിവരിച്ച് കൊടുക്കുന്ന എൻ്റെ സെറീനയെ കണ്ടപ്പോൾ , ഞാൻ കൊടുത്ത ഒരു ഫോൺ നമ്പറിൻ്റെ വില എന്താണെന്നും .അത് എൻ്റെ കുടുംബത്തിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങൾക്കുള്ള ഒരു തുടക്കമാണെന്നും മനസ്സിലായി...
അൽഹംദുലില്ലാ... എല്ലാ നല്ല കൂട്ടായ്മകൾക്കും നാഥൻ അർഹിച്ച പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ഇതു പോലെ എന്നും മറ്റുള്ളവർക്ക് മാത്രകയായി , എല്ലാവരുടേയും ഓർമ്മചെപ്പിൽ മധുരിക്കുന്ന നല്ല ഓർമകൾ ചികഞ്ഞെടുക്കാനും അത് പരസ്പരം പറഞ്ഞു സന്തോഷിക്കാനും ഈ കൂട്ടായ്മകൾ കാരണമാകട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു.
ജാസർ അറാഫത്ത്.