GopanNeeravil Counseling Psychologist

GopanNeeravil Counseling Psychologist Counseling Psychologist, Happiness Coach, Stand-up comedian, Writer. (memes and jokes)

കൗമാര കുതൂഹലങ്ങളിലൂടെ പിൻസഞ്ചാരം നടത്തിയാൽ ക്ലാവ് പിടിക്കാതെ അതേ തിളക്കത്തിൽ ചില്ലുകൂടുകളിലിരിക്കുന്ന ഓർമകളുണ്ട്. ഫസ്റ്റ...
03/09/2025

കൗമാര കുതൂഹലങ്ങളിലൂടെ പിൻസഞ്ചാരം നടത്തിയാൽ ക്ലാവ് പിടിക്കാതെ അതേ തിളക്കത്തിൽ ചില്ലുകൂടുകളിലിരിക്കുന്ന ഓർമകളുണ്ട്. ഫസ്റ്റ് പ്രീഡിഗ്രി കാലം... 1978... കോളേജ് തുടങ്ങി രണ്ടാം മാസം ഓണത്തിന് മുന്നോടിയായി പീരങ്കി മൈതാനത്തു ഭാരത് സർക്കസ് വന്നു. പട്ടണത്തിലൊക്കെ പരിചയമാവുന്നതേയുള്ളൂ,, കോളേജിന്റെ മുകളിലെ നിലയിൽ നിന്നാൽ ചെറിയ ടെൻ്റുകളിലേക്ക് സർക്കസ് വേഷത്തിൽ ആളുകൾ പോകുന്നതുംവരുന്നതുമൊക്കെ കാണാം. സിംഹത്തിന്റെയും കടുവയുടെയും അലർച്ചയും ഡ്രമ്മിൻ്റെയും സാക്സോഫോണിൻ്റെയും ജീപ്പിൻ്റെയും മരണക്കിണറിലെ ബൈക്കിൻ്റേയും ശബ്ദങ്ങൾ കേൾക്കാം. പണ്ട് മുതലേ സർക്കസ് വരുമ്പോൾ ഒരു ഫ്ലാഷ്ലൈറ്റ് ബീം നീരാവിലെ ഞങ്ങളുടെ തെങ്ങിൻ്റെയൊക്കെ മുകളിൽക്കൂടി ഇങ്ങനെ കറങ്ങി അടിച്ചു കൊണ്ടിരിക്കും. ചെറുതിലേ അത് ഞങ്ങളുടെ വീടുവരെ മാത്രമേ വരൂ എന്നാണ് കരുതിയിരുന്നത്. സർക്കസ് കാണുക എന്ന കടുത്ത ആഗ്രഹത്തെ ഗൃഹാന്തരീക്ഷം നിഷ്ക്കരുണം നുള്ളിക്കളഞ്ഞു. ആദ്യമായി ക്ലാസ് കട്ട് ചെയ്തത് സർക്കസ് കാണാനാണ്. സെക്കൻഡ് ഗ്രൂപ്പെടുത്ത് ഡോക്ടറാവുക എന്ന മോഹത്തിന്റെ ശവപ്പെട്ടിയിൽ അടിക്കപ്പെട്ട ആദ്യത്തെ ആണി. അതൊരു ഐശ്വര്യമുള്ള തുടക്കമായിരുന്നു. തുടർന്ന് തീയറ്ററിൽ നിന്ന് ഇടയ്ക്കൊക്കെ കട്ട് ചെയ്ത് ക്ലാസിലേക്ക് പോകുന്ന അവസ്ഥയിലേക്ക് വന്നു. 75 പൈസാ ടിക്കറ്റിൽ ഗ്യാലറിയിൽ ഇരുന്നാണ് സർക്കസ് കണ്ടത്. ആരെങ്കിലും കണ്ടിട്ട് വീട്ടിൽ പറയുമോ എന്ന ഭയമുണ്ടായിരുന്നു. എങ്കിലും ഭക്തിയോടെ കണ്ടാസ്വദിച്ചു. ഹൃദയം പ്രേമസുരഭിലമായി. അതിലെ മുംതാസ് എന്ന ട്രപ്പീസ് കളിക്കാരിയോട് കടുത്ത പ്രണയം തോന്നി. ഊണ് കഴിക്കാൻ വീട്ടിൽ നിന്നും ഒരു രൂപ തരുമായിരുന്നു എസ്.എൻ.കോളേജ് ക്യാൻ്റീനിൽ അന്ന് ഊണിന് 85 പൈസ. എന്തായാലും ഉച്ചപ്പട്ടിണിയിലും മുംതാസ് ഭാവനാ സാമ്രാജ്യത്തിലെ രാജകുമാരിയായി വിരാജിച്ചു. ഓണാവധി തുടങ്ങിയ ശനിയാഴ്ച തയ്ക്കാൻ കൊടുത്ത ഓണക്കോടി പാൻ്റും ഷർട്ടും വാങ്ങാനും തലമുടി വെട്ടിക്കാനുമൊക്കെയായി ടൗണിലേക്ക് പോകാൻ അനുമതിയായി. 32 ഇഞ്ച് ബെൽ ബോട്ടം പാന്റും വലിയ കോളറും ബെൽബോട്ടം ഹാഫ് സ്ലീവുമുള്ള ഷർട്ടും ആദ്യമായി വലിയ സമരങ്ങളിലൂടെ നേടിയെടുത്തതാണ് പിന്നെ മുടി സ്റ്റെപ് കട്ടിംഗ് രണ്ടാമതായും. ജിയാജീ സ്യൂട്ടിംഗ്സിൽ നിന്നുമാണ് അമ്മ തുണി വാങ്ങിത്തന്നത്. തയ്ക്കുന്നത് അക്കാലത്തെ ഏറ്റവും ഫാഷൻ തയ്യൽക്കടയായ കുങ്ഫൂ ടെയ്ലേഴ്സിൽ. ശങ്കേഴ്സ് ആശുപത്രി കഴിഞ്ഞ് ഏലിയാമ്മാമാത്യൂ പെട്രോൾ പമ്പിൻ്റെ വശത്ത് താഴെയായി ബ്രൂസ് ലീയുടെ ഒരു ചിത്രമൊക്കെ വരച്ചുവച്ച ഓടുമേഞ്ഞ കട. വലിയ ഫാഷനബിളായ, 'റ' മീശയൊക്കെയുള്ള, പ്രേം എന്നൊരാളാണ് മെയിൻ ടെയ്ലർ. വലിയ ഗൗരവമാണ്. ചുണ്ടിലെ സിഗരറ്റ് കൈകൊണ്ട് തൊടാതെയാണ് അളവെടുപ്പൊക്കെ. ചാരം തനിയെ വീഴുകയാണ്. തയ്ക്കാൻ കൊടുത്തപ്പോൾ കടപ്പാക്കടയുള്ള ഒരു സുഹൃത്താണ് കൂടെ വന്നത്. അവനോട് ചിരിച്ചുകൊണ്ട് പ്രിയയിലെ അമിതാഭ് ബച്ചൻ സിനിമ ത്രിശൂലിൻ്റെ കാര്യമൊക്കെ പറയുന്നുണ്ട്. ഒരു കാർഡിൽ നമ്മുടെ പേരെഴുതി ഒരു നമ്പരൊക്കെ ഇട്ട് തുണികളുടെ ചെറുകഷണങ്ങൾ സ്റ്റാപ്ലർ അടിച്ചു തന്നതൊക്കെ ആദ്യത്തെ അനുഭവം. ഷർട്ടിന് ഏഴു രൂപ പാൻ്റിന് 13 രൂപ. തയ്യൽക്കൂലി അങ്ങനെയാണെന്നാണ് ഓർമ. തുണി തയ്ച്ചത് വാങ്ങാൻ പോകുമ്പോൾ ചിന്നക്കടയിൽ വച്ച് സൈക്കിളിൽ വരുന്ന ലവനെ കണ്ടു. ലവന്റെ സൈക്കിളിന് പിന്നിലിരുന്നാണ് കുങ്ഫു വിലേക്ക് പോയത്. പ്രേം ഗൗരവത്തിൽ മൈൻ്റ്പോലും ചെയ്യുന്നില്ല. വേറൊരാൾ കാർഡ് വാങ്ങി നോക്കിയിട്ട് തുണി കണ്ടുപിടിച്ച് 'കുങ്ഫു ടെയ്ലേഴ്സ് ' എന്നെഴുതിയ കവറിലിട്ട് വീണ്ടും ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞു നൂലിട്ട് കെട്ടിത്തന്നു. അപ്പോൾ ലവൻ:- നമുക്ക് ഗ്രാൻഡിൽ പോയാലോ? മോർണിംഗ് ഷോ ഉണ്ട്. തച്ചോളി അമ്പു! മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം. ശിവാജി ഗണേശനൊക്കെ അഭിനയിക്കുന്നു. കയ്യിൽ വണ്ടിക്കൂലി കഴിഞ്ഞാൽ കൃത്യം അഞ്ചുരൂപ. സ്റ്റെപ്കട്ടിങ് ചെയ്യാനായി സമരം ചെയ്ത് നേടിയതാണ്. അതൊക്കെ ശരിയാക്കാം എന്ന് ലവൻ. അങ്ങനെ സിനിമയുടെ പ്രലോഭനത്തിന് മുന്നിൽ അടിയറവ്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് മോണിംഗ്ഷോ കാണാൻ പോകുന്നത്. ഗ്രാൻഡിൽ ഫസ്റ്റ് ഷോയും മാറ്റിനിയും വീട്ടുകാരോടൊപ്പം കണ്ടിട്ടുണ്ട്. ഫസ്റ്റ് ക്ലാസിന് മൂന്നു രൂപ. ലവൻ എൻ്റെ കയ്യിലെ 5 രൂപാ വാങ്ങിയിട്ട് രണ്ട് ടിക്കറ്റ് എടുത്തിട്ട് രണ്ട് രൂപ തിരികെ തന്നു. അന്ന് ഗ്രാൻ്റ് എയർകണ്ടീഷൻ ചെയ്തിട്ടില്ല. സ്ക്രീനിനൊക്കെ മാറ്റം വരുത്തിയെന്ന് തോന്നുന്നു. കർട്ടൻ നേരത്തെ പൊങ്ങി നിൽക്കുകയാണ്. കൊല്ലംകാരുടെ ആത്മാവിൽ അലിഞ്ഞുചേർന്ന, വെഞ്ച്വേഴ്സ് (Ventures) ഇൻസ്ട്രമെന്റൽ ബാന്റിന്റെ കർട്ടൻ പൊങ്ങുന്ന മ്യൂസിക് കേൾക്കാൻ പറ്റിയില്ല എന്നതിൽ ചെറിയ നിരാശ. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അടുത്ത പ്രശ്നം മുടിവെട്ടാൻ പൈസയില്ല. വീടിനടുത്തുള്ള കടയിലായിരുന്നെങ്കിൽ 60 പൈസ മതി. വീട്ടിൽ പട്ടാളഭരണം ആയതുകൊണ്ട് അതില്ലാതെ ചെല്ലാനും പറ്റില്ല. ലവൻ കാലുമാറി. കെഞ്ചി ചോദിച്ചിട്ടും തന്നില്ല. മനസ്സിൽ കടുത്ത സംഘർഷം. ഗ്രാൻഡ് ഓട്ടോമൊബൈൽസിന്റെ വശത്ത് കൂടി മെയിൻ റോഡിലേക്ക് കടക്കുന്ന ഒരു വഴിയുണ്ടായിരുന്നു. അവിടേക്കു നടന്നു. ലവൻ സൈക്കിളുരുട്ടി പിറകെ. എന്തുചെയ്യും എന്നറിയാത്ത ഒരുതരം മന്ദതയിൽ റോഡ് മുറിച്ചു കടക്കാൻ നോക്കുമ്പോൾ ഒരു കാർ വേഗതയിൽ വന്നു ചവിട്ടി തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിന്നു . ഒരു പച്ച ഫോക്സ്‌ വാഗൺ ബീറ്റിൽസ് കാർ. ഉപാസന ഹോസ്പിറ്റൽ സ്ഥാപിച്ച ഡോക്ടർ ഭാസ്കരനാണ്. അദ്ദേഹം എന്തോ വഴക്കു പറഞ്ഞു. വ്യക്തമായി കേട്ടില്ല ഒന്നും കേൾക്കില്ല അതാണ് അവസ്ഥ. അപ്പോഴാണ് അവിടെ ഒരു മിറക്കിൾ സംഭവിക്കുന്നത്. ഒരു കടലാസ് കഷണം കാറ്റിൽ ഉരുണ്ടു വന്ന് എൻറെ കാലിൽ തടഞ്ഞിരുന്നു. അത് കയ്യിലെടുത്തു 5 രൂപയുടെ ഒരു പച്ച നോട്ട്. തൊട്ടടുത്തെങ്ങും ആരുമില്ല. ലവനും കണ്ടില്ല. ലവനേയും വിളിച്ചു നേരെ കുമാർ തീയേറ്ററിന് പുറകു വശത്തുള്ള വഴിയിൽക്കൂടി എസ് എം പി പാലസ് റെയിൽവേ ഗേറ്റിന് എതിർവശം ബീച്ച് റോഡിലുള്ള ഇലക്ട്രിക് ഹെയർ കട്ടിംഗ് സലൂണിലേക്ക് പോയി. അതിനു മുൻപ് ഒരു പ്രാവശ്യം ആദ്യമായി അവിടെ പോയിട്ടുണ്ട് എക്സൽസിയറിൽ ട്യൂഷന് പോകുമ്പോൾ മുടി വെട്ടുന്ന ചേട്ടൻ പുറത്തുനിൽക്കുകയാണെങ്കിൽ പരിചയഭാവത്തിൽ ഒന്ന് ചിരിക്കുമായിരുന്നു. അവിടെ വേറൊരാളുടെ മുടി വെട്ടിക്കൊണ്ടിരിക്കുകയാണ് ലവൻ ഇപ്പവരാം എന്ന് പറഞ്ഞ് സൈക്കിളുമെടുത്തു പോയി കുറച്ചു കഴിഞ്ഞു തിരിച്ചുവരുമ്പോൾ എൻ്റെ തലഒരു വാഷ്ബെയ്സിനിൽ വച്ച് തലമുടി ഷാമ്പൂ കൊണ്ട് കഴുകുന്നു. മുടിവെട്ടിയതിന് ശേഷം ഹെയർ ഡ്രയർ അടിക്കുന്നതൊക്കെ ലവൻ കൗതുകത്തോടെ നോക്കുന്നത് കണ്ണാടിയിൽകൂടി കാണാം. കമൽഹാസൻ്റെ കണക്കെങ്ങാനും ആയോ എന്ന പ്രതീക്ഷയിൽ നമ്മളും കണ്ണാടിയിലിങ്ങനെ നോക്കിയിരിക്കുകയാണ്. മോശമില്ല! ആ 32 ഇഞ്ച് ബെൽബോട്ടവുമൊക്കെയിട്ടുകൊണ്ട് സർക്കസ് ഒന്നൂടെ കാണണം. മുംതാസ് ഇംപ്രസ്ഡ് ആവും. ട്രപ്പീസ് കളിക്കുമ്പോൾ മുകളിലിരുന്ന് നമ്മളെ കാണാമല്ലോ. ഉറപ്പായും പ്രണയത്തിലാവും. അന്ന് കടകളിൽ മിക്സിയിൽ ഫ്രൂട്ട് ജ്യൂസ് അടിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അത് അതുവരെ കഴിച്ചിട്ടില്ല. നല്ല വിശപ്പുമുണ്ട്. ക്ലോക് ടവറിന് മുന്നിൽ അന്നൊരു ബസ്സ്റ്റാൻഡ് ഉണ്ടായിരുന്നു. അവിടെയുള്ള കടയിൽ ചോദിച്ചു ഒരെണ്ണം 40 പൈസ. 2 രൂപ കയ്യിലുണ്ടല്ലോ ലവനും ഒരെണ്ണം വാങ്ങി കൊടുത്തു. സമയം മൂന്നു മണിയോളമായി അപ്പോൾ അവൻ "നീ ബീച്ചിൽ പോയിട്ടുണ്ടോ?" ഇല്ല! "നീ സൈക്കിൾ ചവിട്ടാമെങ്കിൽ നമുക്ക് പോകാം. വലിയ ദൂരമില്ല" എന്തായാലും ആഗ്രഹങ്ങൾ ഒന്നും ബാക്കി വയ്ക്കേണ്ട നേരെ ബീച്ചിലേക്ക് വച്ചുപിടിച്ചു. അമ്മയുടെ ഓഫീസ് ആ വഴിയിലാണ് പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ. ബീച്ചിന്റെ പ്രലോഭനത്തിൽ അതൊന്നും പ്രശ്നമാക്കിയില്ല. ചന്ദ്രികപ്പാലവും, ടെർമിനസ് തീയറ്ററും, പുള്ളിമാനുകൾ ഉള്ള പാർക്കും കടൽ തിരകളും അതുവരെ കാണാത്ത കാഴ്ചകൾ. നല്ല വെയിലത്ത് തിരകൾ കാലിൽ വന്നു തൊട്ടപ്പോൾ കരൾ വരെ കുളിർത്തു. അഞ്ചുമണിക്ക് മുൻപെങ്കിലും വീടെത്തണം എന്ന് പറഞ്ഞ് തിരികെ ചവുട്ടി. ലവന് ചിന്നക്കട ഓവർബ്രിഡ്ജ് കയറി പോകണമെന്ന് പറഞ്ഞപ്പോൾ വീണ്ടും ഗ്രാൻഡിനു മുന്നിലിറങ്ങി. വലിയൊരു ഞെട്ടലിലേക്കാണ് പിന്നീട് പോയത്. തയ്ച്ച തുണിയുടെ പൊതി നോക്കിയപ്പോൾ കാണുന്നില്ല. നേരത്തെ പോയ സ്ഥലങ്ങളിലെല്ലാം ചെന്ന് ചോദിച്ചു നോക്കി. ഇല്ല ആരും കണ്ടില്ല. ആർക്കും കിട്ടിയില്ല. ലോകം മൊത്തം കറങ്ങുന്നതു പോലെ തോന്നി. തലയിൽ കൈവച്ച് നിലത്തിരുന്നുപോയി. സമയമായി എന്നുപറഞ്ഞ് ലവൻ നമ്മളെ പെരുവഴിയിലുപേക്ഷിച്ചു സൈക്കിൾ ചവുട്ടി പോയി. ഗ്രാൻഡിനു മുൻപിലെ നടവഴിയിലിങ്ങനെ വിറങ്ങലിച്ച പോലെ നിൽക്കുകയാണ്. പ്രസ് ക്ലബ് മൈതാനത്തുള്ള കൈത്തറിനഗറിൽ നിന്ന് പരസ്യങ്ങളോടൊപ്പം മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ ഇടവാ ബഷീർക്കാ പാടിയ "ആഴിത്തിരമാലകൾ അഴകിൻ്റെ മാലകൾ" എന്ന പാട്ടു കേൾക്കുന്നു. കൈത്തറി പ്രദർശനം ആരംഭിച്ചതു മുതൽ ചിന്നക്കടവഴി പോകുമ്പോൾ ആ പാട്ട് വളരെ കൗതുകത്തോടെ കേൾക്കുമായിരുന്നു. ആകെ തളർന്നിരിക്കുന്ന അവസരത്തിൽ പാട്ടു കേട്ടാൽ ആർക്ക് സൗഖ്യം.? ആ പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ എന്തോ ഒരുതരം വിങ്ങൽ പോലെയുള്ള ഫീലിംഗ് വരാറുണ്ട്. ഇനിയും ഒന്നോരണ്ടോ നൂറു രൂപ നോട്ടുകൾ പറന്നു വന്ന് കാലിൽ വീണിരുന്നെങ്കിലെന്ന് ആശിച്ചു പോയി. മുംതാസിനെപോലും പാടേ മറന്നു. ഗ്രാന്റിന്റെ മുന്നിൽ നിന്ന് കൈത്തറി നഗറിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരമ്മ എട്ടോ പത്തോ വയസ്സുള്ള മകനുമായി രാധാസ് ടെക്സ്റ്റൈൽസിന്റെ കവറും, ചുരുട്ടിയ ഒരു കലണ്ടറുമായി നടന്നുപോകുന്നു. ചെറുക്കൻ ഇടയ്ക്കൊക്കെ കവറിൽ നിന്ന് തുണിയെടുത്ത് മണപ്പിക്കുന്നുണ്ട്. ആ സ്ത്രീ ഒരു തൊഴിലാളി ആയിരിക്കാം വർഷത്തിലൊരിക്കൽ കിട്ടുന്ന ആ പുത്തനുടുപ്പിൻ്റെ മണം! അത് കണ്ടപ്പോൾ അവൻ്റെ അതേ മനസ് എന്നിലും ഉണർന്നു. എൻ്റെ ഓണക്കോടി ഷർട്ടും പാൻ്റും ഒന്ന് മണത്തുനോക്കാൻ അതിയായ മോഹം തോന്നി. സന്ധ്യയാകാറായപ്പോൾ റോബോട്ടിനെ പോലെ വീട്ടിൽ വന്നുകയറി. കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു നിരതന്നെ ചാർത്തപ്പെട്ടു. പട്ടാള ഭരണത്തിൽ വിചാരണയൊന്നുമില്ല. ഏതു കുറ്റത്തിനും ക്യാപ്പിറ്റൽ പണിഷ്മെൻ്റിൻ്റെ തൊട്ടുമുമ്പുള്ള ഒരു ശിക്ഷയാണ് നടപ്പാക്കുക.. തുണി തയ്ച്ച് കിട്ടിയില്ലെന്ന് പറഞ്ഞു. അപ്പോൾ അതിൻ്റെ പൈസയെവിടെ? എന്നായി. ഓണം കഴിയുമ്പോ തയ്ച്ചു കിട്ടുമല്ലോ അപ്പോൾ കൊടുക്കണമല്ലോ എന്നൊക്കെ പറഞ്ഞുനിന്നു. വിശേഷിപ്പിക്കാൻപോലും പറ്റാത്തരീതിയിൽ മോശമായ ഒരു ഓണമായിരുന്നു അത്. എപ്പോഴും ചിന്തയിൽ മുഴുകി ഇങ്ങനെ ഇരിക്കും. ഓണം കഴിഞ്ഞാൽ എങ്ങിനെ? ചിന്തിച്ചിട്ട് ഒരു മാർഗവും കണ്ടില്ല. ദിവസങ്ങൾ നീങ്ങി. ഓണം കഴിഞ്ഞ് കോളേജിൽ ചെല്ലുമ്പോൾ എന്നെ കുങ്ഫൂ ടെയ്ലേഴ്സിൽ പരിചയപ്പെടുത്തിയ കടപ്പാക്കടയിലുള്ള സുഹൃത്ത് "നീ കുങ്ഫൂ ടെയിലേഴ്സിലേക്ക് അത്യാവശ്യമായി ഒന്ന് ചെല്ലണം" എന്ന് പറഞ്ഞു. എനിക്ക് എന്തിനാണണെന്ന് മനസ്സിലായില്ല. അവിടെ ചെല്ലുമ്പോൾ പ്രേം പഴയതുപോലെ ചുണ്ടിലെരിയുന്ന സിഗററ്റുമായി ഗൗരവത്തിൽ നിന്ന് തുണി വെട്ടുകയോ മറ്റോ ചെയ്യുന്നു. എന്നെ ശ്രദ്ധിക്കുന്നേയില്ല. കുറച്ചു നേരം കഴിഞ്ഞിട്ട് എന്നിലേക്ക് മുഖം തിരിച്ച് എന്താ എന്ന് മുഖം കൊണ്ട് ആംഗ്യം കാട്ടി. "വരാൻ പറഞ്ഞു " സുഹൃത്തിന്റെ പേര് പറഞ്ഞു. അത് ശരി! തുണി തയ്ച്ചാൽ എവിടെയെങ്കിലും കൊണ്ട് കളയും അല്ലേ? എനിക്ക് എന്തോ ഒരു പ്രതീക്ഷയുടെ തരിമ്പ് മനസ്സിൽ മുളച്ചു. അയാൾ ഒരു കവർ എടുത്ത് മുന്നിലേക്കിട്ടു. കളഞ്ഞുപോയ എൻ്റെ ഓണക്കോടി അതിൽനിന്നും പുറത്തേക്ക് കാണാമായിരുന്നു. "പ്രിൻസ് സ്നാക്ബാറിന്റെ അടുത്തുനിന്ന് ഒരാൾക്ക് കിട്ടിയതാണ്. ഇവിടുത്തെ അഡ്രസ്സ് കവറിൽ കണ്ടിട്ട് കൊണ്ടുവന്നതാണ്. ആളെ പരിചയമില്ല. ഇയാൾ മറ്റേ പയ്യൻ്റെ കൂടെ വന്നത് എനിക്ക് ഒരു ഓർമ്മയുണ്ടായിരുന്നു. അതുകൊണ്ട് അവനോട് പറഞ്ഞു വിട്ടതാണ്. വാക്കുകൾകൊണ്ട് വിശദീകരിക്കാൻ പറ്റാത്ത രീതിയിലുള്ള സന്തോഷം എന്നത് ഒരു ക്ലീഷേ ആണെങ്കിൽ അതിലും ഒരുപടി മുകളിലുള്ള സന്തോഷം ആ നിമിഷങ്ങളിൽ അനുഭവിച്ചു. പ്രേമിൻ്റെ കൈ മുത്താൻ തോന്നി . ഞാൻ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നും പറഞ്ഞ നന്ദിവാക്കുകൾ പോലും അയാൾ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി. അതവിടെ കൊണ്ടുകൊടുത്ത നല്ല ശമരിയാക്കാരനെ ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്. അതേ സ്ഥാനത്ത് എനിക്ക് കളഞ്ഞുകിട്ടിയ അഞ്ചുരൂപ ഞാൻ പോക്കറ്റിലാക്കിയല്ലോ എന്ന കുറ്റബോധവും കുറച്ചുനാൾ പിന്തുടർന്നു. സംഗതി ഞാൻ മുടിവെട്ടാൻ ഇരുന്ന സമയത്ത് ലവൻ ഞാനറിയാതെ നേരെ പ്രിൻസ് സ്നാക് ബാറിൽ പോയി ഒറ്റയ്ക്ക് പഫ്സും കോഫിയും കഴിച്ചപ്പോൾ അവിടെയെങ്ങാണ്ടോ സൈക്കിളിൽ നിന്നും വീണുപോയതാണ്. വർഷങ്ങൾക്കപ്പുറം ഒരേ തീവണ്ടിയിൽ പ്രതിദിനസഞ്ചാരികളായപ്പോൾ പുലർത്തിയ അപരിചിതഭാവങ്ങളിൽ മുംതാസിനെപ്പോലെ ലവനെയും ജീവിതവഴിയിൽ കളഞ്ഞുപോയി.

26/02/2025

ഒരു ചെറുപ്പക്കാരൻ കുടുംബത്തിലെ അടുത്ത ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തിയതും ഗുരുതരമായി പരിക്കേൽപ്പിച്ചതുമായ വാർത്ത സമകാലിക മനുഷ്യ മനസ്സാക്ഷിയെ എത്രമാത്രം തീവ്രമായി സ്പർശിച്ചു എന്നറിയില്ല. ഏതായാലും കുടുംബത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള കൂട്ടക്കൊലപാതകങ്ങൾ (familicide) വർദ്ധിച്ചുവരികയാണ്. മനശാസ്ത്ര വിശാരദരും ശാസ്ത്രീയകുറ്റാന്വേഷകരും സുലഭമായതുകൊണ്ട് കമ്പോട്കമ്പ് വിശകലനങ്ങളും നിഗമനങ്ങളും പഞ്ഞമില്ലാതെ തുടരുന്നുണ്ട്. എന്തായിരുന്നിരിക്കാം ഈ ക്രൂരകൃത്യത്തിനുള്ള അവൻ്റെ ആന്തരോദ്ദേശ്യം അല്ലെങ്കിൽ പ്രേരണ (motive)?
എന്തായിരുന്നിരിക്കാം അപ്പോൾ അവൻ്റെ മാനസികാവസ്ഥ? ഒരേ മനോനിലയിൽ എത്ര നേരം തുടർന്നു? തുടങ്ങി അനേക കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. മനുഷ്യമനസ്സ്, സാധാരണയായി കുടുംബവും സമൂഹവും സാഹചര്യങ്ങളും പഠിപ്പിച്ച ചട്ടങ്ങളിൽ മെരുങ്ങി അച്ചടക്കത്തിന്റെയും സാന്മാർഗികതയുടെയും കൂച്ചവിലങ്ങുകളാലും കാരക്കോലുകളാലും നിയന്ത്രിക്കപ്പെട്ട് സഞ്ചരിക്കുമ്പോൾ ചിലപ്പോഴെങ്കിലും അപ്രതീക്ഷിത മദംപൊട്ടലിൽ സകലതും തകർത്തെറിയാറുണ്ട്. മനോനില എന്നത് പലപ്പോഴം ബോധത്തിന്റെയും അബോധത്തിന്റെയും ഇടയ്ക്കുള്ള നൂൽപാല സഞ്ചാരമാണ്. പൊട്ടാൻ വളരെ എളുപ്പം. പൊട്ടിയാൽ അഗാധ ഗർത്തത്തിലേക്കുള്ള പതനം. അവിടെ സ്വയം നഷ്ടപ്പെടുന്നു. അഫാൻ എന്ന 23 കാരനെ ഇത്തരം ഒരു കൂട്ടക്കൊലയിലേക്ക് നയിച്ചതിൽ സങ്കീർണമായ നിരവധി കാരണങ്ങൾ കണ്ടേക്കാം. അത് മനശാസ്ത്രപരം, ജൈവശാസ്ത്രപരം, സാമൂഹികം, സാംസ്കാരികം കുടുംബപുരം അങ്ങനെ ഏതുമാകാം. Psychological disorders, mental health issues psychosis അഥവാ ചിത്ത വിഭ്രാന്തി, ചിത്തഭ്രമം, ഞരമ്പ് രോഗം, വിഷാദരോഗം, ആത്മഹത്യാചിന്ത വ്യക്തിത്വവൈകല്യം (personality disorder- narsisistic, border line and antisocial) empathy അഥവാ സഹാനുഭൂതി കുറവായ അവസാ, അമിതാവേശത്തിലുള്ള എടുത്തുചാട്ടം (impulsivity) സംഘർഷഭരിതമായ കുടുംബാന്തരീക്ഷം, ഒറ്റപ്പെടൽ, അന്യവൽക്കരണം, സാമ്പത്തിക പ്രശ്നങ്ങൾ, അസ്തിത്വ പ്രശ്നങ്ങൾ തലച്ചോറിന്റെ frontal lobe ൽ ഉള്ള കേടുപാടുകൾ, നിയന്ത്രിക്കാനാകാത്ത കോപം, ദ്വിമുഖചിന്ത അല്ലെങ്കിൽ ധ്രുവീകരിക്കപ്പെട്ട കറുപ്പും വെളുപ്പും ചിന്ത (black and white thinking) അതായത് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കൽ പുറത്ത് എന്നതുപോലെ. Schizophrenia അതിൽ തന്നെയുള്ള hallucination, delusions, paranoid - ദീർഘനാളായി കുടുംബത്തിലുള്ള അന്ത:ഛിദ്രങ്ങൾ, അടിച്ചമർത്തലുകൾ, പീഡനങ്ങൾ, ഒരു വിഭക്തമായ അവസ്ഥ അതായത് യാഥാർത്ഥ്യങ്ങളിൽ നിന്നകന്നുള്ള അതിഭ്രമാത്മകമായ , ചിന്തയിലും പ്രവർത്തിയിലും നിയന്ത്രണമില്ലാതെ വരുന്ന അവസ്ഥ (dissociative state) കടുത്തതും ദീർഘനാളായിട്ടുള്ളതുമായ മാനസികസമ്മർദ്ദം (prolonged stress) പ്രതികൂല സാഹചര്യങ്ങളിലുണ്ടാകുന്ന മാനസികാഘാതങ്ങൾ (trauma) മയക്കുമരുന്നിന്റെ ഉപയോഗം, വൈകാരിക അസ്ഥിരത (emotional instability) വൈകാരികമായ സ്വയം നിയന്ത്രണമില്ലായ്മ (lack of emotional regulation) ചെറിയ പ്രകോപനങ്ങൾക്ക്പോലും അങ്ങേയറ്റം അക്രമാസക്തമായി പ്രതികരിക്കുന്ന സ്വഭാവം (IED - intermittent explosive disorder) ഇത്തരം കാരണങ്ങളായിരിക്കാം അസ്ഥിത്വപരമായ നിരാശ കൊണ്ടോ (existential despair)ചില സമയങ്ങളിൽ കൃത്യത്തിന് ശേഷം കുറ്റബോധം (guilt) ഉണ്ടാകുന്നതുകൊണ്ടോ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാകാം. ഇവിടെ ഈ ചെറുപ്പക്കാരൻ കിലോമീറ്ററോളം സഞ്ചരിച്ച് പോയി കൊലകൾ നടത്തിയതായി കാണുന്നു. അതുകൊണ്ട് പ്രത്യേക സാഹചര്യത്തിൽ വികാര തള്ളിച്ച നിയന്ത്രിക്കാനാവാതെ എടുത്തുചാടി പ്രവർത്തിച്ചതല്ല എന്നും കാണാം പകരം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതുപോലെ (pre meditation.) നഷ്ടങ്ങളെക്കുറിച്ചുള്ള അമിത ഭയം, ഉൾക്കണ്ഠ, കടുത്ത നൈരാശ്യം, നടക്കാതെ പോകുന്ന മോഹങ്ങൾ സൃഷ്ടിക്കുന്ന അസന്തുഷ്ടി (fear of missing out (FOMO)). സാധാരണ FOMO യിൽ കടുത്ത നിരാശ, അസൂയ, അപകർഷത എന്നിവയേ ഉണ്ടാകൂ. ഇത്രയും ക്രൂരമായ കൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയില്ല. ഇയാളുടെ സ്വഭാവ രീതികൾ കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ, ജീവിത വീക്ഷണം, ഡയറിയോ കുറിപ്പുകളോ എഴുതുന്നുണ്ടെങ്കിൽ അവയെല്ലാം പരിശോധനകൾ നടത്തി അടുത്തിടപഴകുന്ന ആളുകളുമായി സംസാരിച്ചുമൊക്കെ മാത്രമേ കുറച്ചെങ്കിലുമൊക്കെ കാര്യങ്ങൾ അയാളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും ഒന്നോരണ്ടൗ അതിൽ കൂടുതലോ കാരണയിരിക്കാം. അല്ലെങ്കിൽ പല കാരണങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നതുമാകാം (Tangled web of multiple factors)

05/12/2024

നാലഞ്ചു വര്ഷം മുൻപുള്ള ഒരു ചെറിയ ഉദ്യമം മുഖപുസ്തകത്തിൽനിന്ന് പൊന്തി വന്നപ്പോൾ അതോടൊപ്പം മനസ്സിൽ കുഞ്ഞൻമോഹങ്ങളും മുളപൊട്ടി. എൺപതുകളിൽ, മിമിക്രി എന്ന കലാരൂപത്തിന്റെ ബാല്യകൗമാരങ്ങളിൽ ആ വഴിയൊക്കെ സഞ്ചരിക്കുകയും കുറച്ചു വേദികളും സർവകലാശാലാ യുവജനോത്സവങ്ങളിലുൾപ്പെടെ സമ്മാനങ്ങളൊക്കെ ലഭിക്കുകയും ചെയ്തതിനാൽ സിനിമയിലൊക്കെ കയറിപ്പറ്റും എന്ന് ചിലരെങ്കിലും കരുതിയിരുന്നു. അഭ്യുദയകാംക്ഷികളായ ചിലർ പില്ക്കാലത്ത് "ക്യാമ്പസ് കാലത്തെ കൈയ്യിലിരുപ്പുകൾ കണ്ടിട്ട് നിങ്ങൾ എവിടെയെങ്കിലുമൊക്കെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ട് ചെറിയൊരു റേഡിയോയിലെ പരിപാടികളുമായി നടക്കുന്നു. ശ്രമിച്ചില്ലേ മറ്റൊന്നും?" എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളിലെ സ്നേഹവും ആത്മാർത്ഥതയും വിലപ്പെട്ടതായി നെഞ്ചിൽ സ്വീകരിച്ചുകൊണ്ട് പറയട്ടെ. ശ്രമങ്ങൾ നടത്താതിരുന്നില്ല. ആഗ്രഹങ്ങൾ ദുർബലമായിരുന്നതാവാം അല്ലെങ്കിൽ ഒട്ടുംതന്നെ ഉള്ളിൽത്തട്ടിയതായിരുന്നില്ല. സ്വഭാവരീതികൊണ്ടുമാകാം. അപ്പപ്പോൾ സന്തോഷം കിട്ടുന്നതു ചെയ്യുക. കിട്ടിയതിലൊക്കെ സന്തോഷിക്കുകയോ ദുഖിക്കുകയോ ചെയ്യുക അതാണ് നമ്മുടെ രീതി.. കിട്ടാത്തതോ വരാത്തതോ നേടാത്തതോ അങ്ങനെയങ്ങ് നോവിക്കുന്നില്ലെന്നാണ് തോന്നുന്നത്. നിരാശയുണ്ടോ? എന്നു ചോദിച്ചാലും വിഷമം വരുന്ന രീതിയിലൊന്നുമില്ല എന്നുതന്നെ പറയാം. ആറാം ക്ലാസിൽ നീരാവിൽ സ്കൂളിൽ പഠിക്കുമ്പോൾ നാടകം രചന, സംവിധാനം, നിർമാണം, മേയ്ക്കപ്പ്, നായികാവേഷത്തിൽ (വീട്ടിലെ കൈലി, ബ്ലൗസ്, തോർത്ത്, കൺമഷി, തിരുപ്പൻ, കുട്ടിക്കുറാ പൗഡർ, കുപ്പിവള, ഒക്കെയണിഞ്ഞ കയർ തൊഴിലാളി സ്ത്രീ) അഭിനയിച്ചതിൽ തുടങ്ങി രണ്ടോ മൂന്നോ നാടകാനുഭവങ്ങളേയുള്ളൂ. സിനിമാ സംവിധായകനാകാൻ ചില ശ്രമങ്ങൾ നടത്താതിരുന്നില്ല. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഭരത് ഗോപിയുടെ ശിക്ഷണമൊക്കെ കിട്ടിയെങ്കിലും ആരോടും സംവിധാനത്തിനും അഭിനയത്തിനും അവസരം ചോദിക്കാനൊന്നും തുനിഞ്ഞില്ല. ചോദിച്ചിരുന്നെങ്കിൽ അത്രയെളുപ്പം കിട്ടുമോ എന്നുമറിയില്ല. അങ്ങിനെ എല്ലാമെടുത്ത് പരണത്തുവച്ചു.

വിവാഹശേഷം ഭാര്യ ശക്തമായ ഒരു കല്പന പുറപ്പെടുവിച്ചു. "സിനിമ, സീരിയൽ, നാടകം ഇവയിലൊന്നും അഭിനയിക്കാൻ പാടില്ല." അതെന്താ? "എനിക്കതിഷ്ടമില്ല. ഞാൻ കല്യാണം കഴിച്ചത് നടനെയല്ല; ഒരു ജീവനക്കാരനെയാണ്. അഭിനയമൊക്കെ വേണമായിരുന്നെങ്കിൽ നേരത്തേ പറയണമായിരുന്നു. എനിക്കിത് വേണ്ടായെന്ന് പറയാമായിരുന്നു." ഞാനും കേട്ട മാത്രയിൽ ഓകെ പറഞ്ഞു. കാരണം ഒരു വഴിപോ
ക്കൻ്റെ റോളുപോലും ആരും വിളിച്ചു തരാനില്ല. പിന്നെ ഞാനഭിനയിച്ചില്ല എന്നുവച്ച് എൻ്റെ പെറ്റതള്ളയൊഴിച്ച് ആർക്കും നഷ്ടബോധവുമുണ്ടാകില്ല. ( ഈ മിമിക്രിയൊക്കെയായി നടന്നതുകൊണ്ട് ഞാനും ഒരു സിൽമാനടനൊക്കെ ആകുമെന്ന് ആരാണ്ടെപ്പോലെ അമ്മയും വിശ്വസിച്ചിരുന്നു. അമ്മയ്ക്കറിയാവുന്ന, മുൻപ് എന്നോടൊപ്പം മിമിക്രി ചെയ്തിരുന്ന പലരും സിനിമയിൽ കയറി. അവരെയൊക്കെ സിനിമയിൽ കാണുമ്പോൾ " ഇവിടുത്തെയവനും ഇതുപോലെ സിനിമേല് വരണ്ടതാ. ലവള് സമ്മതിക്കത്തോണ്ടാ" എന്ന് പറയും. അപ്പോൾ ലവൾ " നേരത്തേ വിടാഞ്ഞതെന്ത്? ഞങ്ങടെ വീട്ടിൽ വന്നപ്പോൾ അതൊന്നും പറഞ്ഞില്ലല്ലോ? ഏതാണ്ട് മിമിക്രിയോ കുന്തമോ ഒക്കെ പണ്ടൊണ്ടാരുന്നു ഇപ്പഴതൊന്നുമില്ല എന്നല്ലേ പറഞ്ഞത്? ഇങ്ങനെ അഭിനയപ്രതിഭയാണെന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പോഴേ സലാം പറയുവാരുന്നല്ലോ." ) ത്യാഗോജ്ജ്വലമായ ഒരു ജീവിതപർവം അവിടെ ആരംഭിക്കുകയായി. പ്രേയസിക്കുവേണ്ടി രാജസിംഹാസനങ്ങൾ ഉപേക്ഷിച്ചവരുണ്ടാകാം. ഇപ്രകാരം ദാമ്പത്യത്തിനായി ഒരു താരസിംഹാസനം ഉപേക്ഷിച്ച ഒരാളായി ത്യാഗത്തിന്റെ മൂർത്തിമത് ഭാവമായി ഞാൻ വിരാജിച്ചു. "പൊണ്ടാട്ടി സൊന്നാ കേട്ടുക്കണം" എന്ന പ്രമാണത്തിൽ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് വലിയ പരിക്കുകൾ പറ്റാതെ ഇത്രടംവരെ എത്തി. എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഞാൻ ചെയ്തുപോരുന്ന എല്ലാ മണ്ടത്തരങ്ങൾക്കും പൊട്ടത്തരങ്ങൾക്കും അവൾ കട്ടയ്ക്ക് കൂടെ നിൽക്കാറുണ്ട് എന്നതാണ്. എട്ട് നിലയിൽ പൊട്ടിപ്പോയ എൻ്റെ ബിസിനസ് സംരംഭങ്ങൾ, സമയം നോക്കാതെ ഇന്നും തുടരുന്ന ചില സാംസ്കാരിക പ്രവർത്തനങ്ങൾ, സൗഹൃദക്കൂട്ടായ്മകൾ ഇതിലൊന്നും അവൾ യാതൊരു അസഹിഷ്ണുതയും കാട്ടിയിട്ടില്ല. ആവശ്യമില്ലാത്ത പരാതികൾ പറയാറുമില്ല. എന്നിട്ടുമെന്തേ ഈ അഭിനയകാര്യത്തിൽ? "എനിക്കിഷ്ടമല്ല അത്രതന്നെ!" നാട്ടിലിറങ്ങുന്ന സകല സിനിമയും കാണുന്ന സിനിമാ കുട്ടി എന്നവൾ പറയുമ്പോൾ അമ്മ പറയും " അതവന് അത്രയ്ക്കിഷ്ടമല്ലേ നീയല്ലേ ഇല്ലാതാക്കിയത്. മമ്മൂട്ടിയേം മോഹൻലാലിനേയും പോലൊക്കെ ആയില്ലേലും ആ സിദ്ധിക്കിനേം ജഗദീഷിനേം പോലൊക്കെ ആയേനേ." ഈ മൊതലിനെക്കുറിച്ചാണോ പറയുന്നതെന്ന മട്ടിൽ ഭാര്യയുടെ ഒരു നോട്ടമുണ്ട്. ഇതൊന്നും ഒരു കാര്യമല്ല. ഇറങ്ങിയിരുന്നെങ്കിൽ അമിതാഭ് ബച്ചന് ഭീഷണിയായേനെ നമ്മൾക്കതൊക്കെ ചീള്. കുടുംബം വിട്ടൊരു കളിവേണ്ട. അല്ലെങ്കിൽതന്നെ അവിടം കുടുംബത്തിൽ പിറന്നവർക്കെങ്ങും പറ്റിയ ഇടമല്ല എന്നൊക്കെ പറയാതെ പറഞ്ഞ് ഈ ത്യാഗിയിങ്ങനെ നെഞ്ചു വിരിച്ചു നിൽക്കും. പിന്നീട് മനഃശാസ്ത്രം പഠിച്ചു കഴിഞ്ഞപ്പോഴാണ് അമ്മ പലപ്പോഴും നമ്മുടെ ബാല്യകാല വീരശൂരത്വത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ പറയുന്ന ഒരു കാര്യം ഓർമയിൽ വന്നത്. "അവന് മൂന്ന് നാല് വയസൊക്കെ ഉള്ളപ്പോൾ സിനിമാ നടി ഷീലയെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ബഹളംവച്ച് തറയിലൊക്കെ കിടന്നുരുണ്ടു. " നിച്ച് ശീലേ കന്യാണം കയിക്കണേ....ഒരൂസം അയലത്തെ ഒരു ചേച്ചിയെ ശീലയാന്നും പറഞ്ഞ് കെട്ടിപ്പിടിച്ചു...ന്നാ വാ മ്മക്ക് കന്ന്യാണം കയിക്കാം." ഭാര്യ നോക്കിയപ്പോൾ നാലു വയസ്സില് ഇങ്ങനെ അപ്പോൾ ഇപ്പോഴെങ്ങിനെയായിരിക്കും? ആ ഭ്രമകല്പനകൾ അവളുടെ ഉപബോധമനസിൽ യാഥാർത്ഥ്യം പോലെ വികസിച്ചു വന്നു. ഇപ്പോഴും ഷീലയെ വല്ല പഴയ സിനിമയിലോ പാട്ടിലോ കണ്ടാൽ ഇഷ്ടമില്ലാത്ത പോലെ ഇരിക്കും. മോന് മൂന്ന് വയസ്സായപ്പോൾ അവന് മഞ്ചു'വാരികയെ' കല്യാണം കഴിക്കണം. 'തന്തേടെ മൊനല്ലേ വഷളത്തരമൊക്കെ അതുപോലെയുണ്ട്." എന്നൊക്കെ ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും മഞ്ജുവാര്യരെ അവൾക്കിഷ്ടമാണ്. സാധാരണ നടന്മാർക്ക് 'അമ്മ'യുടെ വിലക്കാണെങ്കിൽ എനിക്ക് ഭാര്യയുടെ വിലക്കായിരുന്നു. എന്തായാലും പെൻഷൻ പറ്റിയതിന് ശേഷം വിലക്കിൽ ഉപാധികളില്ലാതെ അയവ് പ്രഖ്യാപിച്ചിട്ടുണ്ട്. യഥേഷ്ടം ഏതു വേഷവും അഭിനയിക്കാം. "അനുവാദം കിട്ടിയാലങ്ങ് മറിക്കുവെന്നല്ലേ പറഞ്ഞത്. എന്നിട്ടിപ്പോൾ വർഷം അഞ്ചായല്ലോ ഒരു അടയ്ക്കാമരമായിട്ടുപോലും എങ്ങും അഭിനയിച്ചില്ലല്ലോ ആകെ വേഷംകെട്ടുന്നത് എൻ്റടുത്ത് മാത്രം. പോയി ചാൻസൊക്കെ ചോദിച്ചുവാങ്ങി അഭിനയിച്ചേച്ച് ഇങ്ങോട്ട് വന്നാ മതി. തള്ളേടെ പരാതീം തീരുവല്ലോ." പൊണ്ടാട്ടി സൊന്നാ....അപ്പോൾ സുഹൃത്തുക്കളേ അഭിനയിക്കാനുള്ള അവസരങ്ങൾ നേടിത്തന്ന് എൻ്റെ ഗൃഹാന്തരിക്ഷത്തിൽ സ്വച്ഛത പുനസ്ഥാപിക്കണമെന്ന് ഏവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

29/11/2024

ശാസ്ത്രീയകലകൾ ഗുരുമുഖത്തുനിന്ന് അഭ്യസിക്കാനുള്ള അവസരമോ അതിനുള്ള വാസനയോ കുറവായിരുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഒന്ന് സമ്മാനിതനായത് മിമിക്രിയിലാണ്. മിമിക്രി പരിശീലിപ്പിക്കാൻ സാധിക്കുന്നതല്ല. അവതരണത്തിനായി വ്യത്യസ്തതയുള്ള ഒരു ആശയമോ പ്രമേയമോ നൽകാമെന്നല്ലാതെ പഠിപ്പിച്ചെടുക്കാൻ കഴിയില്ല. മിമിക്രി ഒരു കലയാണോ? എന്ന ചോദ്യം ബുദ്ധിജീവികൾ പണ്ടുകാലം തൊട്ടേ ചോദിച്ചു ചോദിച്ച് ഒടുവിൽ ബുദ്ധിജീവി വർഗ്ഗത്തിൻ്റെ കുറ്റിയറ്റതേയുള്ളൂ. 1984-85 കാലംവരെ, കേരളാ യൂണിവേഴ്സിറ്റി എറണാകുളത്തിനപ്പുറം വരെ പരന്നു കിടന്ന സമയത്ത്, ശുദ്ധ സുന്ദരമായ ആശയങ്ങളും അനുകരണ പാടവവുമായി, സാധാരണ ഉച്ചഭാഷിണിയിൽ, അരണ്ട വെളിച്ചത്തിൽ നിന്ന് പ്രകടനം നടത്തി കയ്യടി വാങ്ങിയവരാണ് മിമിക്രിയെ യഥാർത്ഥത്തിൽ ജനകീയമാക്കിയത്. ടേപ്പ് റിക്കാർഡർപോലും സുലഭമല്ലാതിരുന്ന കാലത്ത്, വല്ലപ്പോഴും തിയേറ്ററിൽ കാണുന്ന സിനിമകളിലെ നടന്മാരുടെ ശബ്ദവും സംഭാഷണവും അതുപോലെ ഒപ്പിയെടുത്ത് അവതരിപ്പിച്ചവർ. അന്ന് യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടുന്ന ഇനം റേഡിയോയിൽ വരും. നാട്ടിലുള്ള മിമിക്രി കലാകാരന്മാരെല്ലാം അത് വേദികളിൽ അവതരിപ്പിക്കും. ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സദസ്സുകളായിരുന്നു. അചുംബിതങ്ങളായ ആശയങ്ങൾ അവിടെ വിടർന്നിരുന്നു. ഇന്ന് ടെലിവിഷനിൽ ഓടിത്തേഞ്ഞവയാണ് യൂത്ത് ഫെസ്റ്റിവലിൽ വരുന്നത്. സദസ്സുകളും ശുഷ്കം. എന്നാൽ ടെലിവിഷനിൽ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ അനുകരണപാടവം പ്രദർശിപ്പിക്കുന്ന കലാകാരന്മാർ യഥേഷ്ടംമുണ്ട്. ഈ സാഹചര്യത്തിൽ മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന മിററിംഗ് (mirroring ) എന്ന പ്രവർത്തനം എങ്ങിനെ മിമിക്രികലാകാരനെ സൃഷ്ടിക്കുന്നു എന്നത് ഒന്നപഗ്രഥനം ചെയ്യണമെന്ന് തോന്നി.

മിററിംഗ്(mirroring) എന്നാൽ അബോധത്തിൽ ഒരാൾ മറ്റൊരാളുടെ സ്വഭാവ രീതികൾ, ശബ്ദം, സംഭാഷണ രീതികൾ, ഭാവങ്ങൾ, ചലനങ്ങൾ, ശരീരഭാഷ, ചേഷ്ടകൾ തുടങ്ങി വൈകാരിക ഭാവങ്ങൾവരെ അനുകരിക്കുന്ന പ്രക്രിയയാണ്. മിറർ അഥവാ കണ്ണാടി മറ്റൊന്നിന്റെ പ്രതിബിംബത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ. മനുഷ്യർക്കിടയിലുള്ള പരസ്പരസംവാദങ്ങളുടേയും ആശയ വിനിമയത്തിന്റെയും അടിസ്ഥാന ശിലകളിൽ ഒന്നാണ് മിററിംഗ്. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടു പേരായാലും സംസാരിക്കുമ്പോൾ ഒരാൾ തല മുന്നോട്ടുചായ്ചാൽ മറ്റേ ആളും തല മുന്നോട്ടു ചായ്ക്കും. ഒരാൾ മുഖത്തേക്ക് നോക്കി ചിരിച്ചാൽ ഒട്ടും ബോധപൂർവ്വമല്ലാതെ ഒരു ചിരി നമ്മൾ മടക്കും. സന്തോഷവും സങ്കടവും വിശദീകരിക്കുമ്പോൾ കേൾവിക്കാരന്റെ പ്രതികരണ ശബ്ദത്തിന്റെ ടോണും വേഗതയും ആദ്യത്തെ ആളിന്റേതുമായി കൂടുതൽ സമാനതയിലാകുന്നു. ശബ്ദം താഴ്ത്തി ഒരാൾ സംസാരിക്കുമ്പോൾ കേൾക്കുന്ന ആളിന്റെ മൂളലുകൾ സമാന ടോണിലാകുന്നു. സിനിമ, നാടകം ഇവ കാണുമ്പോഴും കഥാപാത്രത്തിന്റെ വികാരപ്രകടനങ്ങളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും അബോധമായി കാഴ്ചക്കാരൻ അനുകരിക്കാറുണ്ട്. തൃശ്ശൂരിലോ, തിരുവനന്തപുരത്തോ കോഴിക്കോടോ രണ്ടു ദിവസം താമസിക്കുന്നയാൾക്ക് അവിടുത്തെ സംസാരരീതിയുടെ ചുവയുണ്ടാവുന്നത് കണ്ടിട്ടുണ്ടല്ലോ. ഒരു ഹാസ്യപരിപാടി കാണുമ്പോൾ അടുത്തിരിക്കുന്ന ആൾക്കാർ
ഉറക്കെ ചിരിച്ചാൽ എല്ലാവരും കൂട്ടച്ചിരിയാകും. കോമഡി പ്രോഗ്രാമുകൾക്ക് കൃത്രിമ ചിരി കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? നഴ്സറിയിൽ പോകുന്ന കുട്ടി ആദ്യ ദിവസം മുതൽ ടീച്ചറിനെ അനുകരിച്ചുതുടങ്ങുന്നു. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ കുറച്ചുനേരത്തേക്ക് നടക്കുന്നതും സംസാരിക്കുന്നതും ആ സിനിമയിലെ നായകനെ/നായികയെപ്പോലെയായിരിക്കും. നായകൻ/നായിക കരയുകയാണെങ്കിൽ കാഴ്ചക്കാരന്റെ കണ്ണുകൾ നിറയും. സസ്പെൻസ് രംഗങ്ങളിൽ കൺപുരികങ്ങൾ ഉയരുന്നതും വായ ചെറുതായി തുറന്നു വരുന്നതും ഒക്കെ മിറർ ന്യൂറോണിന്റെ പ്രവർത്തനമാണ്. തലച്ചോറിലെ പ്രത്യേകതരം കോശങ്ങളാണ് മിറർ ന്യൂറോണുകൾ. മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തികളുടെ ദർശനമാത്രയിൽ അവ ഉത്തേജിപ്പിക്കപ്പെടുന്നു. സഹാനുഭൂതി തുടങ്ങിയ പല വികാരങ്ങളും അനുഭവവേദ്യമാകുന്നതും മറ്റുള്ളവരെ നിരീക്ഷിച്ചുപഠിക്കുവാനും അനുകരിക്കുവാനും സഹായിക്കുന്നതും മിറർ ന്യൂറോണുകളാണ്. ആശയവിനിമയത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും അടിസ്ഥാനം ഈ വിധത്തിൽ മറ്റുള്ളവരുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും വികാരങ്ങളും ഗ്രഹിക്കുന്നതിലൂടെയാണ് സംഭവിക്കുന്നത്. തലച്ചോറിലെ Premotor Cortex, Inferior Parietal Lobule, Insula and Anterior Cingulate Cortex എന്നിവിടങ്ങളിൽ മിറർ ന്യൂറോണുകൾ സ്ഥിതി ചെയ്യുന്നു. രണ്ടു മനുഷ്യർ തമ്മിൽ മിറർ ന്യൂറോണുകളിലൂടെ അദൃശ്യമായ ഒരു പാലം സൃഷ്ടിക്കപ്പെടുന്നു. ഒരു മിമിക്രി കലാകാരൻ മറ്റുള്ളവരുടെ ശബ്ദ-രൂപ -ഭാവങ്ങൾ അതേപടി അനുകരിക്കുന്നതിന് തലച്ചോറിനെ സജ്ജമാക്കുന്നത് ഈ മിറർ ന്യൂറോണുകൾ ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ്. കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നവയെ അതേപടി പകർത്തപ്പെടുവാൻ(Copy-cat) ഇത് സഹായിക്കും. അതോടൊപ്പം ഉയർന്ന നിരീക്ഷണ പാടവവും വേണമെന്നേയുള്ളൂ. ഒരു മിമിക്രി കലാകാരൻ ഒരു നടൻറെ പ്രകടനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അയാളിലെ മിറർ ന്യൂറോണുകൾ പ്രവർത്തിക്കുന്നു. ചേഷ്ടകൾ (mannerisms) ശബ്ദം (voice modulation ) ചലനങ്ങൾ, ശരീര ഭാഷ, വികാര പ്രകടനങ്ങൾ, മുഖഭാവങ്ങൾ ഇവയൊക്കെ മിറർ ന്യൂറോണുകൾ സ്വാംശീകരണത്തിലൂടെ ഒപ്പിയെടുത്ത് നൽകുന്നു. സഹജമായ വാസനയും പരിശീലനവും കൂടിയാകുമ്പോൾ സൂക്ഷ്മഭാവങ്ങൾ പോലും അതേപടി അനുകരിക്കാൻ സാധിക്കുന്നു. ചാർലി ചാപ്ലിനെ അല്ലെങ്കിൽ മോഹൻലാലിനെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ശരീരചലനങ്ങളും മുഖഭാവങ്ങളും നിരീക്ഷിക്കപ്പെടുന്നു. മിറർ ന്യൂറോണുകൾ ഉത്തേജിതമായി അതിന് സഹായിക്കുന്നു. കാണികളിലും ഇതേ അവസ്ഥകൾ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് സാമ്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കപ്പെടുന്നു. അപ്പോൾ എല്ലാവരും മിമിക്രിക്കാരാണ്. പിന്നെ അത് കലയാകുന്നത് നിരീക്ഷണ പാടവവും, വാസനയും, പരിശീലനവും, തന്മയത്വവും അതിലെല്ലാമുപരി തികഞ്ഞ ഭാവനയും ഒത്തുചേരുമ്പോഴാണ്.

വളരെ ചെറിയ പ്രായത്തിൽ, അതായത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പാട്ട്കച്ചേരി "ജീവനോടെ"കേൾക്കാനിടയായത് വല്ലാത്...
20/11/2024

വളരെ ചെറിയ പ്രായത്തിൽ, അതായത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പാട്ട്കച്ചേരി "ജീവനോടെ"കേൾക്കാനിടയായത് വല്ലാത്തൊരു ലജ്ജയും സങ്കടവും അനുഭവിച്ചുകൊണ്ടാണ് ആ പരിപാടി നടക്കുന്ന സ്ഥലത്ത് നിൽക്കേണ്ടി വന്നത്. ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ഒരു പുരുഷാംഗനയായി വേഷമിട്ടുനിന്ന് ചമയവിളക്കെടുക്കുന്നു. നേർച്ചയാണ്, എതിരായി ചിന്തിച്ചാൽ ദോഷംകിട്ടുമെന്നൊക്കെ ഭയപ്പെടുത്തിയെങ്കിലും ഒരു പെൺകുട്ടിയുടെ വസ്ത്രം ധരിച്ചുനിൽക്കാൻ നിർബന്ധിതനായത് ആ പ്രായത്തിൽ വളരെ നാണവും സങ്കടവുമൊക്കെയുണ്ടാക്കി. ബന്ധുവീട്ടിൽ നിന്ന് വേഷമൊക്കെ ധരിച്ച് കുടുംബക്കാരെല്ലാവരുംചേർന്നിങ്ങനെ ആനയിച്ചു കൊണ്ടുവരുമ്പോൾ കടകളിൽ നിന്നൊക്കെ ആളുകൾ പെണ്ണേ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്. കുറേ ചാവാലി ചെക്കന്മാർ പുറകെ നടന്ന് കളിയാക്കുന്നു. അന്നേ തോന്നി ഒരു പെണ്ണാവുക എന്നത് എത്ര ബുദ്ധിമുട്ടാണ്? എന്തെല്ലാം നേരിടണം?. അങ്ങനെ തലകുനിച്ച് ഏറെ വിഷമത്തോടെ നടന്നു വരുമ്പോൾ അതുപോലെ വേഷമിട്ട് നിൽക്കുന്ന കുറേയധികം.'സ്ത്രീകളെ' കണ്ടു. ചിലരൊക്കെ മണലിൽ ഇങ്ങനെ കാലു നീട്ടിയിരുന്നു ബീഡി വലിക്കുന്നുണ്ട്. അവിടെ മുഴുവൻ ഇതുപോലെ വേഷമിട്ട ആണുങ്ങളാണെന്ന് കണ്ടപ്പോൾ കുറച്ചൊരു സമാധാനമൊക്കെയായി. അവിടുത്തെ സ്റ്റേജിൽ ഒരു പാട്ട് കച്ചേരി നടക്കുന്നു. റേഡിയോയിൽ ഉച്ചയ്ക്ക് കേൾക്കുന്ന കർണാടക സംഗീത പരിപാടി പോലെ തന്നെ തോന്നുന്നു. റേഡിയോയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് കേൾക്കുന്നത്. അല്പം വണ്ണമുള്ള, വലിയ പൊട്ടൊക്കെയിട്ട, ഒരു സ്ത്രീയാണ് നല്ല ഉച്ചസ്ഥായിയിൽ പാടുന്നത്. എം.എൽ.വസന്തകുമാരിയാണ് പാടുന്നതെന്ന് ആരോ പറഞ്ഞു. ആ പേര് എവിടെയോ കേട്ടിട്ടുണ്ട് . ഉച്ചയ്ക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിക്കാനായി വരുമ്പോൾ ചലച്ചിത്രഗാനം കേൾക്കുക എന്നതാണ് പ്രധാന താത്പര്യം. ചില ദിവസങ്ങളിൽ ഇപ്പോൾ കർണാടക സംഗീത പരിപാടി ശ്രീ. ചെമ്പൈ വൈദ്യനാഥർഭാഗവതർ പാടുന്നു. 'കരുണ ചെയ് വാനെന്ത് താമസം കൃഷ്ണാ'. ഇരയിമ്മൻ തമ്പി കൃതി, രാഗം യദുകുലകാംബോജി, ആദിതാളം. എന്നൊക്കെ കേൾക്കുമ്പോഴുണ്ടാകുന്ന ഒരുതരം നിരാശയിലുദിച്ച ദേഷ്യം. ഹൊ! എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ മുത്തയ്യ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, മുസിരി സുബ്രഹ്മണ്യ അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ജി.എൻ. ബാലസുബ്രഹ്മണ്യം, മധുരൈ മണി അയ്യർ, കെ.വി.നാരായണസ്വാമി, ലാൽഗുഡി ജയരാമൻ, ടിം.എൻ.കൃഷ്ണൻ, കാരൈക്കുടി മണി, ഉമയാൾപുരം ശിവരാമൻ, ദീക്ഷിതർ, പാപനാശം ശിവൻ, മിശ്രചാപ്പ്, ഖണ്ഡചാപ്പ് കുന്തം കൊടച്ചക്രം ഈ പേരൊക്കെ കേൾക്കുമ്പോൾ പെരുവിരലിൽനിന്ന് ഇങ്ങനെ പെരുത്തങ്ങ് കയറും. നീരാവിൽ എസ്.എൻ.ഡി.പി സ്കൂളിന്റെ കനകജൂബിലിയ്ക്ക് സാറമ്മാരൊക്കെ അഭിനയിച്ച നാടകം കാണാനായി വന്നപ്പോൾ കവിയൂർ.സി.കെ.രേവമ്മ അവിടെയിരുന്ന് തതരിനനാ പാടുന്നു. വെറുത്തുപോയി. കാലമിങ്ങനെ നീളത്തിലും വട്ടത്തിലും ഉരുണ്ടു. ശങ്കരാഭരണം എന്നൊരു സിനിമ വന്ന് ശാസ്ത്രീയസംഗീതത്തിൻ്റെ മഹത്വത്തെക്കുറിച്ച് ചെറുതായൊന്നു തൊടുത്തിവച്ചു. ശരിക്കും ഒരു ബാധകയറലായിരുന്നു പിന്നെ. യേശുദാസിന്റെ കച്ചേരി ആദ്യമായി കേട്ടപ്പോൾ കർണാടക സംഗീതം ആത്മാവിൽവരെ കയറി തൊട്ടുകളഞ്ഞു. 'ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായി മാറി' എന്ന് ബൈബിളിൽ പറഞ്ഞതുപോലെ ഏറെ വെറുത്തിരുന്ന ഒരു കാര്യം ഏറ്റവും ഇഷ്ടമുള്ളതായി മാറുന്നു. മുകളിൽ പരാമർശിച്ച പേരുകൾ കൂടുതൽ നെഞ്ചോട് ചേർന്നു. മഹാരാജപുരം സന്താനം, മധുര സോമസുന്ദരം, മധുരൈ.ടി.എൻ.ശേഷഗോപാൽ ഈ പേരുകളുമൊക്കെ ചേർന്ന് പിന്നയങ്ങ് നിത്യവും ഉത്സവമായിരുന്നു. സകലരുടെയും കാസറ്റുകൾ, എൽ.പി.റിക്കാർഡുകൾ. സംസ്ഥാനത്തിന് പുറത്തുപോയിവരെ സംഗീതോത്സവങ്ങളിൽ ആസ്വാദകനായി. കുന്നക്കുടി വൈദ്യനാഥനേയും വളയപ്പെട്ടിയേയും ജില്ലകൾ കടന്നുപോയിവരെ ആവോളം കോരിക്കുടിച്ചു. ജ്ഞാനവും സഹൃദയത്വവുമുള്ള പലരുമായുള്ള സൗഹൃദം കൂടുതൽ അടുത്തേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. മായാമാളവഗൗള ഒഴികെ ഒരു രാഗത്തിൻ്റെയും ആരോഹണാവരോഹണങ്ങളറിയില്ല. ആദി താളമൊഴികെ വേറൊരു താളം തിരിച്ചറിയില്ല. സ്വരവൈവിദ്ധ്യങ്ങളറിയില്ല. പ്രതിമദ്ധ്യമവും, കാകളിനിഷാദവും അന്തരഗാന്ധാരവും, ചതുശ്രുതിധൈവതവും വേർതിരിച്ചറിയില്ല. ഒരിയ്ക്കൽ ഒരു ഗാനഭൂഷണം അരയ്ക്കാൽപണ്ഡിതൻ സുഹൃത്തുമായിരുന്ന് ഒരു പ്രതിഭയുടെ കച്ചേരി കേൾക്കുകയാണ്. ഗാനഭൂഷണമങ്ങ് കൈപൊക്കി തുടയിലടിച്ച് പൊട്ടാസ് പൊട്ടിക്കുകയാണ്. എന്നിട്ട് ശാന്തമായിരുന്ന് ആസ്വദിക്കുന്ന നമ്മളോടൊരു ചോദ്യം "ഇതേതു രാഗമാണെന്ന് പറയാമോ? അറിയില്ല. പാടുന്നത് വർണമാണോ കീർത്തനമാണോ എന്നുപോലുമറിയില്ല. അതൊക്കെ അറിയാതെയാണോ കച്ചേരി കേൾക്കാൻ വരുന്നത്? നല്ല പാട്ടുകാരൻ പാടുമ്പോൾ എൻ്റെ കർണങ്ങളിൽ അത് അമൃതാകുന്നു. ഹൃദയവുമായി ശ്രുതി ചേരുന്നു. പഞ്ചനടകളിൽ വന്ന് എൻ്റെ ഹൃദയതാളത്തോട് അഭിരമിക്കുന്നു. ലോകത്തെ ഏതു സംഗീതവുമാസ്വദിക്കാൻ എനിക്കെന്റെ ഹൃദയത്തിന്റെ ശിക്ഷണം മതി. ഇതൊന്നും അയാൾക്ക് ഇപ്പോഴും ദഹിച്ചിട്ടില്ല. മനോഹരകവിതയിൽ കേകയും കാകളിയും സ്രഗ്ദ്ധരയും തിരയുന്ന വിരസനായ മലയാളം മുൻഷിയെപ്പോലെ അയാളിങ്ങനെ ശാസ്ത്രീയസംഗീതമത്സരങ്ങളിൽ വിധിയെഴുതിക്കൊണ്ടിരിക്കുന്നു.

പിന്നെ ഇത്രയും രാഗവിസ്താരമെന്തിന്? കാര്യത്തിലേക്ക് കടക്കാം. സൂര്യാ ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം സുധാരഘുനാഥിൻ്റെ കച്ചേരിയായിരുന്നു. സി.ഡികളിലും യൂറ്റ്യൂബിലുമൊക്കെ മാത്രമേ കേട്ടുമുട്ടിയിട്ടുള്ളൂ. സാക്ഷാൽ എം.എൽ.വസന്തകുമാരിയുടെ നേർശിഷ്യ. അവരോടൊപ്പം വളരെ ചെറിയ പ്രായത്തിൽ കച്ചേരികളിൽ പങ്കാളിയായി. ഇന്ന് ലെജൻ്റ് എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ ഔന്നത്യമുണ്ട്. പത്മശ്രീയും പത്മഭൂഷണുമുൾപ്പെടെ അവർ നേടിയ നൂറുകണക്കിന് പുരസ്കാരങ്ങൾ, യു.എൻ.ഉൾപ്പെടെ ലോകത്തെ വിവിധ വേദികൾ. വലിയൊരു പാരമ്പര്യത്തിലൂന്നി നിന്നിട്ട് സ്വന്തം ശൈലിയിലേക്കുള്ള മനോഹരമായ സംക്രമണം. അങ്ങനെ പേജുകളോളം വിശദീകരിക്കാൻതക്ക രീതിയിലുള്ള കലാസപര്യയെ ശ്ലോകത്തിൽ കഴിക്കാനുള്ള ഉദ്യമമൊട്ടുമില്ല. ബോംബേ ജയശ്രീ, നിത്യശ്രീ മഹാദേവൻ, അരുണാ സായിറാം, ബോംബേസിസ്റ്റേഴ്സ്, രഞ്ജിനി ഗായത്രിമാർ, സൗമ്യ, ടിം.എം.കൃഷ്ണ, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങി അഭിഷേക് രഘുറാം വരെയുള്ള കർണാടകസംഗീതസരിത്തുകളെ പലവട്ടം കേട്ടിരിക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും സുധാരഘുനാഥ് മാത്രം വഴുതിപ്പൊയ്ക്കൊണ്ടിരുന്നു. സൂര്യഫെസ്റ്റിവലിൽപ്പോലും അവർ വരുന്നെങ്കിൽ നമ്മൾക്ക് പോകാൻ പറ്റാതെ വരും. കഴിഞ്ഞവർഷം എന്തായാലും പോകുമെന്നുറപ്പിച്ചപ്പോൾ സുഖമില്ലാത്തിനാൽ അവരെത്തിയില്ല. വലിയ സിനിമാതാരങ്ങളുടെ നൃത്തമൊക്കെ നടക്കുന്നുണ്ടെങ്കിലും കച്ചേരികൾക്ക് മാത്രമേ സൂര്യയിൽ പോകാറുള്ളൂ. കൊല്ലത്ത് നിന്നും പോയി പരിപാടി കണ്ടിട്ടു തിരികെ വരാൻ ഏറെ ബുദ്ധിമുട്ടാണ്. ഒരു ദീർഘകാലമോഹത്തിൻ്റെ സാക്ഷാത്കാരമായിരുന്നു. രണ്ടു മണിക്കൂർ നേരം സുധാരഘുനാഥൻ പൊഴിച്ച രാഗസുധാസാഗരത്തിലാറാടാൻ കഴിഞ്ഞു. കൂടെ പ്രിയപ്പെട്ടവൻ നാസർ പള്ളിപ്പുറം. വസന്തരാഗത്തിലെ വർണത്തിൽ തുടങ്ങി മംഗളംവരെ അത്യാഢംബരങ്ങില്ലാതെ, ഗിമ്മിക്കുകളില്ലാതെ ശുദ്ധസംഗീതത്തിൻ്റെ അലയൊലി മാത്രമായി രണ്ടു മണിക്കൂർ. എല്ലാം മറന്ന് ലയിച്ചിരുന്ന് ആസ്വദിച്ചു. രാഗം,താനം, പല്ലവിയിലും രാഗമാലികകളിലുംകൂടിയൊക്കെ നമ്മളും ഒഴുകിനടന്നു. ആറ്റുകാൽ ബാലസുബ്രഹ്മണ്യവും(വയലിൻ) പാലക്കാട് മഹേഷും(മൃദംഗം) ആദിച്ചനല്ലൂർ അനിൽകുമാറും(ഘടം) സുഖദവും നിയന്ത്രിതവുമായ പക്കമൊരുക്കി. രാഗമഴ പെയ്തൊഴിഞ്ഞുകഴിഞ്ഞ് സംഗീതപ്രതിഭകളോട് അല്പം കുശലം പറയാനും സാധ്യമായി. അവരുടെ സംഗീതം പോലെ മധുരമായ പെരുമാറ്റം.

Address

Bhageshri, Mulackal, Thanalidom 18, Neeravil, Perinad. P. O
Kollam
691601

Website

Alerts

Be the first to know and let us send you an email when GopanNeeravil Counseling Psychologist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category