30/08/2019
*ട്രാവൻകൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർക്ക് സംഭവിക്കുന്നതെന്ത്?*
കേരളത്തിലെ ഏതൊരു മെഡിക്കൽ വിദ്യാർത്ഥിയെയും പോലെതന്നെ എൻട്രൻസ് പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് വാങ്ങി, ഗവണ്മെന്റ് നിശ്ചയിക്കുന്ന ഫീസും നൽകി, കുഹാസിന്റെ നിർദ്ദേശമനുസരിച്ചുള്ള സിലബസ് പഠിച്ചു, ഒരേ ഫൈനൽ ഇയർ എക്സാമുകൾ പാസ്സ് ആയി, ഒരേ തരം ജോലികൾ ചെയ്ത് പരിശീലനം നേടാനുള്ള ഹൗസ് സർജൻസി കാലഘട്ടത്തിലേക്ക് എത്തുന്ന പ്രൈവറ്റ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ, എന്തുകൊണ്ടാണ് സ്റ്റൈപ്പൻഡിന്റെ കാര്യം വരുമ്പോൾ മാത്രം രണ്ടാം തരക്കാരായി പോകുന്നത്?
മറ്റേതൊരു പ്രൈവറ്റ് മെഡിക്കൽ കോളേജിലും നടക്കുന്നതൊക്കെ തന്നെയല്ലേ ഇത് എന്നു പറഞ്ഞ് പുച്ഛിക്കാൻ തുടങ്ങുന്നവരോട് ഞങ്ങൾക്ക് ചോദിക്കാനുള്ളതും അതു തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെ? എന്തുകൊണ്ടിത് ചോദ്യം ചെയ്യപ്പെടുന്നില്ല? എന്തുകൊണ്ടിതിനൊരു മാറ്റം വരുന്നില്ല?
2019 ഏപ്രിൽ മാസം ഒന്നാം തീയതി ഞങ്ങളുടെ (CRRI 2019-2020) ഹൗസ് സർജൻസി തുടങ്ങിയത് മുതൽ രാപ്പകൽ ഭേദമില്ലാതെ 24ഉം 48ഉം മണിക്കൂറുകൾ, ചിലയിടത്ത് ഒരാഴ്ച്ച മുഴുവനും, പരിശീലനത്തിന്റെ ഭാഗം എന്നപേരിൽ ഡോക്ടർമാരുടെയും നഴ്സ്മാരുടെയും പണിമുഴുവൻ ചെയ്യേണ്ടി വരുമ്പോൾ, കുളിയും ഭക്ഷണവുമൊക്കെ അസമയത്തേക്ക് മാറ്റിവെക്കേണ്ടി വരുമ്പോൾ, സ്വാഭാവികമായി ഞങ്ങൾക്ക് കിട്ടേണ്ട സ്റ്റൈപ്പൻഡ് കിട്ടണം എന്നു ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും അണ്-എത്തിക്കൽ ആയിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഒരു എം.ബി.ബി.എസ്-കാരൻ തന്റെ പരിശീലന കാലഘട്ടത്തിൽ ചെയ്യേണ്ട ജോലികളായ രോഗികളുമായി അടുത്ത് ഇടപഴകൽ, കാനുലേഷൻ, കത്തീറ്ററയ്സേഷൻ പോലുള്ളവ, സർജറി അസിസ്റ്റിംഗ്, സ്യൂച്ചറിങ് തുടങ്ങിയവക്ക് പകരമായി ഞങ്ങൾ ചെയ്യാൻ നിർബന്ധിതരായിക്കൊണ്ടിരിക്കുന്നത്, EMR ടൈപ്പിംഗ് (വെറും സ്റ്റെനോ- പണി), ഡിസ്ചാർജ് സമ്മറി അടിച്ചുകൊടുക്കൽ, NABH നു വേണ്ടിയുള്ള ഫയലുകൾ ഫിൽ ചെയ്ത്കൊടുക്കൽ, ലാബിൽ നിന്നും ടെസ്റ്റ് റിസൾട്ടും മറ്റും കളക്ട് ചെയ്ത് കൊടുക്കൽ ഒക്കെയാണ്. ഇതൊക്കെ ഞങ്ങൾ പഠിക്കാൻ വേണ്ടിയാണെന്ന് മാത്രം വാദിക്കരുത്. കാരണം, ഈ ജോലികളൊക്കെ വെറുതെ യാന്ത്രികമായി ചെയ്യാനെ നിർവാഹമുള്ളു. ഇതൊക്കെ കഴിഞ്ഞിട്ട് മറ്റുള്ളവ പഠിക്കാനുള്ള സമയവുമില്ല.
ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പോലെ 25000 രൂപ സ്റ്റൈപ്പൻഡായി വേണമെന്നൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പക്ഷെ, ചെയ്യുന്ന ജോലിക്കുള്ളത് കിട്ടിയേ മതിയാവൂ. ഈ ആവശ്യവുമായി ഏപ്രിൽ ഒന്നു മുതൽ ഞങ്ങൾ നിരന്തരം മനേജ്മെന്റിനെയും അഡ്മിനിസ്ട്രേഷനെയും സമീപിക്കുകയും, 'നിങ്ങൾക്ക് സ്റ്റൈപ്പൻഡേ തരാൻ നിർവാഹമില്ല' എന്ന രീതിയിലുള്ള പ്രതികരണത്തിൽ പ്രതിഷേധിച്ച് ഞങ്ങൾ 2019 ജൂണ് 27നു ഒരു സൂചന പണിമുടക്ക് നടത്തുകയും, ഇടക്കാല ആശ്വാസം എന്ന രീതിയിൽ 15000 രൂപ (മൂന്ന് മാസത്തിനു ശേഷം) ഓരോരുത്തർക്കും അക്കൗണ്ടിൽ നൽകുകയും ചെയ്യുകയുണ്ടായി. അപ്പോഴും, സ്റ്റൈപ്പൻഡ് എത്രയാണെന്നോ എന്നുമുതൽ കൃത്യമായി തന്നു തുടങ്ങുമെന്നോ ഒരു തീരുമാനം ആയിട്ടില്ലായിരുന്നു.
ഞങ്ങൾക്ക് ഗുണമുള്ള തീരുമാനം തന്നെ ഉണ്ടാവും എന്ന മാനേജ്‌മെന്റിന്റെ വാക്കിൽ പ്രതീക്ഷയർപ്പിച്ചു പിന്നെയും രണ്ടു മാസത്തോളം സ്റ്റൈപ്പൻഡില്ലാതെ പണിയെടുത്ത ഞങ്ങൾക്ക് മുന്നിൽ അവർ വെച്ചുനീട്ടിയ തീരുമാനം, ഇതിന് മുൻപുള്ള ബാച്ചിനു നല്കിയിരുന്ന 9750/- (325/day) രൂപയിൽ നിന്നും കുത്തനെ കുറച്ച് 5750/- (190/day) രൂപയാക്കി എന്നതാണ്. അതിനു അവർ നിരത്തുന്ന കാരണം ഹോസ്പിറ്റൽ നഷ്ടത്തിലാണ് എന്നുള്ളതും. എന്നാൽ NABH സർട്ടിഫിക്കറ്റ് കിട്ടാനുള്ള പണികൾ ചെയ്യാനും, പുതിയ ഇലക്ട്രിക്ക് ബെഡുകളും ടേബിളുകളും വാങ്ങാനും, മറ്റു സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാനുമുള്ള പണം അവർ കണ്ടെത്തുന്നുണ്ട്താനും. 'നിങ്ങൾക്കല്ലേ തരാതിരിക്കാൻ പറ്റു' എന്നും 'അംഗീകരിക്കാൻ പറ്റില്ലെങ്കിൽ NOC വാങ്ങി പുറത്തു പൊയ്ക്കോളൂ' തുടങ്ങിയ അഹങ്കാരച്ചുവയുള്ള പ്രസ്താവനകൾ പറയാനും ഇവർ മടിച്ചിട്ടില്ല.
ഇതിനുപുറമെ, അധികമായി ഞങ്ങളിൽ നിന്ന് ഈടാക്കിയ ഹോസ്റ്റൽ ഫീസും (ഇനിയെങ്ങാനും ഫൈനൽ എക്സാം നീണ്ടുപോയാലോ എന്നു പറഞ്ഞു നിർബന്ധിച്ചു വാങ്ങിയത്) , വർഷാവസാനം തിരികെ നൽകേണ്ട കോഷൻ ഡെപ്പോസിറ്റും(ഇപ്പോഴേ തീരുമാനിച്ചു തിരികെ നൽകില്ല എന്നു) തിരിച്ചു നൽകാനും ഇവർ വിസമ്മതിച്ചു.
കണ്സൾട്ടന്റിന്റെ പണിയും സ്റ്റെനോ ടൈപ്പിസ്റ്റ് പണിയും ബില്ലിങ് സ്റ്റാഫിന്റെ പണിയും പോരാത്തതിന് കുഹാസ് നിഷ്കർഷിക്കാത്ത ചില ഡിപ്പാർട്ട്‌മെന്റുകളിലെ പോസ്റ്റിംഗും (ജൂനിയർ ഡോക്ടർമാരുടെ എണ്ണം കുറയ്ക്കാം, കണ്സൾട്ടന്റിന്റെ പണി കുറയ്ക്കാം, ആഹാ!എന്തൊരു ലാഭം) എല്ലാം, ഞങ്ങൾക്ക് കിട്ടിയേക്കാവുന്ന അക്കാഡമിക് ഗുണങ്ങളുടെ പേരിൽ മൗനാനുമതി നൽകിയെങ്കിലും, എല്ലു മുറിയെ പണിയെടുത്തിട്ട് പല്ലു മുറിയെ തിന്നാനുള്ള സ്റ്റൈപ്പൻഡ് ചോദിക്കുമ്പോൾ കാണിക്കുന്ന മാനേജ്മെന്റിന്റെ ഉദാസീനമായ മനോഭാവത്തിൽ പ്രതിഷേധിച്ചു ഞങ്ങൾ (CRRI 2019-2020), ഓഗസ്റ്റ് മാസം 26 മുതൽ അനിശ്ചിതകാല സമരത്തിലാണ്. പോസ്റ്റിംഗിൽ നിന്നും മാറിനിൽകുന്നതിനാൽ ക്വാർട്ടർസും മറ്റും ഒഴിഞ്ഞു കൊടുക്കണമെന്ന നോട്ടീസിറക്കി പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും (പാഴായ ശ്രമം) ഞങ്ങൾ ഇപ്പോഴും കട്ടക്ക് നിൽക്കുകയാണ്.
ഇതൊരു തുടക്കമാവട്ടെ. എല്ലാ പ്രൈവറ്റ് മെഡിക്കൽ കോളേജുകളും ഈ വിഷയത്തിൽ മുന്നോട്ട് വരണം. വർഷങ്ങളായി മാനേജ്‌മെന്റിന്റെ കൊള്ളലാഭത്തിനായി ഞെക്കിപിഴിയുന്ന ഒരു വിഭാഗമാണ് ഹൗസ് സർജൻസ്. ഇനിയെങ്കിലും ഒരു മാറ്റം വേണം.
House Surgeons Association (2019-2020)
Travancore Medical College, Kollam