15/11/2016
സഞ്ചാരികൾ പലവിധക്കാരാണല്ലോ .. അഭ്രപാളികളിൽ നാം കണ്ടു അനശ്വരമാക്കിയ പല പല ദേശങ്ങളും തറവാടുകളും കാണണമെന്ന് നിങ്ങൾക്കൊരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ .. എങ്കിൽ ധൈര്യമായി പോരൂ ഒറ്റപ്പാലത്തിന്റെ മണ്ണിലേക്ക് ..വള്ളുവനാടിന്റെ മണ്ണിലേക്ക് . സിനിമയേക്കാൾ കൂടുതൽ അവയ്ക്ക് പശ്ചാത്തലമായ ദേശങ്ങളും ആധാരമായ കഥാതന്തുക്കളും ഏറെ സ്വാധീനിച്ചിട്ടുള്ള ഈയുള്ളവൻ പലകാലങ്ങളിലായി സഞ്ചരിച്ച ലോക്കെഷനുകളിലെക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഈ പോസ്റ്റ് . സൌകര്യത്തിനായി നമുക്കീ യാത്ര ഒറ്റപ്പാലത്ത് നിന്ന് ആരംഭിക്കാം . പാലക്കാട് നിന്നും 30 കിമിയും തൃശ്ശൂരിൽ നിന്ന് 34 കിമിയും മലപ്പുറത്ത് നിന്ന് 57 കിമിയും ഷൊർണൂരിൽ നിന്നും 16 കിമിയും ആണ് ഒറ്റപ്പലതെക്കുള്ള ദൂരം .
ഒറ്റപ്പാലത്ത് നിന്നും ഷോർണൂർ റോഡിൽ 1 കിമി പോയാൽ കണ്ണിയംപുറം എന്ന സ്ഥലത്തെതാം അവിടെയാണ് അമ്പലക്കാട്ട് വീട് അല്ലെങ്കിൽ മാനവനിലയം എന്നറിയപ്പെടുന്ന തൂവനാതുംബികളിലെ ജയകൃഷ്ണന്റെ വീട് . പത്മരാജന്റെ ഈ അനശ്വരകലാസൃഷ്ടിക്കു പശ്ചാത്തലമായുള്ള ആ വീട് പഴമയുടെ പ്രൗഢി മുഴുവൻ ഉൾക്കൊള്ളുന്നതാണു . മീശമാധവൻ, കിന്നരിപ്പുഴയോരം, ചകോരം, നാട്ടുരാജാവ്, ആറാം തമ്പുരാൻ, അരയന്നങ്ങളുടെ വീട് തുടങ്ങി നിരവധി ചിത്രങ്ങളുടെ ലൊക്കേഷൻ ആയത് ഈ ബംഗ്ലാവായിരുന്നു. രാജപ്രതാപത്തിന്റെ പിന്മുറക്കാരായ രണ്ടു പേരാണ് ഈ വീടിന്റെ അധിപർ. നിലമ്പൂരിലെ മാനവേദൻ രാജാവിന്റെ പിന്മുറ ക്കാരനായ ജയചന്ദ്രനും ഭാര്യ റോണിയും.
കണ്ണിയംപുറത്തു നിന്നും വീണ്ടും ഷോർണൂർ റോഡിലൂടെ 1 കിമി കൂടി സഞ്ചരിച്ചാൽ ത്രിക്കങ്ങോട് എന്ന സ്ഥലത്തെത്തും . ത്രിക്കങ്ങോട് നിന്നും ഇടത്തേക്ക് 1.5 km പോയാൽ നമുക്ക് പോഴത്ത് മന കാണാം .. നിരവധി മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു തറവാടാണ് പോഴത്ത് മന . ആൾതാമസം ഉള്ളതിനാൽ മനക്കകതെക്ക് പ്രവേശനം ഇല്ലായിരുന്നു . ത്രിക്കങ്ങോട് നിന്ന് വീണ്ടും ഷോർണൂർ ഭാഗത്തേക്ക് ഒരു കിമി കൂടി പോയാലാണ് മനിശ്ശേരിയിലെത്തുക . 125 സിനിമകിലോളം പ്രത്യക്ഷപ്പെട്ടിട്ടുള്ള പ്രശസ്തമായ വരിക്കാശ്ശേരി മന മനിശ്ശേരിയിലാണ് നിലകൊള്ളുന്നത് . മംഗലശ്ശേരി നീലകണ്ഠന്റെ ഓർമ്മകൾ വരിക്കാശ്ശേരി മനയിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലുമൊക്കെ ഒരുപോലെ നിറഞ്ഞു നി ൽക്കുന്നുണ്ട്.വരിക്കാശ്ശേരി മനയിലെ ഈ പൂമുഖത്താണ് മീശപിരിച്ച് ചാരുകസേരയിൽ വിശ്രമിച്ച നീലകണ്ഠനു മുന്നിൽ രേവതിയുടെ ഭാനുമതി നൃത്തം ചവിട്ടിയത്. ആറാം തമ്പുരാൻ, രാപ്പകൽ, തൂവൽ കൊട്ടാരം, മാടമ്പി, ദ്രോണ, നരസിംഹം, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങി 125-ഓളം ചിത്രങ്ങളിലൊക്കെ വരിക്കാശ്ശേരി മനയും കുളവുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. നമ്പൂതിരിമാരുടെ അഷ്ടഗൃഹ കുടുംബങ്ങളിലൊന്നായിരുന്നു അത്. നാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വരിക്കാശ്ശേരി മനയിൽ മൂന്ന് നിലകളുള്ള ഒരു നാലുകെട്ടും രണ്ട് പത്തായപ്പുരകളും ഒരു ശ്രീകൃഷ്ണക്ഷേത്രവും വലിയൊരു കുളവുമാണുള്ളത്. വരിക്കാശ്ശേരി രവി നമ്പൂതിരിപ്പാടാണ് വാസ്തുകലാ വിസ്മയമായ ഈ മന നിർമ്മിച്ചത്.20 രൂപ കൊടുത്തു പ്രവേശനപാസ്സെടുത്തു നമുക്ക് മനയും പരിസരങ്ങളും സന്ദർശിക്കാം .
മനിശ്ശേരിയിൽ നിന്നു വീണ്ടും ഷൊർണൂർ ഭാഗത്തേക്ക് 2 കിമി കൂടി പോയാൽ വാനിയംകുളത്ത് എത്താം . വാണിയംകുളം - കൈലിയാട് വഴിയിലാണ് നിരവധി സിനിമകള്ക്ക് പാശ്ചാത്തലമായിട്ടുള്ള മറ്റൊരു തരവാടായ കുന്നത് വീടുള്ളത് . വാത്സല്യവും പെരുവന്നപുരത്തെ വിശേഷങ്ങളും മെലെപറമ്പിൽ ആൺവീടും അരയന്നങ്ങളുടെ വീടും അവയിൽ ചിലത് മാത്രം ..കൈലിയാട് നിന്നും ചെർപ്പുളശ്ശേരിയിലെത്തി മണ്ണാർക്കാട് റോഡിലൂടെ 5 കിമി പോയാൽ വെള്ളിനേഴി എത്താം .കലാഗ്രാമം എന്ന അപരനാമത്തിലും വെള്ളിനേഴി അറിയപ്പെടുന്നു . വെള്ളിനേഴിയിലെ ഓരോ ഊടുവഴികളും ചെന്നെത്തുന്നത് ഒരു കലാകാരന്റെ വീട്ടിലായിരിക്കും എന്നൊരു പഴമൊഴി തന്നെയുണ്ട് . വെള്ളിനെഴിയിലാണ് നൂറ്റാ ണ്ടുകളുടെ പഴക്കമുള്ള പ്രശസ്തമായ ഒളപ്പമണ്ണ മനയുള്ളത് .200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. സാഹിത്യലോകത്തിനും വാദ്യലോകത്തിനം നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ് അത്.കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും ബാലസാഹിത്യകാരി സുമംഗലയും ഈ മനയിലാണ് പിറ ന്നത്. ലോകപ്രസിദ്ധ കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഈ മനയിലെ ശാസ്ത്രീയ സംഗീത അധ്യാപകനായിരുന്നു.നിരവധി മലയാലസിനിമകൾക്ക് പശ്ച്ചതലമായിട്ടുണ്ട് ഈ മന . ഏറ്റവും അവസാനമായി എന്നും നിന്റെ മൊയ്ദീനിലെ മൊയ്തീന്റെ വീടായി മാറിയതും ഒളപ്പമണ്ണ മന തന്നെ . മനയോടു ചേർന്നുള്ള രണ്ടു മൂന്നു തറവാടുകൾ കൂടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് .
ചെർപ്പുളശ്ശേരിയിൽ നിന്നും ഒറ്റപ്പാലം റോഡിലൂടെ 8 കിമി പോയാൽ കീഴൂരിലെത്താം .. കീഴൂരിലാണ് പ്രശസ്തമായ അനങ്ങൻ മലയുള്ളത് . നിരവധി മലയാള സിനിമാ ഗാനങ്ങൾക്ക് പശ്ചാതലമായിട്ടുള്ള അനങ്ങൻ മല ഇപ്പോൾ എക്കോ ടൂറിസത്തിന്റെ ഭാഗമാണ് . അനങ്ങൻമലയോടു ചേര്ന്നുള്ള ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാൽ പാലവും ഒരുകാലത്ത് നിരവധി മലയാളസിനിമകളുടെ ഭാഗമായിട്ടുള്ളതാണ് . കിഴൂരിൽ നിന്നും ഒറ്റപ്പാലത്ത് വന്നു പാലക്കാട് റൂട്ടിൽ 15 കിമി സഞ്ചരിച്ചാൽ മങ്കരയിലെതാം . മങ്കര റയിൽവേസ്റ്റെഷന്റെ തൊട്ടടുത്താണ് ചെമ്മകക്കളം വീടുള്ളത് . നിരവധി മലയാള സിനിമകളിലും സീരിയലുകളിലും നിങ്ങൾ കണ്ടിട്ടുള്ളതാണ് ഈ തറവാടും . ബാലേട്ടനിലെ ലാലേട്ടന്റെ വീടും ഇത് തന്നെ . മങ്കരയിൽ നിന്നും ഒറ്റപ്പാലത്തു വന്നു മായന്നൂർ പാലം കടന്നു പൈങ്കുളം ഭാഗത്തേക്ക് 8 കിമി പോയാലാണ് പ്രശസ്തമായ വഴാലിപ്പാടം ഗ്രാമവും വാഴാലിക്കാവ് ക്ഷേത്രവും . ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, കിളിച്ചുണ്ടൻ മാമ്പഴം, ചന്ദ്രോത്സവം, മല്ലു സിംഗ്, ബാലേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട് ഇവിടം. ക്ഷേത്രാങ്കണത്തിനു പിന്നിൽ വിശാലമായ വയലുകളാണ് ഒരു വശത്തെങ്കിൽ മറ്റൊരു വശത്ത് ഭാരതപ്പുഴയിലുണ്ടാക്കിയ തടയണയാണ്..ഇവ കൂടാതെ ഷോർണൂർ കവളപ്പാറ കൊട്ടാരവും . ലക്കിടിയിലെ കിളളികുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാരുടെ കലക്കത്തു വീടും സ്മാരകവും എല്ലാം ഈ പരിസരത്ത് തന്നെയാണ് ..
NB : ഫോട്ടോകൾ പല കാലങ്ങളിൽ പോയപ്പോൾ എടുത്തതാണ് . വിവരനങ്ങൾക്കായി വിക്കിപ്പീടികയുടെയും ഗൂഗിലിന്റെയും സഹായം തേടിയിട്ടുണ്ട് .
Text and Photos :Ashique M A