The Thamb Melparamba

The Thamb Melparamba India's most famous club...

18/06/2023

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങൾ.
ജാഗ്രത പുലർത്തിയാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം.

🛵 കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോൾ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം.

🛵 നനഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

🛵 തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയർ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

🛵 വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ എത്രത്തോളം ആഴമുണ്ടെന്ന് അറിയാൻ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക.

🛵 വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക.

🛵 ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇൻഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.

🛵 അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാം. വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാൽ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.

🛵 ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

🛵 ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.

🛵 ഹെൽമെറ്റ് കൃത്യമായും ധരിക്കുക. ചിൻസ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

കെഎസ് അർഷാദ് ഹൃദയാഘാതംമൂലം ബാംഗ്ലൂരുവിൽ അന്തരിച്ചു...കാസർകോട്: 15/02/2023കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ ക...
15/02/2023

കെഎസ് അർഷാദ് ഹൃദയാഘാതംമൂലം ബാംഗ്ലൂരുവിൽ അന്തരിച്ചു...

കാസർകോട്:
15/02/2023

കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് ഹൃദയാഘാതം മൂലം അന്തരിച്ചു.
മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും മാലിക്ദീനാർ ആശുപത്രി ചെയർമാനുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടർന്ന ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....!!!

01/12/2020

# ഒരു കഥ

#"ഹൃദയം"

#ഷാനുസമദ്

"ഇങ്ങളെ ഫോണിൽ കിട്ടണില്ലാന്ന് പറഞ്ഞു ഉപ്പ വിളിച്ചിരുന്നല്ലോ? "

ജോലി കഴിഞ്ഞു ഫ്ലാറ്റിലെത്തിയ അവനോടു ഭാര്യ ഷെമി പറഞ്ഞപ്പോഴാണ് ഉപ്പാടെ മിസ്സ്ഡ് കാൾ കണ്ടു തിരിച്ചു വിളിച്ചില്ല എന്നോർമ്മ വന്നത്

ഫോണെടുത്ത് ഉപ്പാടെ നമ്പർ ഡയൽ ചെയ്തു

"ഹലോ"
അപ്പുറത്ത് ഉപ്പ ഫോണെടുത്തു

"ഉപ്പ ഞാനാണ് വിളിക്കാൻ പറ്റിയില്ല ബിസി ആയിരുന്നു,"

"എനിക്ക് തോന്നി"

"നാളെ വിസ്സ കിട്ടും ഞാൻ നാസറിന്റെ ട്രാവെൽസ്സിലേക്ക് മെയിൽ അയച്ചോളാം, മറ്റന്നാൾ രാവിലെ ആണ് ഫ്ലൈറ്റ്, എയർപോർട്ടിൽ ഞാനും ഷെമിയും മക്കളും ഉണ്ടാകും"

" ഓക്കെ മോനെ,"

"ഞാൻ വന്നു കയറിയതേ ഉള്ളു ഒന്ന് കുളിക്കട്ടെ"

"എന്നാൽ ശരി
ഷെമിയോട് എന്തെങ്കിലും ഇവിടെ നിന്ന് കൊണ്ടു വരേണ്ടതുണ്ടെങ്കിൽ പറയാൻ പറയൂ"

"എല്ലാം ഇവിടെ കിട്ടും, ഉപ്പ ഒന്നും കെട്ടിവലിച്ച് കൊണ്ടു വരണ്ട "

"നിങ്ങൾടെ ഉപ്പാക്ക് ഇപ്പൊ ഇങ്ങനെ ഒരു പൂതി തോന്നാൻ?"
ഭക്ഷണം വിളമ്പുന്നതിനിടയിൽ ഷെമി ചോദിച്ചു

"അറിയില്ല ഉമ്മ പോയപ്പോൾ ഒറ്റക്കായത് കൊണ്ടായിരിക്കും ...?

"എന്നാലും പത്ത്നാൽപ്പത് വർഷം ദുബായിൽ ജോലി ചെയ്ത ആൾക്ക് ദുബായ് കാണണമെന്ന് പറയാൻ കാരണം "?

"നാളെ കഴിഞ്ഞു വരുമ്പോൾ നേരിട്ട് ചോദിച്ചോളൂ "

അവൻ കൈ കഴുകാൻ എഴുന്നേറ്റു

"എന്റെ ഉപ്പയും ഉമ്മയും എത്ര നാളായി ആഗ്രഹിക്കുന്നു ഇങ്ങോട്ട് വരാൻ...?"

അതിനു മറുപടിയായി അവൻ ഒന്നു ചിരിച്ചു

"നിങ്ങളുടെ ഉപ്പ കാണാത്തതൊന്നും അല്ലല്ലോ ദുബായ്,, പക്ഷേ എന്റെ ഉപ്പയും ഉമ്മയും വിമാനത്തിൽ പോലും കേറിയിട്ടില്ല"
അവളുടെ വാക്കിൽ പരിഭവം നിറഞ്ഞിരുന്നു

"നോക്കാം '
അവൻ ടവ്വൽ കൊണ്ടു മുഖം തുടച്ചുകൊണ്ടു പറഞ്ഞു

എയർപോർട്ടിൽ വന്നിറങ്ങിയ ആദ്യ ദിവസം തന്നെ ഉപ്പ ദുബായ് ആദ്യമായി കാണുന്ന പോലെ ചുറ്റും നോക്കുന്നത് കണ്ട് അവൻ അത്ഭുതപെട്ടു,

"ആകെ മാറിയല്ലേ ഉപ്പാ ദുബായ്..?"

മകന്റെ ചോദ്യത്തിന് പകരമായി ആയാളൊന്ന് ചിരിച്ചു കൊണ്ടു തലയാട്ടി

കാറിൽ ഫ്ലാറ്റിലേക്ക് പോകുമ്പോഴും അയാൾ ചുറ്റും കാണുന്ന കെട്ടിടങ്ങളും കടകളും നോക്കികൊണ്ടിരുന്നു.

"നിങ്ങളുടെ ഉപ്പ നമ്മുടെ ഫ്ലാറ്റിൽ വന്നു കേറുമ്പോഴും, റൂമൊക്കെ കാണുമ്പോഴുമൊക്കെ ആകെ അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നല്ലോ.."

"ആണോ?"

ഇനി നമ്മൾ ഇത്രയും സൗകര്യത്തിൽ കഴിയുന്നത് കണ്ട്....?

അതിനു മറുപടി പറയാതെ അവൻ പുതപ്പെടുത്ത് പുതച്ചു

രാവിലെ ഓഫിസിൽ പോകാൻ റെഡിയായി ഇറങ്ങുമ്പോഴേക്കും ഉപ്പ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു

"എന്നെ ദുബായ് മാളിൽ ഇറക്ക്വോ? തിരിച്ചു വരുമ്പോൾ കൂടെ കൂട്ടിയാൽ മതി"

ഷെമി ഒരു ചിരിയോടെ അവനെ നോക്കി

"ഉപ്പാക്ക് എന്തെങ്കിലും ആവശ്യമുള്ളത് വാങ്ങിച്ചോ, നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കൊണ്ടു പോകാനുള്ള സാധനങ്ങളൊക്കെ ഷെമിയെ കൂടെ കൂട്ടി വന്നു വാങ്ങിക്കാം, "
ഉപ്പാടെ കയ്യിൽ കുറച്ചു ദിർഹം വെച്ച് കൊടുക്കുമ്പോൾ അവൻ പറഞ്ഞു

അയാൾ അതിനു മറുപടി പറയാതെ ദുബായ് മാളിലേക്ക് കയറിപ്പോയി
അത് കണ്ടു അവൻ അത്ഭുതത്തോടെ നോക്കി

ഉപ്പ ഒന്നും വാങ്ങിയില്ലേ,? വൈകീട്ട് ഉപ്പ കാറിൽ കയറുമ്പോൾ അവൻ ചോദിച്ചു

അയാൾ പോക്കറ്റിൽ നിന്ന് ഒരു അത്തറിന്റ കുപ്പി എടുത്തു കാണിച്ചു

അത്തറാണോ?

"രണ്ട് വർഷം കൂടി ലീവിന് വരുമ്പോൾ അന്റെ ഉമ്മ ആകെ ആവശ്യപ്പെടാ ഈ അത്തറാ, അവിടെ കണ്ടപ്പോൾ വാങ്ങിച്ചു
വാങ്ങിച്ചതിനു ശേഷാ ഓർത്തത് ഓള് ഇല്ലാന്നുള്ളത് "
ഉപ്പാടെ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

ഓരോ ദിവസവും ഉപ്പ ഓരോ മാളുകൾ കയറിയിറങ്ങുകയായിരുന്നു

ഒരു ദിവസം കോർണിഷിൽ പോയപ്പോൾ ഉപ്പ കടൽത്തീരത്ത് കുട്ടികളെ പോലെ ഓടി നടക്കുക്കുകയായിരുന്നു
ശ്രദ്ധിച്ചു നോക്കിയപ്പോൾ ഉപ്പ ആരോടോ സംസാരിക്കും പോലെ ഒറ്റയ്ക്ക് സംസാരിക്കുന്നു

"ഇങ്ങള്ടെ ഉപ്പാക്ക് എന്തെങ്കിലും ബുദ്ധിയില്ലായ്മ വല്ലതും..?"

ഷെമിയുടെ വാക്കുകൾ അയാളിലും ഒരു സംശയം ഉയർത്തി

വ്യാഴാഴ്ച രാത്രിയാണ് ഉപ്പ ഡാൻസ് ബാർ കാണാൻ ആഗ്രഹം പറഞ്ഞത്

"നിങ്ങളുടെ ഉപ്പ ഗൾഫിൽ ഉണ്ടായിരുന്ന കാലത്ത് കിട്ടിയ കാശിൽ പകുതി ഇവിടെ അടിച്ചു പൊളിക്കുകയായിരുന്നുവെന്ന് തോന്നുന്നു "

ഷെമി അത് പറഞ്ഞപ്പോൾ ശരിയാണെന്നു അയാൾക്കും തോന്നി,
ഉപ്പ മൂന്നോ നാലോ വർഷം കൂടുമ്പോളൊക്കെയാണ് നാട്ടിൽ വരാറുണ്ടായിരുന്നത്

അന്ന് രാത്രി കരാമയിലെ ഡാൻസ് ബാർ കാണാൻ കൊണ്ടു പോയെങ്കിലും ഉപ്പ അകത്തു കേറിയില്ല
അകത്തു കേറാൻ തിക്കും തിരക്കും കൂട്ടുന്നവരെയും ഡാൻസ് ബാറിനു ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളെയും ഉപ്പ നിർവികാരനായി നോക്കി നിൽക്കുന്നത് കണ്ടു ഉപ്പാട് ചെറിയ രീതിയിൽ അവന് അനിഷ്ടം തോന്നി തുടങ്ങി

വെള്ളിയാഴ്ച
സോനപ്പൂരിൽ പോണെന്നു പറഞ്ഞപ്പോൾ

അവിടെ ഒന്നും അങ്ങനെ കൊള്ളൂല ഉപ്പ ,
ഫുൾ തൊഴിലാളികൾ താമസിക്കുന്ന കച്ചറ സ്ഥലമാണ് എന്നൊക്ക പറഞ്ഞു നോക്കിയെങ്കിലും ഉപ്പ വാശി പിടിച്ചു,

സോനപ്പൂരിലെ ലേബർ ക്യാമ്പിന്റെ ഗേറ്റിനു മുൻപിൽ ഒരു നിമിഷം ഉപ്പ നോക്കി നിന്നു
പിന്നെ പതിയെ ഗേടറ്റിനടുത്തേക്ക് ചെന്നപ്പോൾ

ഗേറ്റ് കീപ്പർ പാകിസ്താനി "പച്ച" ഉപ്പാനെ ഒന്ന് സംശയത്തോടെ നോക്കി, പിന്നെ ഓടിവന്നു കെട്ടിപിടിക്കുന്നത് കണ്ടാണ് അവൻ കാറിൽ നിന്നിറങ്ങിയത്

അബുക്കാ...!
എല്ലാവരും അബൂക്കാ എന്ന് വിളിച്ചു ഉപ്പാനെ വന്നു കെട്ടിപിടിച്ചു.
അവർ ഉപ്പാനെ ക്യാമ്പിനകത്തേക്ക് കൂട്ടികൊണ്ട് പോയി
അവനും അകത്തു കയറി, ലേബർ ക്യാമ്പ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അകത്തേക്ക് കയറുന്നതു,
അവൻ ചുറ്റും നോക്കി
ആകെ കിട്ടുന്ന വെള്ളിയാഴ്ച യൂണിഫോംമും വസ്ത്രങ്ങളും അലക്കുന്ന ചിലർ.
ചിലർ ചീട്ടു കളിച്ചിരിക്കുന്നു,
ചിലർ മുറിയിൽ ഇരുന്നു വീട്ടിലേക്ക് വീഡിയോ കാൾ ചെയ്യുന്നു , കുളിക്കാനും,പ്രാഥമിക കർമ്മങ്ങൾക്കുമായി ബക്കറ്റുമായി ബാത്‌റൂമിനു മുൻപിൽ ഊഴമനുസരിച്ചു കാത്തിരിക്കുന്നു ചിലർ, ആകെ ബഹളമയം,
അതിനടിയിലൂടെ അവൻ നടന്ന് ഉപ്പ നിൽക്കുന്നിടത്തേക്ക് ചെന്നു
"ഞങ്ങൾ ഇന്നലെ കൂടെ പറഞ്ഞേയുള്ളൂ അബുക്കാടെ വെള്ളിയാഴ്ച ബിരിയാണിയെ കുറിച്ച്, അതൊരു ഒന്ന് ഒന്നര ബിരിയാണി ആയിരുന്നു "

കൂട്ടത്തിൽ പ്രായം ചെന്നൊരാളാണ് പറഞ്ഞത്

"അതിനെന്താ ഇന്ന് ഞാനുണ്ടാക്കാം"

പിന്നെ ഉപ്പയും ക്യാമ്പിലെ ആൾക്കാരും കൂടെ ബിരിയാണി ഉണ്ടാക്കുന്നതാണ് കണ്ടത്
നാട്ടിലെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ഒരിക്കൽ പോലും അവനെ ആർക്കും പരിചയപെടുത്താഞ്ഞത് മനപ്പൂർവം ആണെന്ന് തോന്നി,
ഉപ്പ ലീവിന് വരുന്ന പെരുന്നാളിന് ഉമ്മ വിളമ്പി തരുന്ന ബിരിയാണിയുടെ സ്വാദ് വീണ്ടും നാവിലെത്തിയപ്പോളാണ്
ഉപ്പാടെ ബിരിയാണിയെ കുറിച്ച് ഇവര് പറഞ്ഞത് സത്യം ആണെന്ന് മനസിലായത്,

"എന്റെ ഒരു ഡ്രസ്സ്‌ ഇവിടെ ഉണ്ടായിരുന്നു..?"

"അബുക്കാടെ പെട്ടിയും ഡ്രെസ്സും അവിടെ തന്നെ ഉണ്ട്"
അവർ ഉപ്പാനെ ഒരു കുഞ്ഞു മുറിയിലേക്ക് കൊണ്ടു പോയി
മൂന്നു ബെഡ്ഡുകൾ ഇട്ടിരുന്ന ആ മുറിയുടെ ഒരു മൂലയിൽ വെച്ചിരുന്ന പഴയ ഗൾഫുകാരുടെ കള്ളി തുകൽ പെട്ടി ഉപ്പാക്ക് കാണിച്ചു കൊടുത്തു
ഉപ്പ ലീവിന് വരുമ്പോൾ കൊണ്ടു വരാറുള്ള പെട്ടി അവന് ഓർമ്മ വന്നു,
തുറക്കുമ്പോൾ അത്തറിന്റെയും ബ്രൂട്ട് സ്പ്രേയുടെയും,
പുതിയ തുണിത്തരങ്ങളുടെയും മണമുള്ള പെട്ടി,
ഉപ്പ ഗൾഫിൽ നിന്നും വന്നതിന്റ മൂന്നാം ദിവസം അമ്മായിമാരും,മാമമാരും, അവരുടെ മക്കളും എല്ലാവരുടെയും മുൻപിൽ ഉപ്പ തുറക്കുന്ന ആ പെട്ടി..
ഉമ്മയുടെ മരണമറിഞ്ഞു ഉപ്പ പെട്ടെന്ന് വന്ന അന്ന് മാത്രമാണ് ഈ പെട്ടി കാണാഞ്ഞത്

ഒരു മൂലയിൽ വെച്ചിരുന്ന പെട്ടി ഉപ്പ തുറന്നു,
അതിൽ ഒരു യൂണിഫോം, കെട്ടിടംപണിക്കു ലേബേഴ്സ് ഇടുന്ന ഒന്ന്.
ഉപ്പ അതെടുത്തു ഒന്ന് നിവർത്തി നോക്കി പിന്നെ ഒരു ചൈനീസ് തുണിയുടെ സാരി
ഉമ്മാക്ക് വേണ്ടി വാങ്ങി വെച്ചിരുന്നത് ആണെന്ന് അവനു മനസിലായി,
അത് എടുത്തു നോക്കുമ്പോൾ ഉപ്പയുടെ കണ്ണു നിറഞ്ഞിരുന്നു,
അവൻ സങ്കടം സഹിക്കാതെ മുറി വിട്ടിറങ്ങി
യൂണിഫോം ഇട്ട് പുറത്തിറങ്ങിയ ഉപ്പ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു

"എങ്ങനെ ഉണ്ട്?"

ഉപ്പയെ ഒന്ന് നോക്കിയ അവൻ ഉപ്പയെ ചേർത്തു പിടിച്ചു പൊട്ടികരഞ്ഞു

ഉപ്പ അവന്റെ മുടിയിഴകളിൽ തലോടി അവന്റെ കണ്ണ് തുടച്ചു.

എല്ലാവരും ഉപ്പയെ കെട്ടിപിടിച്ചു യാത്ര ചോദിച്ചു

ഗേറ്റിനു പുത്തിറങ്ങിയ ഉപ്പ ഒരു പബ്ലിക് ടെലഫോൺ ബൂത്ത്‌ കണ്ടു അങ്ങോട്ട് പോയി

'ഇതിപ്പോഴും ഉണ്ടോ '
എന്ന് അവിടെയുള്ള ഹിന്ദിക്കാരനോട് ചോദിച്ചു

"മൊബൈൽ വന്നെങ്കിലും ഇപ്പോളും ചിലരൊക്കെ ഇത് തന്നെയാണ് ഉപയോഗിക്കുന്നത്"
ഹിന്ദിക്കാരൻ മറുപടി പറഞ്ഞു
ഉപ്പ ഫോൺ എടുത്തു നമ്പർ കറക്കി അന്നൊക്കെ നാട്ടിലേക്ക് ഉമ്മാക്ക് വിളിക്കുന്ന തൊട്ടപ്പുറത്തെ ഉമ്മർക്കാടെ വീട്ടിലെ നമ്പർ ആണെന്ന് അവനു മനസിലായി
"ആ ഫോൺ ഇപ്പോൾ ഇല്ലെന്ന് ഉപ്പാക്ക് അറിഞ്ഞൂടെ..?"
കാറിലിരിക്കുമ്പോൾ അവൻ ചോദിച്ചു

"മ്മ്... ഓരോ വെള്ളിയാഴ്ചയും അലക്കലും തിരുമ്മലും കഴിഞ്ഞു ഈ നമ്പറിൽ വിളിക്കുമ്പോൾ
"ഇങ്ങക്ക് സുഖല്ലേന്ന്" നേർത്ത സങ്കടവും സ്നേഹവും നിറച്ചു ചോദിക്കുന്ന നിന്റെ ഉമ്മാടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖമുണ്ടല്ലോ
ഓരോ ഗൾഫുകാരനും അന്ന് കിട്ടുന്ന ലോകത്തിലേറ്റവും വലിയ സന്തോഷം അതായിരുന്നു..
ഇന്ന് ഫോൺ എടുത്തു അവളിപ്പോൾ ഇല്ലന്നറിഞ്ഞിട്ടും വിളിച്ചപ്പോൾ ,ചിലപ്പോ "ഇങ്ങക്ക് സുഖല്ലേന്ന്" ഒന്ന് കേട്ടാലോ എന്ന് വെറുതെ ഞാനൊന്ന് കൊതിച്ചു പോയി...
ഉപ്പ പൊട്ടി പൊട്ടി കരഞ്ഞു

എന്തു പറഞ്ഞു ഉപ്പാനെ ആശ്വസിപ്പിക്കണം എന്നവന് അറിയില്ലായിരുന്നു

നാല്പതു വർഷം ദുബായിൽ ജോലി ചെയ്തിട്ടും എയർപോർട്ടിൽ നിന്ന് ക്യാമ്പ്, ക്യാമ്പിൽ നിന്നു മരുഭൂമിയിലെ ജോലി സ്ഥലം,ആകെ കിട്ടുന്ന വെള്ളിയാഴ്ച ഉടുപ്പുകൾ കഴുകലും മറ്റുമൊക്കയായി പോകും
ഇത്രയും വർഷത്തിനിടയിൽ ദുബായിൽ ഉണ്ടായിട്ടും, നിന്റെ ഉപ്പ മാളുകളും കടൽതീരങ്ങളും കണ്ടത് ഈ പ്രാവശ്യം വന്നിട്ടാണ്..
ഞാൻ കേറിയിറങ്ങിയ ഓരോ മാളിലും, നീ താമസിക്കുന്ന ഫ്ലാറ്റിലും, ഞാൻ വർഷങ്ങൾക്ക് മുൻപ് ചുട്ട് പൊള്ളുന്ന വെയിലത്തു,തിളയ്ക്കുന്ന സിമന്റ് ചാക്കുമായി കേറിയിട്ടുണ്ട് പലതവണ,അതായിരുന്നു ഉപ്പാടെ ജോലി...
ലേബർ കാമ്പും സൈറ്റും പോകുമ്പോഴും വരുമ്പോഴും കാണുന്ന എയർപോർട്ടും മാത്രമേ ഉപ്പ കണ്ടിട്ടുള്ളു
ഡാൻസ് ബാറിനെ കുറിച്ച് ഓളോട് ആരോ പറഞ്ഞു കേട്ടിട്ട് അവളൊരിക്കൽ എന്നോട് ചോദിച്ചു അതൊക്ക ശരിയാണോ എന്ന്
ഞാനും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു...
അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടെന്ന് എനിക്ക് അറിയാം അവൾക്ക് ഞാൻ അതൊക്ക ഈ വരവിനു കാണിച്ചു കൊടുക്കുകയയായിരുന്നു,
മറ്റുള്ളവർക്ക് അത് ചിലപ്പോൾ എനിക്ക് ഭ്രാന്താണെന്ന് തോന്നിയേക്കാം.. "

എയർപോർട്ടിലേക്ക് തിരിച്ചുള്ള യാത്രയിലാണ് ഉപ്പ അതൊക്ക പറഞ്ഞത്
"എന്നെ മോനാണ് എന്ന് ഉപ്പ ആരോടും പറഞ്ഞില്ലല്ലോ..?"
തെല്ലു വിഷമത്തിലാണ് അവൻ ഉപ്പയോട് ചോദിച്ചത്

"ഇത്രയും വലിയ ജോലിയിൽ ഇരിക്കുന്ന നീ, ലേബർ ക്യാമ്പിൽ കെട്ടിടം പണിക്ക് സിമന്റ് ചുമന്നിരുന്ന അബുക്കാന്റെ മോനാണെന്ന് പറയുന്നത് അനക്ക് ഒരു കൊറച്ചിൽ ആകെണ്ടാന്ന് കരുതി "

"എന്റെ ഉപ്പ സിമന്റ് ചോന്ന് പണിത കെട്ടിടത്തിന്റെ ഓഫിസിലെ ഏറ്റവും വലിയ പൊസിഷനിൽ ആണ് ഞാനിരിക്കുന്നത് എന്ന് പറയാൻ എനിക്ക് സന്തോഷമുള്ളൂ ഉപ്പ.."

ഉപ്പ അവന്റ ശിരസിൽ ഒന്ന് തലോടി

"അവിടെ ഒറ്റയ്ക്ക്ല്ലേ ഉപ്പാക്ക് എന്റെ കൂടെ നിന്നൂടെ?"
ചെക്ക് ഇൻ ചെയ്യാൻ പോകും മുൻപ് അവൻ ഒന്നുകൂടെ ഉപ്പാട് ചോദിച്ചു

"ഞാൻ ഒറ്റക്കല്ലല്ലോ
രണ്ട് മൈലാഞ്ചി ചെടികൾക്ക് താഴെ എന്നെയും കാത്തു ഒരാൾ കിടപ്പില്ലേ,
നിന്റെ ഉമ്മ!,
ആയുസ്സിന്റെ കുറച്ചു ദിവസം മാത്രം ഒരുമിച്ചു താമസിച്ച ഓൾടെ ഖബറിനടുത്ത് എല്ലാ ദിവസവും ചെന്നില്ലെങ്കിൽ ഓൾക്ക് സങ്കടാവും.."
അതും പറഞ്ഞ് അവന്റ നെറ്റിയിൽ ഉമ്മ വെച്ചു ബാപ്പ പടിയിറങ്ങുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു
ഉമ്മാടെ കാലിനടിയിൽ മാത്രമല്ല സ്വർഗ്ഗം
ഉപ്പ കൊണ്ട വെയിലിന്റെ വിയർപ്പിലും സ്വർഗ്ഗത്തിന്റെ മണമുണ്ട് എന്ന്....!!!

* Copy....

30/10/2020

ഈ മുന്നറിയിപ്പ് അബൂദാബി ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കുക....

28/01/2020

തെറ്റിദ്ധാരണകളകറ്റാന്‍ ഖുര്‍ആന്‍ പഠിക്കണം, പ്രവാചകചര്യയും....

അടൂര്‍ ഗോപാലകൃഷ്ണന്‍...

(November 15, 2019)

തെറ്റിദ്ധാരണകളകറ്റാന്‍ ഖുര്‍ആന്‍ പഠിക്കണം, പ്രവാചകചര്യയും- അടൂര്‍ ഗോപാലകൃഷ്ണന്‍
ഇത് വളരെ പ്രധാനപ്പെട്ട ഒരു പുസ്തക പ്രസാധന യോഗമാണ്. വളരെ വളരെ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പറയാന്‍ കാരണം, പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും കൂടിക്കഴിയുന്ന ആളുകളാണ് നമ്മള്‍. വിവിധ മതങ്ങളില്‍പെട്ടവര്‍, ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ബുദ്ധമതക്കാരനായാലും ജൈനമതക്കാരനായാലുമൊക്കെ വളരെ സൗഹാര്‍ദപരമായി സ്‌നേഹത്തോടെ കഴിയുന്ന ഒരു സംസ്ഥാനമാണ് കേരളം. ഈ സംസ്ഥാനത്തു പോലും നമ്മള്‍ കൃത്യമായി പരസ്പരം മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത്, ആധുനിക മലയാള ഭാഷയിലെ ഏറ്റവും വലിയ സാഹിത്യകാരന്‍, എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു എന്നാണ്. അദ്ദേഹം പറയാറുണ്ടായിരുന്നു, ഇസ്‌ലാം കംപാഷന്റെ/അനുകമ്പയുടെ മതമാണെന്ന്. അത് സത്യമാണ്. പക്ഷേ, അത് മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ കുറഞ്ഞപക്ഷം ഖുര്‍ആന്‍ വായിക്കണം. പ്രവാചകന്റെ ഓരോ വിഷയങ്ങളെപ്പറ്റിയുമുള്ള, മനോവ്യാപാരങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ, നിരീക്ഷണങ്ങളെ, ഉപദേശങ്ങളെ അറിയണം.
കഴിഞ്ഞ ഒരു ദശാബ്ദമായി മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളാണ്. സമാധാന കാംക്ഷികളായി കഴിയുന്ന, വളരെ നല്ല നിലയില്‍ മറ്റുള്ളവരുമായി ഇടപഴകുന്ന മുസ്‌ലിം സുഹൃത്തുക്കളെപോലും ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ ശരിക്കും ഇസ്‌ലാംമതം പിന്തുടരുന്നവരല്ല എന്നാണ് കുറച്ചൊക്കെ അറിയാവുന്ന എനിക്ക് തോന്നിയിട്ടുള്ളത്. ഇസ്‌ലാം മതവും അവരുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. മതത്തിനുള്ളിലെ ഒരാളല്ല പറയുന്നത് എന്നതുകൊണ്ട് ഇതിന് ചിലപ്പോള്‍ വലിയ ആധികാരികത വരികയില്ല.
വളരെ സമാധാനകാംക്ഷികളായി കഴിയുന്ന എന്റെ ഒത്തിരിയൊത്തിരി സുഹൃത്തുക്കള്‍ മുസ്‌ലിംകളാണ്. അവരെല്ലാം എത്രയോ നല്ല മനുഷ്യരാണ്. ഞാനെപ്പൊഴും വിചാരിക്കും, ഈ നല്ല മനുഷ്യരെപ്പറ്റിയാണ് ആളുകള്‍ സംശയങ്ങള്‍ ഉയര്‍ത്താന്‍ തക്കമുള്ള തീവ്രവാദ പ്രചാരണം നടത്തുന്നത് എന്ന്. അതിങ്ങനെ അനുസ്യൂതം നടക്കുകയാണ്. ആരാണ് ഇവര്‍ക്ക് ആയുധങ്ങളും പണവുമൊക്കെ കൊടുക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടാ. രഹസ്യ വഴികളാണ് തീര്‍ച്ചയായിട്ടും. അപ്പോള്‍ ഒരുഭാഗത്ത്, ദേശാന്തരമായിത്തന്നെ വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് ജീവിക്കാനുള്ള അവസരങ്ങള്‍ വളരെ ഇടുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെറിയ ശതമാനം ആളുകളാണ് തീവ്രവാദികള്‍. അവര്‍ കാരണം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ജീവിക്കാനൊക്കാത്ത അവസ്ഥ വന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ അവരെ അവിശ്വസിക്കുന്ന അവസ്ഥ വന്നുകൊണ്ടിരിക്കുകയാണ്. ഒരു കാരണവുമില്ല.
എന്റെ വളരെ നല്ല സ്‌നേഹിതനാണ് -പറഞ്ഞാല്‍ നിങ്ങള്‍ അറിയും- നടന്‍ മമ്മൂട്ടി. അഞ്ച് പ്രാവശ്യം നമസ്‌കരിക്കുന്ന ആളാണ്. എന്റെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളില്‍ അദ്ദേഹത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അദ്ദേഹം അഞ്ച് നേരം നമസ്‌കരിക്കുമ്പോള്‍ വളരെ സന്തോഷത്തോടുകൂടി ഞാന്‍ വിചാരിക്കും, ഇത്രയും ദൈവവിശ്വാസിയായ മനുഷ്യനില്‍നിന്ന് ഒരിക്കലും ഒരു തെറ്റു വരികയില്ല; നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്. എന്റെ വിശ്വാസം ശരിയുമായിരുന്നു. ഇത്രയും കാലം അതിന് വ്യത്യാസമൊന്നുമില്ല.
അങ്ങനെയുള്ള നല്ല ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുടെ പേരെടുത്തു പറയുന്നില്ല. അവരൊക്കെ നല്ല വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ, അവരുടെ ഉറച്ച ദൈവവിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ദൈവങ്ങളുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ദൈവമെന്ന ഒരു പ്രതിഭാസമുണ്ടെങ്കില്‍ ആ പ്രതിഭാസം എല്ലാവര്‍ക്കും ഒന്നാണ്.
‘ഈശ്വര്‍ അല്ലാ തേരേ നാം സബ്‌കോ സന്മതി ദേ ഭഗവാന്‍’ എന്ന് ഗാന്ധിജി പാടിയിട്ടുണ്ട്. ഈശ്വരനെന്നും അല്ലായെന്നും അറിയപ്പെടുന്നത് ഒരേ ദൈവം തന്നെയാണ്. എല്ലാവര്‍ക്കും നല്ല ബുദ്ധി നല്‍കേണമേ എന്നാണ് ഗാന്ധിജി പ്രാര്‍ഥിച്ചത്. അദ്ദേഹം മതസൗഹാര്‍ദത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധനായ ഒരു മഹാ വിശ്വാസിയായിരുന്നു. ഹിന്ദുമത വിശ്വാസിയായിരുന്നു, ഈശ്വര വിശ്വാസിയായിരുന്നു ഗാന്ധിജി. മറ്റു മതങ്ങളുമായി അങ്ങനെ വളരെ അടുക്കുകയോ അവര്‍ക്ക് നല്ലതൊന്നും ചെയ്യുകയോ വേണ്ട എന്ന സന്ദേശവുമായാണ് ഒരു മതതീവ്രവാദി ഹിന്ദുക്കളില്‍നിന്ന് വന്ന് അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയത്. ഒരു മുസ്‌ലിമല്ല, ഒരു ഹിന്ദുതീവ്രവാദിയാണ്. തീവ്രവാദം നമ്മുടെ രാജ്യത്ത് ശരിക്കും ആരംഭിച്ചത് ആ ഹിന്ദു തീവ്രവാദിയാണ്. അതിനിയും അവസാനിച്ചിട്ടില്ല. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമായിട്ടുള്ള ഈ വര്‍ഷം ആദ്യമായി പത്രങ്ങളില്‍ നാം കണ്ടു, ഒരു സ്ത്രീ കുറേ അനുചരന്മാരുമായി വന്ന് ഗന്ധിജിയുടെ അതേ പൊക്കമുള്ള, അതേ രൂപത്തിലുള്ള ഒരു രൂപമുണ്ടാക്കി ആ രൂപത്തിലേക്ക് അവരുടെ തോക്കില്‍നിന്ന് നിറയൊഴിക്കുന്നു. ഓരോ വെടിയുണ്ട തെറിക്കുമ്പോഴും ഗാന്ധിയുടെ രൂപത്തില്‍നിന്ന് രക്തമൊഴുകുന്നു. അതിന്റെ ഫോട്ടോ മാത്രമേ ആദ്യം നാം കാണുന്നുള്ളൂ. അടുത്ത ദിവസങ്ങളില്‍ മീഡിയതോറും പ്രചരിക്കുകയാണ് ഇതിന്റെ വീഡിയോ. എന്നിട്ട് പ്രഖ്യാപനം, ഓരോ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഇതുപോലെ വെടിവെക്കും എന്ന്. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത്, ഈ സ്ത്രീയെ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തും എന്നാണ്. നമുക്ക് തെറ്റി. അവരെ ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച് മെമ്പര്‍ ഓഫ് പാര്‍ലമെന്റാക്കി, എം.പിയാക്കി. അതാണ് ഈ രാജ്യം ചെയ്തത്. അതുപോലെ ഗാന്ധിജിയെ വെടിവെച്ച ആളിനെ, അയാളാണ് ശരിയായ രാജ്യഭക്തന്‍ എന്നു പറഞ്ഞ്, ദേശസ്‌നേഹി എന്നു പറഞ്ഞ് പ്രചാരണം നടത്തിയ മറ്റൊരു സ്ത്രീ -ഇവര്‍ സ്ത്രീത്വത്തിനു തന്നെ അപമാനമാണ്- അവര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല, ഇലക്ഷന് നില്‍ക്കാനും ജയിക്കാനും. എത്രയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് അവരും എം.പിയാണ്. അതായത്, രാജ്യത്ത് നിയമനിര്‍മാണം നടത്തുന്ന സഭയിലെ അംഗമാണ്. അങ്ങനെയുള്ള ഒരവസ്ഥയിലാണ് നമ്മള്‍ കഴിയുന്നത്.
ഇന്നിപ്പോള്‍ ഇസ്‌ലാമിക വിജ്ഞാനകോശം 13-ാം വാള്യം ഇറക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഞാനിതൊന്ന് – ഈ വാള്യം പൂര്‍ണമായും വായിക്കാനൊത്തില്ല, വളരെ വലുപ്പമുള്ളതാണ്- മറിച്ചുനോക്കി. താഅ് മുതല്‍ ദാഹിസ് വരെയുള്ള അക്ഷരങ്ങള്‍ വരുന്ന കാര്യങ്ങളാണ് ഇതില്‍ വരുന്നത്. അത്യാവശ്യം ചില പുറങ്ങള്‍ വായിച്ചുനോക്കിയപ്പോള്‍, വളരെ ചുരുക്കി വിദഗ്ധമായി ചരിത്രവും മതവും വിശ്വാസങ്ങളും ഒക്കെ ഇതില്‍ വിവരിക്കുന്നുണ്ട്. ഇത് ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രം വായിച്ചാല്‍ പോരാ. ഞങ്ങളെപ്പോലെയുള്ള, അതിനു പുറത്തുള്ള ആളുകളും പ്രത്യേകിച്ച്, മലയാളത്തിലും നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും താല്‍പര്യമുള്ളവര്‍ വായിക്കേണ്ടതാണ് ഈ ഗ്രന്ഥാവലി. വില വളരെ കൂടുതലാണ്, ചെറിയ വിലക്കൊന്നും കിട്ടില്ല. പേപ്പര്‍ബാക്ക് പോലെ ഇറക്കിയാല്‍ കൊള്ളാം എന്നെനിക്ക് തോന്നി. കാരണം, 2500 രൂപ വരും ഒരു വാള്യം വാങ്ങിക്കാന്‍. അപ്പോള്‍ പതിമൂന്ന് വാള്യങ്ങള്‍ വാങ്ങാന്‍ അധിക പേര്‍ക്കൊന്നും കെല്‍പ്പ് കാണില്ല.
അതിന് നമുക്ക് ചെയ്യാന്‍ കഴിയുന്നത്, കേരളത്തിലെ എല്ലാ ലൈബ്രറികളിലും ഈ പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ്. എല്ലാ കലാശാലകളിലും കോളേജുകളിലും എല്ലാ വാള്യങ്ങളും എത്തിക്കുക. ആവശ്യമുള്ളവര്‍ വായിക്കട്ടെ. വായിച്ചില്ലെങ്കിലും അവിടെ ഇരിക്കട്ടെ. ഇനി വരുന്ന തലമുറ വായിക്കുമല്ലോ. വളരെ പ്രധാനപ്പെട്ട, നമ്മുടെ സംസ്‌കാരത്തോട് ചെയ്യുന്ന വലിയൊരു സേവനമാണ് ഈ ഗ്രന്ഥപരമ്പര. തീര്‍ച്ചയായിട്ടും ഇസ്‌ലാം മതത്തെപ്പറ്റി ആളുകള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്.
നമുക്ക് കേരളത്തിന് പ്രത്യേകിച്ച്, ഇസ്‌ലാമുമായി അടുത്ത ബന്ധമുണ്ടായത് അറബികള്‍ വഴിയാണ്. അറബികളായിരുന്നു ചൈനയും നടുക്ക് ഇന്ത്യയും അതുകഴിഞ്ഞ് പടിഞ്ഞാറോട്ട് യൂറോപ്പുമായുള്ള വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍. അറബിക്കടല്‍ നമുക്കറിയാമല്ലോ, വ്യാപാരത്തിന്റെ സര്‍വാധിപത്യം അറബികള്‍ക്കായിരുന്നു. അത് അവരില്‍നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടിയാണ് യൂറോപ്യന്മാര്‍ വരുന്നത്. അത് ചരിത്രമാണ്. പോര്‍ച്ചുഗീസുകാര്‍ വന്നാണ് വലിയ പ്രശ്‌നമുണ്ടാക്കുന്നത്. സാമൂതിരിയുമായിട്ടൊക്കെയുള്ള കോണ്‍ട്രാക്റ്റുകള്‍ മാറ്റിയത് അവരാണ്. അവിടത്തെ പടത്തലവനായിരുന്നു കേരളീയനായിരുന്ന ഒരറബി.
ചരിത്രപരമായിത്തന്നെ മലയാള ഭാഷയില്‍ എത്രയെത്ര അറബി വാക്കുകളാണ് വന്നുചേര്‍ന്നിട്ടുള്ളത്! മലയാളം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കുപോലും അറിഞ്ഞുകൂടാത്ത എത്രയോ വാക്കുകള്‍ ഉണ്ട്. ഞാനെപ്പോഴും പറയാറുണ്ട്, തപ്പുകൊട്ടാം ഉണ്ണീ… എന്നൊരു പാട്ടുണ്ട്. നമ്മള്‍ പറയുന്ന തപ്പ് അറബിയിലെ ദഫ്ഫാണ്. അതുപോലെ പുണ്യഗ്രന്ഥങ്ങളൊക്കെ വെച്ച് വായിക്കാന്‍ വേണ്ടിയുള്ള ഒരു സ്റ്റാന്റുണ്ട്. തടിയിലുള്ള അത് ശരിക്കും ഉണ്ടാക്കിയത് അറബികളാണ്. ഇത് ഖുര്‍ആന്‍ വെച്ച് വായിക്കാന്‍വേണ്ടി ഉണ്ടാക്കിയതാണ്. ഇപ്പോള്‍ ഹിന്ദുക്കളുടെ രാമായണവും ഭാഗവതവും മഹാഭാരതവുമൊക്കെ വെച്ച് വായിക്കാന്‍ വേണ്ടി നാം ഉപയോഗിക്കുന്നത് അതേ തട്ടുതന്നെയാണ്. നാം പോലും അറിയാതെ, ഒരുപാടൊരുപാട് സംഗതികള്‍ പുറത്തുനിന്ന്, ആ സംസ്‌കാരത്തില്‍നിന്ന്, മതത്തില്‍നിന്ന് കടം വാങ്ങിയിട്ടുണ്ട്. അതാണ് ശരിക്കും മലയാളത്തെയും കേരളത്തെയും ഇന്നും ഉദ്ബുദ്ധമാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം വന്നത് ജൂതന്മാരാണ്. അവര്‍ അഭയാര്‍ഥികളായിട്ടാണ് വരുന്നത്. അത് കഴിഞ്ഞാണ് ഇസ്‌ലാം മതം വരുന്നത്. അതും കഴിഞ്ഞാണ് ക്രിസ്തുമതം വരുന്നത്. ഇവരൊക്കെ വരുമ്പോള്‍ ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ എതിരാളികള്‍ വരുന്നു, നമ്മുടെ മതത്തിനെതിരായി കുറേ എതിരാളികള്‍ വരുന്നു എന്നുള്ള വിധത്തിലല്ല കണ്ടത്. മറിച്ച്, കടലിനക്കരെനിന്ന് പുതിയ വിശ്വാസങ്ങള്‍, പുതിയ ജീവിത ദര്‍ശനങ്ങള്‍ വരുന്നു എന്നുള്ള രീതിയിലാണ് അവര്‍ അവരെ സ്വാഗതം ചെയ്തത്.
അവര്‍ക്ക് പള്ളി കെട്ടാനുള്ള പണം, അത് വെക്കാനുള്ള സ്ഥലം, താമസിക്കാനുള്ള ഇടം ഇതെല്ലാം കൃത്യമായിട്ടും ഖജനാവില്‍നിന്ന് കൊടുക്കുകയാണ് ചെയ്തത്; വാങ്ങിച്ചതൊന്നുമല്ല. അങ്ങനെ നമ്മുടെ സംസ്‌കാരത്തിലേക്ക് സ്വാഗതംചെയ്യപ്പെട്ട മതങ്ങളും സംസ്‌കാരങ്ങളുമാണ് അവ. അക്കൂട്ടത്തിലെ വളരെ പ്രധാനപ്പെട്ട മതമാണ് ഇസ്‌ലാം. അത് ഒരുപാട് നമ്മുടെ വ്യാപാരങ്ങളില്‍, ദൈനംദിന വിഷയങ്ങളിലൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ ഈ മുസ്‌ലിം സഹോദരങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളകറ്റാന്‍ മുസ്‌ലിമല്ലാത്ത ആളുകളും ഖുര്‍ആനും ഖുര്‍ആന്റെ വ്യാഖ്യാനങ്ങളും പ്രവാചകനും എന്താണ് പറഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നിര്‍ബന്ധമായും നടത്തണം. അതുകൊണ്ട് ഒരു വലിയ മതമായ ഹിന്ദുമതത്തിന് ദോഷമൊന്നുമുണ്ടാവുകയില്ല. മറിച്ച്, ഗുണമേ ഉണ്ടാവൂ. നമ്മുടെ സാഹോദര്യമാണ് നമ്മുടെ സമ്പത്ത്; സൗഹാര്‍ദമാണ് നമ്മുടെ ഐശ്വര്യം. അത് പുലര്‍ത്താന്‍ ഏത് നിലയിലും കഴിയണം. അതിനുവേണ്ടി ശ്രമിക്കണം. ആ ഉദ്യമത്തിലെ ഒരു പ്രധാനപ്പെട്ട ചുവടുവെപ്പായിട്ടാണ് ഈ ഗ്രന്ഥാവലിയെ ഞാന്‍ കാണുന്നത്. പതിമൂന്ന് എന്ന് പറയുന്നത് ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് നല്ലൊരു നമ്പറാണ്. യൂറോപ്പിലിത് ചീത്ത നമ്പറാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഇത് നല്ല നമ്പറാണ്. അതിനാല്‍, ഈ 13-നെ സ്വാഗതം ചെയ്യുന്നു....

(4.10.2019-ന് ഇസ്‌ലാമിക വിജ്ഞാനകോശം പതിമൂന്നാം വാള്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം)

*Copy......

26/01/2017

ശ്രദ്ധിക്കുക......
*****************

പ്രിയമുള്ളവരേ,

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ.ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും അറിയില്ല.
അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീൽഡിലേക്ക്.
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURA യിൽ ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഈ വിവരങ്ങൾ പരമാവുധി മറ്റുള്ളവരിലേക്കും എത്തിക്കുക.

*കടപ്പാട്

20/12/2013

Address

Kasaragod
671317

Telephone

+919895179798

Website

Alerts

Be the first to know and let us send you an email when The Thamb Melparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share