28/02/2020
ഹീറോ ബ്രദേഴ്‌സിന്റെ സി ഡിവിഷൻ ചാമ്പ്യൻ പട്ടം; പൂവണിഞ്ഞത് പത്തൊമ്പത് വർഷത്തെ ആഗ്രഹം
വർഷം 2002
മൊബൈൽ ഫോണുകൾ ആഡംബരം ആയിരുന്ന, സോഷ്യൽ മീഡിയ ഇല്ലാത്ത, ഡാറ്റ എന്തെന്നറിയാത്ത, ടിവിയും കേബിൾ കണക്ഷനും വരേണ്യമായിരുന്ന കാലം
ആകെയുള്ള എന്റർടെയ്ൻമെന്റ് എന്നത് ക്രിക്കറ്റ് കളികൾ. ഭ്രാന്തമായി ക്രിക്കറ്റ് ഫോളോ ചെയ്തിരുന്ന കാലം. അത് ഇന്ത്യയുടെ അന്താരാഷ്ട്ര മാച്ചുകൾ ആയാലും ലോക്കൽ ക്രിക്കറ്റ്, അണ്ടർ ആം ആയാലും ലീഗ് ക്രിക്കറ്റ് ആയാലും.
ഹീറോ ബ്രദേഴ്‌സ് ക്ലബ് ഇന്നത്തെ രീതിയിൽ ഒരു സംഘടിത രൂപം പ്രാപിച്ചു ഒന്നാം നിലയിൽ പ്രവർത്തനം തുടങ്ങിയത് ഈ വർഷം ആണ്.
അന്ന് തൊട്ടേയുള്ള അടങ്ങാത്ത ആഗ്രഹം ആയിരുന്നു ജില്ലാ ലീഗ് ക്രിക്കറ്റിൽ കളിക്കുക എന്നത്. അന്ന് അത് ടിസിസി പിസിസി അബ്‌ലസ് പോലോത്ത വമ്പൻ ടീമുകളുടെ കുത്തക ആയിരുന്നു. ചെറു ടീമുകൾ കളിച്ചു തുടങ്ങുന്നതെ ഉള്ളൂ. അന്ന് അബ്‌ലസിന് മെയിൻ ടീം കൂടാതെ സി ഡിവിഷനിൽ കളിക്കുന്ന രണ്ടാം നിര ടീമും ഉണ്ടായിരുന്നു. അക്കൊല്ലം അബ്‌ലസ് രണ്ടാം ടീമിനെ സീരിയസ് ആയി കളിപ്പിക്കാൻ തക്ക കളിക്കാർ ഇലാത്തത് കൊണ്ട് കളിക്കുന്നില്ല എന്ന തീരുമാനം എടുത്തപ്പോഴാണ് അൽത്താഫ് സൂരത്തിന്റെയും മറ്റും പരിശ്രമത്തിൽ അവരുടെ പേരിൽ കളിക്കാനുള്ള അവസരം ഒരുങ്ങിയത്. കളിക്കാരുടെ ഫോമുകളിൽ അബ്‌ലസ് സെക്രട്ടറി ഒപ്പ് വക്കുമ്പോൾ ഒരൊറ്റ ഡിമാന്റ് മാത്രമാണ് പറഞ്ഞത്. തോറ്റാൽ കുഴപ്പമില്ല, മാന്യമായിരിക്കണം, നാണം കെടുത്തരുത്. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യം ഇല്ല, അത്രയേ നമ്മെ പറ്റി എല്ലാർക്കും പ്രതീക്ഷ ഉണ്ടായിരുന്നുള്ളു
പക്ഷെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ടുള്ള ഗംഭീര പെർഫോമൻസ് ആണ് ആദ്യ വർഷത്തിൽ തന്നെ കാഴ്ചവെച്ചത്. ഒരു കൗതുകത്തിന് വേണ്ടി തുടങ്ങിയ കളി സീരിയസായി എടുക്കുന്നതിൽ നിർണായകമായത് ആ കൊല്ലത്തെ കളികൾ ആണ്. ഒരു വിജയം അകലെ സെമിയിൽ എത്താൻ പറ്റിയില്ല.
ആദ്യ കൊല്ലത്തെ ഊർജ്ജം കാരണം പിറ്റെ കൊല്ലം സ്വന്തം പേരിൽ തന്നെ ക്ലബ് രജിസ്റ്റർ ചെയ്ത് കളിക്കാൻ തുടങ്ങി. പക്ഷെ അതൊരു കാത്തിരിപ്പായിരുന്നു. നീണ്ട 19 വർഷക്കാലത്തെ. കപ്പിനും ചുണ്ടിനും ഇടയിൽ പലകുറി ഇടറിവീണു. തുരുത്തിയോട് സെമിയിൽ അടിപതറിയപ്പോൾ ജൂബ്ബി പൊട്ടിക്കരഞ്ഞത് ഇന്നും മനസ്സിലുണ്ട്. സെമിയിൽ പലകുറി തോറ്റു. ക്രിക്കറ്റ് അസോസിയേഷന്റെ നിയമം പാലിക്കുന്നതിൽ അശ്രദ്ധ പറ്റിയതിനെ തുടർന്ന് സെമി ജയിച്ചിട്ടും പിൻവാങ്ങേണ്ടി വന്ന കൈപ്പേറിയ അനുഭവവും ഉണ്ടായിട്ടുണ്ട്.
കാലം മാറിക്കൊണ്ടിരുന്നു, ക്രിക്കറ്റും മാറി. വൻ ടീമുകൾ പോയി ചെറു ടീമുകൾ രാജാക്കന്മാരായി. സി ഡിവിഷനും കടന്ന് ഡി ഡിവിഷനും സൂപ്പർ ഡിവിഷനും ആയി. T20 വന്നു. മൊബൈൽ വന്നു. സ്മാർട്ട് ഫോണ് വന്നു. ലോക്കൽ കളികൾ പോലും ലൈവ് ആയി. നേരിട്ട് കണ്ടിരുന്ന കളികൾ, SMS ൽ സ്കോർ അറിയിച്ച കാലവും കഴിഞ്ഞു, വാട്‌സ്ആപ്പിൽ ലൈവ് അപ്‌ഡേറ്റ് ആകുന്ന, ഓൺലൈനായി ലൈവ് സ്കോർ കിട്ടുന്ന ലെവലിലേക്ക് വളർന്നു. സ്വന്തമായി മനോഹര സ്റ്റേഡിയം പോലും ആയി നമ്മെക്കാൾ പിന്നീട് വന്നവർ പോലും ചാമ്പ്യൻസ് ആയി. പക്ഷെ അപ്പോഴും ഒരു ചാമ്പ്യൻഷിപ് എന്ന സ്വപ്നം മാത്രം പൂവണിഞ്ഞില്ല. 2019 ലെ മോശം പ്രകടനം കാരണം ബി യിൽ നിന്നും സി യിലേക്ക് താരം താഴ്ത്തപ്പെടുക പോലും ഉണ്ടായി.
അവസാനം, ക്രിക്കറ്റ് കണ്ടുപിടിച്ചു ചാമ്പ്യൻ ആവാൻ പറ്റാതിരുന്ന ഇംഗ്ലണ്ട് പോലും ലോകകപ്പ് നേടി.
വർഷം 2020, കൃത്യമായി പറഞ്ഞാൽ 25.02.2020
ക്ലബ്ബിന്റെ ചരിത്രത്തിലെ 19 ആം സീസണ്.
പലക്കൂറി ഇടറിവീണ സെമിയിൽ ഒരിക്കൽ കൂടി. ഇത്തവണ എതിരാളികൾ ജാസ് ബദർ നഗർ.
ചെറിയ സ്‌കോർ ആയ 110 റൺസ് ക്ലബ് ചേസ് ചെയ്യുന്നു
ഓവർ 7 കഴിഞ്ഞപ്പ്പോൾ സ്കോർ 25 ന് 7 വിക്കറ്റ്. ഇനി ഔപചാരികതകൾ മാത്രം ബാക്കി. തോറ്റാലും സാരല്ല, ഒന്നു മാന്യമായ സ്കോർ ആക്കിയാൽ മതിയാഞ്ഞി എന്ന് ആത്മഗതം ചെയ്തു എല്ലാരും. പക്ഷെ, എല്ലാരേയും ഞെട്ടിച്ചു അസാമാന്യ അനിതസാധാരണ കളി കാഴ്ച്ച വെച്ചു ക്യാപ്റ്റൻ മിർഷാദും ഒപ്പം അൻസാറും കളിയിലേക്ക് ക്ലബ്ബിനെ തിരികെ കൊണ്ടെത്തിച്ചു.
അതേ..!
25/7 ൽ നിന്നും 86 റൺസിന്റെ എട്ടാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ക്ലബ്ബിനെ ആദ്യമായി ഫൈനലിൽ എത്തിച്ചു.
തീർത്തും അപ്രാപ്യമെന്നു തോന്നിച്ച ഘട്ടത്തിൽ നിന്നും ടീമിനെ ഫൈനലിലേക്ക് എത്തിച്ച ക്യാപ്ടൻ മിർഷാദിന് തുരുതിക്കെതിരെ ടോസ് കിട്ടിയപ്പോൾ ഫീല്ഡിങ് എടുക്കാൻ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. മഴ മൂലം വൈകിത്തുടങ്ങി 35 ഓവർ ആക്കി ചുരുക്കിയ കളി തീർത്തും ഏകപക്ഷീയം ആയിരുന്നു. അഷ്ഫാഖിന്റെ മികച്ച ബോളിങ്ങിൽ 157 റന്സില് ഒതുക്കിയ തുരുതിക്കെതിരെ ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് പോയത് പിരിമുറുക്കം സൃഷ്ടിച്ചുവെങ്കിലും അവിടന്നങ്ങോട്ട് മത്സരം എച്ബിസിയുടെ വരുതിയിൽ ആയി. നിർണ്ണായക സമയത്തു ഫോം കണ്ടെത്തിയ കാസിമിന്റെ അപരാചിത അർദ്ധശതകം ടീമിനെ ജയിപ്പിച്ചു. അങ്ങനെ 19 വർഷത്തെ കാത്തിരിപ്പിന് വിരാമം ആയി.
അതേ, ഹീറോ ബ്രദേഴ്‌സ് ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിന്റെ ഔദ്യോഗിക ലീഗ് മത്സര ചാമ്പ്യൻഷിപ്പിൽ കപ്പടിച്ചിരിക്കുന്നു
ഇനി എത്ര കപ്പടിച്ചാലും ഈ വിജയത്തിന്റെ അത്ര ത്രില്ലിങ് ഉണ്ടാവില്ല, അത്രമാത്രം ആഗ്രഹിച്ചിരുന്നു. ടീമിനെ പിന്തുണക്കാൻ എത്തിയ പലരും ആദ്യ സീസണ് നടക്കുമ്പോൾ ജനിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല.
തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് മുഖങ്ങൾ ഈ നേട്ടത്തിന് പിറകിൽ ഉണ്ട്. പണം കൊണ്ടും, പിന്തുണ കൊണ്ടും ശകാരിച്ചും കളിച്ചും, കളിക്കാരെ കണ്ടെത്തിയും, എല്ലാ തിരക്കുകളും മാറ്റിവെച്ചു കളി കാണാൻ വന്നും പ്രോത്സാഹിപ്പിച്ച പലരും. ജൂബി ഇല്യാസ്, അക്ബർ, റഫീഖ്, അൽത്താഫ്, ഇഖ്ബാൽ, കബീർ ഹാഷിം, അങ്ങനെ പേരുകൾ എണ്ണിയാൽ ഒരുപാട്.
എല്ലാവർക്കും ആശംസകൾ അർപ്പിക്കുന്നു
ആബിദ് ബാഷ