12/03/2021
ചന്ദ്രൻ സാറിന്റെ പറമ്പ്..
നാട്ടിലെ പറമ്പുകൾ ഉടമസ്ഥന്റെ പേരിൽ അറിയപ്പെടുന്നത് സ്വാഭാവികം.പക്ഷേ ചന്ദ്രൻ സാറിന്റെ പറമ്പ് എന്ന നാട്ടിലെ ആ കളിസ്ഥലം അത് എന്നും ഒരു വികാരം തന്നെ ആയിരുന്നു..ആയിരുന്നു എന്നല്ല ആണ് അന്നും ഇന്നും എന്നും...ഓർമ്മവെച്ച കാലം മുതൽ കളിച്ചു നടന്ന പറമ്പ്,ധാരാളം മാവുകളും ,പുളിമരവുമൊക്കെയായി ഒരു ബാല്യകാലത്തിന്റെ ആഘോഷങ്ങൾക്ക് വേണ്ടതെല്ലാം കരുതിവെച്ചിരുന്ന സ്ഥലം.....കാലത്തിന്റെ കുത്തൊഴുക്കിൽ പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ഇന്നും പല തലമുറയിലെ കുട്ടികൾക്കും ഇവിടം ഒരു സ്വർഗ്ഗതുല്യമായ കളി സ്ഥലം തന്നെയാണ്, ഓർമ്മകൾ അയവെറക്കാനെന്നവണ്ണം അവരോടൊപ്പം ഇന്നും ഞങ്ങളും കൂടാറുണ്ട്....പണ്ടൊക്കെ വേനലവധി തുടങ്ങിയാൽ പിന്നെ ചന്ദ്രൻസാറിന്റെ പറമ്പിൽ തന്നെയാണ്....ആ പറമ്പിലെ മാങ്ങ പറിച്ചു അഖിലിന്റെ വീട്ടിൽ നിന്നും ഉപ്പും മുളകുപൊടിയുമൊക്കെ ചേർത്ത് തിരുമി കഴിക്കുന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും വായിൽ ബോട്ട് ഓടും... അതു കഴിഞ്ഞ് അവിടുത്തെ കിണറ്റിൽ നിന്നും വെള്ളം കൂടി കുടിച്ചു കഴിഞ്ഞാൽ കുശാൽ ആയി...പിന്നെ അമ്മയുടെ തല്ല് പേടിച്ച് ഉച്ചയ്ക്ക് വീട്ടിൽ പോയി എന്തെങ്കിലും കഴിച്ചെന്ന് വരുത്തണം അല്ലെങ്കിൽ പിറ്റേന്ന് വീട്ടു തടങ്കലിൽ ആകും..ഊണിനു ശേഷം വീണ്ടും വെയിലിനെ വെല്ലുവിളിച്ച് പറമ്പിലേക്ക് തന്നെ..അണ്ണാന്മാര് കളിക്കാൻ വരുന്ന മുന്നേ ഒന്നു രണ്ട് റൗണ്ട് കളിക്കണം..അവര് വന്നാൽ പിന്നെ നമ്മൾ സൈഡ് ആകും..നാല് മണിക്ക് ശേഷം മുതിർന്നവരോടൊപ്പം വീണ്ടും ക്രിക്കറ്റ് കളി..എന്തൊക്കെ ആയാലും ഇരുട്ടുന്ന വരെ പറമ്പിൽ തന്നെ ആവും...പലപ്പോഴും 'അമ്മ വടിയും ആയി വന്ന് തല്ലിക്കൊണ്ട് പോയിട്ടുണ്ട്...
നാളുകൾക്ക് ശേഷം പറമ്പിന്റെ ഉടമസ്ഥൻ മാറിയെങ്കിലും പറമ്പിന്റെ പേര് മാറിയില്ല...നാട്ടിലെ പല കളിസ്ഥലങ്ങളും അന്യം നിന്നു പോയപ്പോൾ പുതിയ ചില കൂട്ടുകാർ കൂടി ഞങ്ങളുടെ പറമ്പിലേക്ക് ചേക്കേറി.അങ്ങനെ അംഗബലം കൂടിയപ്പോൾ ഒരു ക്ലബ്ബ് ഒക്കെ രൂപീകരിക്കാം എന്ന നിലയിലായി.അവിടെ നിന്നാണ് ന്യൂ വിന്നേഴ്സ് ക്ലബ്ബിന്റെ ജനനം..വർഷങ്ങൾക്ക് ശേഷം ക്ലബ്ബിന്റെ ഓണപ്പരിപാടികൾക്ക് വേദി ആയതോടെ പറമ്പിന്റെ പേരിൽ ചെറിയ മാറ്റം വന്നു ന്യൂ വിന്നേഴ്‌സ് നഗർ എന്നൊക്കെ ആക്കിയെങ്കിലും ഞങ്ങൾക്ക് ഇന്നും ഇത് ചന്ദ്രൻ സാറിന്റെ പറമ്പ് തന്നെയാണ്..വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്ക് ശേഷം കഥ പറഞ്ഞിരിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു..അത് പിന്നീട് സ്ഥിരമായി.ഇപ്പോൾ എല്ലാദിവസവും വൈകിട്ട് പറമ്പിൽ വന്ന് ഇരിക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറിക്കഴിഞ്ഞു..കൂട്ടിന് ആരുമില്ലെങ്കിലും പോയി ഇരിക്കാറുണ്ട്,ഒരുപാട് മധുരമുള്ള ഓർമ്മകൾ ഉള്ള ആ പറമ്പിൽ ഇരിക്കുമ്പോൾ ഒരിക്കലും തനിച്ചാണ് എന്ന് തോന്നിയിട്ടില്ല...ആ പഴയ ഉഗാണ്ടിയും, ചാണ്ടിയും,പോപ്പിയും,നിബിനും,അനിയും, വാവയും, അക്കിയും എല്ലാം ഒന്ന് കണ്ണ് അടച്ചാൽ ഓടിയെത്തും , അരികത്തായി ആ കയിപ്പൻ മാവും.
കാലചക്രം തിരിക്കുന്നവന്റെ കന്നം തിരിവ് പോലെ ഇന്ന് ആ പറമ്പിൽ ഇറക്കിയ ആ കല്ലുകൾ, അത് വന്ന് വീണത് ഞങ്ങളുടെ നെഞ്ചിൽ ആണ് .....കുറച്ചു നാളുകൾക്കുള്ളിൽ ചന്ദ്രൻ സാറിന്റെ പറമ്പ് വെറും ഓർമ്മകൾ മാത്രമായി മാറും,ഒരു തലമുറയുടെ ബാല്യകാല സ്മരണകൾക്ക് മുകളിൽ മണിമാളികകൾ ഉയരും... എങ്കിലും മരണംവരെയും മനസ്സിൽ ഉണ്ടാവും ആ പറമ്പും എന്റെ പ്രീയ കൂട്ടുകാരും........