23/07/2020
സിനിമയിൽ ഒരു നായകന്റെ പ്രാധാന്യം എത്രത്തോളം കൂടണം എന്നത് അതേ സിനിമയിലെ വില്ലൻ എത്രത്തോളം ശക്തൻ ആണ് എന്നതിനെ അടിസ്ഥാനം ആക്കിയാണ്, നായകന്റെ ചേഷ്ടകൾ ആഘോഷിക്കപ്പെടുമ്പോഴും വിസ്മരിക്കാൻ തരമില്ലാത്ത തരം പ്രകടനങ്ങൾ വില്ലന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ വില്ലന്മാർ നായകന്മാരെക്കാൾ പ്രീതി പിടിച്ചു പറ്റും, അവരെ ആരാധകർ വാഴ്ത്തിപ്പാടും, അവർക്ക് വേണ്ടി കരഘോഷങ്ങൾ കൊണ്ട് സംഗീതമൊരുക്കും.
ഫുട്‌ബോളിലും സംഗതി വ്യത്യസ്തമല്ല, ഇടക്ക് അടിക്കുന്ന ഗോളുകൾക്കോ, തടഞ്ഞിട്ട പന്തുകൾക്കോ നൽകാൻ ആവാത്ത വിജയം ചില വില്ലത്തരങ്ങൾ വെട്ടി പിടിച്ചു തരും... ടീമിന് വേണ്ടി എല്ലാം അർപ്പിക്കാൻ തയ്യാറായി ഇറങ്ങുന്നവർ അവരുടെ വ്യക്തിഗത നേട്ടങ്ങൾക്ക് അപ്പുറം ടീം വിജയത്തിന് വേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കും, കളി പുസ്തകത്തിലെ നിയമങ്ങൾ എല്ലാം തച്ചു തകർത്ത് ടീമിന്റെ ജയത്തിന് വേണ്ടി സ്വയം ബലിയാടാവുന്ന ഇവർക്ക് ചിലപ്പോഴൊക്കെ തങ്ങൾ ആഘോഷമാക്കിയവരെക്കാൾ വില കല്പിച്ചു നൽകപ്പെടുന്നുണ്ട്...
മൊറാട്ടയുടെ ഉറച്ച ഗോൾ അവസരത്തെ ടാക്കിൾ ചെയ്തു കളിക്കളത്തിനു പുറത്തേക്ക് പറഞ്ഞയക്കപ്പെടുമ്പോൾ ഫെഡെ വാൽവർഡെയെ പുരുഷാരം വരുന്ന മാഡ്രിഡ് ആരാധകരും പ്രകീർത്തിച്ചു കൊണ്ട് കൊണ്ടാടിയത് അതുകൊണ്ടൊക്കെ തന്നെയാണ്!
"I think the prize for the best player makes perfect sense in the world because Valverde won the match in that action."
ബദ്ധവൈരികൾ തന്റെ പോരാളിയെ വീഴ്ത്തി കളി തട്ടി എടുത്തത് കണ്ടിട്ടും സിമിയോണി പറഞ്ഞ വാക്കുകൾ ആണിത്, ഒരു ഇന്റൻഷണൽ ഫൗൾ കളിയിൽ ഉണ്ടാക്കിയേക്കാവുന്ന ദിശ മാറ്റത്തെ സിമിയോണിയെക്കാൾ നന്നായി അറിയുന്ന ആരാണുള്ളത്, അയാൾ മാത്രം അല്ല മാഡ്രിഡ് നഗരങ്ങളുടെ പ്രതീതി യുദ്ധങ്ങൾ കണ്ടു ഇരുന്ന കളിയാസ്വാദകരിൽ അധികവും സിമിയോണിയുടെ വാക്കുകൾ ശരി വെച്ചിരുന്നു, അശ്രാന്ത പരിശ്രമം കൊണ്ട് മാഡ്രിഡ് നിരയിലെ മഹാര്‍ഘമായ സാന്നിധ്യമായി ഫെഡെ വളർന്നത് ഇങ്ങനൊക്കെയാണ്..
താര നിബിഡമായ മാഡ്രിഡ് നിരയിൽ സ്ഥിരം സാനിദ്ധ്യമായി ഫെഡെ മാറുന്നുണ്ട് എങ്കിൽ അയാൾ കളിക്ക് നൽകുന്ന പ്രതിജ്ഞാബദ്ധത ഏറെ വലുതായത് കൊണ്ടാണ്, പ്രതിയോഗികൾ ഒന്നയയുമ്പോൾ കണിശതയോടെ പന്ത് കൈപ്പിടിയിൽ ഒതുക്കി കുതിക്കുന്ന ഫെഡെ, 90 മിനുട്ടും ഒരേ ആവേശത്തോടെ കളം നിറയുന്ന ഫെഡെ, നേരത്തെ ഉള്ള വിലയിരുത്തൽ ആയേക്കാം എന്നാൽ പോലും എത്ര നയനാന്ദകരമാണ് ആഹ് കാഴ്ച.. മോന്റവീഡിയോ നഗരത്തിൽ നിന്ന് യഥാര്‍ത്ഥമെന്നു വിശ്വസിക്കുവാന്‍ കഴിയാത്ത വണ്ണം ആനന്ദപ്രദമായ അവസരം കൈപിടിയിലൊതുക്കി പ്രതാപമാർന്ന മാഡ്രിഡ് മണ്ണിലേക്ക് കാലെടുത്തു വെച്ച ചെറുപ്പക്കാരനിൽ നിന്ന് മാഡ്രിഡിന്റെ മുന്നണി പോരാളിയായി അയാൾ മാറുന്ന കാലം വിദൂരമല്ല...
തുടക്കത്തിലെ തഴയപ്പെട്ട ട്രാൻസ്ഫർ ആണ് ഫെഡേയുടെത്, ട്രാൻസ്ഫറിന് മുമ്പുള്ള മെഡിക്കൽ ചെക്കപ്പിൽ യൂറോപ്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ ആ ചെറുപ്പക്കാരന് ആവില്ല എന്ന റിപ്പോർട്ടിൽ ആ ഡീൽ എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു പോയേനെ എന്നാൽ ഫെഡെ വാൽവർഡേയുടെ കഴിവിൽ അത്രമേൽ ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്ന മാഡ്രിഡ് സ്കൗട്ട് ചീഫ് ജൂനി കാലഫെറ്റ് അയാളുടെ ഉറപ്പിൻമേൽ വാൽവർഡേയെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു, ഇട നെഞ്ചിലെ ബാഡ്‌ജിനൊപ്പം ജൂനി തന്നിൽ അർപ്പിച്ച ആ വിശ്വാസത്തിന് കൂടി വേണ്ടിയാണ് ഫെഡെ കളം നിറഞ്ഞു കളിച്ചത്, മാഡ്രിഡ് കുപ്പായത്തിൽ ദൃഢാനുരകത്മായ അനുപമമായ കളി പുറത്തെടുക്കുന്നതും..
ഫെഡെ വാൽവർഡേ കൂടിയുള്ള മാഡ്രിഡ് മധ്യനിര കൂടുതൽ സുദൃഢമായതാണ്. നിലവിലെ കളി മേന്മ തുടർന്ന് കൊണ്ട് പോകുവാൻ കഴിയുകയാണ് എങ്കിൽ,
മോന്റവീഡിയൊയിലെ "ലിറ്റിൽ ബേർഡ്" ലോസ് ബ്ളാങ്കോസിന്റെ വിജയ വഴികൾക്കുള്ള സാരഥിയാകും,
മാഡ്രിഡിനെ ധമനികളിൽ കയറ്റി ആരാധിക്കുന്ന കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനാകും, വരും നാളുകളിൽ വെള്ളക്കുപ്പായത്തിന്റെ സമുന്നതമായ പോരാളികളിൽ മുൻപന്തിയിൽ ഉണ്ടാകും...
ജന്മദിനാശംസകൾ ഫെഡെ ❤️