24/12/2022
ചന്ദ്രവംശികളോട് ധർമ യുദ്ധത്തിന് പോയ മേലുഹാൻസിന്റെ വിശുദ്ധ പോരാളി ശിവ വൈകിയെങ്കിലും മനസ്സിലാക്കുന്നുണ്ട് ഇതൊരു ധർമ അധർമ യുദ്ധത്തിനുമപ്പുറം നന്മ തിന്മകളുടെ സങ്കര ഭൂമികളിലെ രണ്ടു സംസ്കാരങ്ങൾ തമ്മിൽ അല്ലെങ്കിൽ അവരുടെ സാംസ്‌കാരിക വ്യതിയാനങ്ങളിലെ കണക്ക് തീർക്കപ്പെടാൻ തന്നെ ഉപയോഗിച്ചതായിരുന്നു എന്ന്. ചരിത്രത്തിൽ നോക്കിയാൽ ഇത് പോലെ സാംസ്‌കാരിക സംഘട്ടനങ്ങൾ നമുക്ക് കാണാൻ പറ്റും, ഫുട്ബാൾ ഒരു കേവല വിനോദഉപാദി എന്നതിലുപരി ഓരോ നാടിനെയും അതിന്റെ സംസ്കാരത്തിനെയും പ്രതിനിധീകരിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ തെരുവുകളിൽ കളിച്ചു വളരുന്ന ഓരോ പ്രതിഭയും ആ തെരുവിന്റെ സംസ്കാരം തന്റെ കളിയിലേക്ക് കൊണ്ട് വരികയാണ്. അവരെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ഒരാഘോഷമാണ്, ജീവിതത്തിന്റെ മറ്റൊരു ഭാഗം, അത് കൊണ്ടി തന്നെ ആണു സാമ്പാ നൃത്തവും ടാങ്ങോ ഡാൻസും അവർ ജീവിതത്തിൽ നിന്നും കളിയിലേക്ക് പറിച്ചു നടന്നത്. എന്നാൽ കുറെ കൂടി പോളിഷ് ആയി അച്ചടക്കമുള്ള യൂറോപ്യൻ ഫുട്ബോളിലേക്ക് അത്തരം പറിച്ചു നടലുകൾ ഉണ്ടാവുമ്പോ സാംസ്‌കാരികമായ ഏറ്റുമുട്ടലുകളിലേക്ക് അത് കലാശിക്കുന്നത്. ബ്രസീൽ കളിക്കാരുടെ ഡാൻസും, സ്കിൽസ് ഉം ആദിമ ഗോത്ര വശജരുടെ യുദ്ധ പോർവിളികളെല്ലാം അവരിൽ അസ്വാരസ്യങ്ങൾ സ്രഷ്ടിക്കുന്നു. അവിടെ ആണു അർജന്റീന യുടെ പരാജയം കൂനി കൂനി നടക്കുന്ന ഗൗച്ചോകളുടെ പരാജയം ആയി യൂറോപ്പ് ആഘോഷിക്കുന്നത്. ഫുട്ബാളിനെ അടക്കം ഭരിക്കുന്ന രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വൈരത്തിനു ഫുട്ബാൾ എന്നാ കളി എന്നതിലുപരി അതൊരു സാംസ്‌കാരിക പോരാട്ടം ആയി മാറുന്നത് അവിടെ ആണു .
അത്തരമൊരു സാംസ്‌കാരികമായ വ്യത്യാസങ്ങൾ ലോകത്തിനു കൂടുതൽ വ്യക്തമായതു ഡീഗോ മറഡോണയിലൂടെ ആയിരിക്കും, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിച്ച ദിവസം എന്നാണു എന്ന് അയാളോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞതു ലോകകപ്പ് വിജയമോ നാപൊളി യിലെ ഫുട്ബാൾ ലോക ചരിത്രം കണ്ട ഏറ്റവും വലിയ ഒറ്റയാൻ പോരാട്ടമോ അല്ലായിരുന്നു,അത് തന്റെ ആദ്യ കോൺട്രാക്ട് കിട്ടി തന്റെ അമ്മയ്ക്കും പെങ്ങമാർക്കും താമസിക്കാൻ ആയി വീട് വാങ്ങിയപ്പോൾ ആയിരുന്നു. ബുണേഴ്സ് എയർസിലെ തെരുവിന്റെ പുത്രന് യൂറോപ്യൻ ഫുട്ബാളിലെ ചരിത്ര ക്ലബ് ആയ ബാർസ യിലേക്ക് ചേക്കേറുമ്പോ പ്രതീക്ഷകൾ ഏറെയായിരിക്കും, പക്ഷെ തന്റെ പ്രതീക്ഷകൾക്ക് മൂടപടലം ചാർത്തി കൊണ്ട് യൂറോപ്യൻ way of ലൈഫ് നോട് ഇണങ്ങി ചേരാൻ പറ്റാത്ത ഡോണയെ ആയിരുന്നു ലോകം കണ്ടത്. ക്യാമ്പ് നൗ പിച്ചിൽ ഒരു മായ ജാലക്കാരനെ പോലെ അദ്ദേഹം പ്രകടനം നടത്തി എങ്കിലും പ്രതീക്ഷകളുടെ ഭാരവും തനിക്ക് ഉൾക്കൊള്ളനാവാത്ത ഒരു നാടിനാലും വീർപ്പു മുട്ടിയാണ് അദ്ദേഹം നാപൊളിയിലേക്ക് ചേക്കേറുന്നത്.
എന്നാൽ നാപിൾസ് അദ്ദേഹത്തെ സ്വന്തം പുത്രനെന്ന പോലെ സ്വീകരിച്ചു, ബുനെസ് അയേഴ്‌സിന്റെ ന്റെ തെരുവ് കാഴ്ചകളുള്ള നാപ്പിൾസുമായി അദ്ദേഹം ഇണങ്ങി ചേരുകയും ചെയ്തു. നാപ്പിൾസ് ന്റെയും ലോക ഫുട്ബോൾ ചരിത്രത്തിന്റെയും തന്നെ ഏറ്റവും ഐതിഹാസികമായ കാലഘട്ടം ആയിരുന്നു അത്. ഒരു രണ്ടാം ഡിവിഷൻ ടീമിന്റെ കരുത്തു മാത്രം ഉള്ള ഒരു ടീമിനെ അക്കാലത്തെ ഏറ്റവും മികച്ച ലീഗ് ആയ ഇറ്റലിയൻ നെറുകയിൽ എത്തിക്കുമ്പോൾ നാപിൾസുകാർ തങ്ങളുടെ തനതു ദൈവത്തെ ഉപേക്ഷിച്ചു അവിടെ ഡോണ യെ പ്രതിഷ്ടിച്ചിരുന്നു. ഫുട്ബാൾ ഒരു വിനോദപാദി എന്നതിലുപരി ഒരു നാടിന്റെ എല്ലാമെല്ലാമാണ് എന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.
എന്നാൽ ഡീഗോ അർജന്റീനയിൽ ദൈവ സമാനമായത് 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ ആയിരുന്നു. Falkland യുദ്ധത്തിന്റെ മുറിവുകളുമായി തല കുനിച്ചു നടക്കേണ്ടി വന്ന അർജന്റീൻ ജനതയുടെ രക്ഷകനായി ഡീഗോ അവിടെ അവതരിച്ചു. ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളും അത് കഴിഞ്ഞു നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും ആയി ലോകകപ്പ് കണ്ട ഏറ്റവും ഐതിഹസിക തുല്യമായ പ്രകടനത്തിനോടുവിൽ ഇംഗ്ലണ്ട് കണ്ണീരോട് മടങ്ങുമ്പോൾ അവിടെ ഒരു മനുഷ്യ ദൈവം ഉയർത്തി എഴുന്നേൽക്കുകയായിരുന്നു. തന്റെ നാടിനു വേണ്ടി കൈ കൊണ്ട് ഗോൾ അടിക്കാനും, അസാധ്യമായ ഗോളുകൾ അടിക്കാനും വഴക്കടിക്കാനും ആരുടെ മുമ്പിൽ തല കുനിക്കുകയും ചെയ്യാത്ത തങ്ങളുടെ ക്യാപ്റ്റനു വേണ്ടി ബുനെസ് എയർസിലും റോസാരിയോയിലും അങ്ങ് കോർഡൊബയിലും ചർച്ചുകൾ പണിതത് പിൽകാല ചരിത്രം.
അത്തരമൊരു മുൻഗാമി ഒഴിച്ചിട്ട സിംഹസനത്തിലേക്കായിരുന്നു ലിയോ കാൽ വെക്കേണ്ടിയിരുന്നത്. ചെറു പ്രായത്തിൽ തന്നെ അർജന്റീന യെ വിട്ടു സ്പെയിനിനിലേക്ക് ചേക്കേറിയത് കൊണ്ട് തന്നെ ലിയോ യെ സ്പാനിഷ് ടീമിൽ കളിപ്പിക്കാൻ ഡെൽ ബോസ്ക്യു ഏറെ ശ്രമിച്ചതാണ്. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ കളിക്കാരോടൊപ്പം തന്റെ കളി കൂട്ടുകാരോടോപം കളിക്കാം എന്നാ അനായാസ തീരുമാനം പക്ഷെ മെസ്സി നിരസിച്ചു. തന്റെ നാടായ അർജന്റീന യോടൊപ്പം കളിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്പാനിഷകാർ അതിന്റെ പേരിൽ മാധ്യമ വിചാരണകൾ നടത്തിയപ്പോഴു അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു.
എന്നാൽ ആ തീരുമാനത്തിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും എത്രത്തോളം ആണെന്ന് ലിയോക്കു എത്രത്തോളം ബോധ്യമുണ്ടായിരുന്നു എന്നത് ഒരു ചോദ്യം ആണു.വളർന്നു വരുന്ന ശക്തികളായ, ബാഴ്സലോണയിൽ, തന്റെ കൂടെ പന്ത് തട്ടുന്ന കളിക്കാരെല്ലാം ഉള്ള സ്പെയിനിലെ പുൽമെത്തയിൽ നിന്നും വര്ഷങ്ങളായി മികവിനൊത്ത പ്രകടനം കാഴ്ച വെക്കാനാവാതെ ഓരോ ലോകകപ്പിനു കിരീട പ്രതീക്ഷകളുമായി വന്നു വഴിയിൽ ഇടറി വീഴുന്ന, ഒരു ജനതയുടെ പ്രതീക്ഷകളേന്തി വന്ന ഇതിഹാസ താരങ്ങളായ ഒർടേഗയും ബാറ്റിയും റിക്കൽമിയുമെല്ലാം തോറ്റു പോയ ധൗത്യത്തിന്റെ പൂർത്തീകരണവും, സർവ്വോപരി മറഡോണ അനശ്യരമാക്കിയ സിംഹാസനത്തിന്റെ പിന്തുടർച്ചാവകാശക്കാരൻ എന്ന മുൾക്കിരീടവും അയാളിൽ വന്നു ചേർന്നു.
PIBE കളുടെ നാടാണ് മറ്റേതൊരു ലാറ്റിൻ അമേരിക്കൻ രാജ്യത്തെ പോലെയും അർജന്റീനയും.അവിടെ ഫുട്ബോൾ തെരുവിന്റെ അതിജീവനം കൂടി ആണ്. തെരുവിന്റെ പരുത്ത പ്രതലങ്ങളിൽ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഓരോ നിമിഷവും പോരാടി വളർന്നു വരുന്ന അതീവ പ്രതിഭാശാലികളെ അവർ Pibes എന്ന ഓമന പേരിൽ വിളിച്ചു.. ആ ഒരു സംസ്കാരമാണ് അവർ തന്റെ ടീമിലേക്കു പരിവേശിപ്പിക്കുക. ഫുട്ബാളിന്റെ മാന്ത്രികതയോടൊപ്പം ഓരോ നിമിഷവും ടീമിന് വേണ്ടി പോരാടുന്ന പ്രകടനാത്മകമായ സ്വഭാവവുമായി അവർ പന്ത് തട്ടുമ്പോൾ ആരാധകർ അവരെ കൈ നീട്ടി സ്വീകരിക്കുന്നു. അതിന്റെ അതി മൂർത്തമായ ഭാവം ആയിരുന്നു മറഡോണ. ഒരൊറ്റ മത്സരം കൊണ്ട് ഫാൽക്കെലാൻഡ് യുദ്ധത്തിന്റെ മുറിപ്പാടുകൾ പേറുന്ന അര്ജന്റീനിൻ ജനതയുടെ രക്ഷകനായി അയാൾ അവതരിച്ചപ്പോൾ അയാളെ അവർ El Pibe de Oro (The Golden Boy) ആയി വാഴ്ത്തിപ്പാടി. എന്നാൽ മെസ്സിയിൽ മറ്റൊരു ഗോൾഡൻ ബോയ് യെ കണ്ട അര്ജന്റീനക്കാർക്കു നിരാശയായിരുന്നു ഫലം. അന്തര്മുഖനായ മൃദുഭാഷിയായ കാറ്റലോണിയയിലെ മഹത്തായ ക്ലബ്ബിൽ ട്രെയിനിങ് കിട്ടിയ യൂറോപ്യൻ സംസ്കാരം കൈവരിച്ച പരാജയങ്ങളോടും വിജയങ്ങളോടും സൗമ്യമായി പ്രതികരിക്കുന്ന, മറഡോണയുടെ നേർവിപരീതമായ സ്വഭാവ സവിവേശങ്ങളുള്ള മെസ്സിയെ അവർക്കു അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അവർ തെരുവിന്റെ സംഗീതവുമായി വന്ന Pibe കലെ നെഞ്ചോടു ചേർത്തപ്പോൾ മെസ്സിയെ അവർക്കു അർജന്റീനക്കാരനായി കാണാൻ പറ്റിയില്ല.കൂടെ നാഷണൽ ടീമിന്റെ തുടർ പരാജയങ്ങൾ കൂടെ ആയപ്പോൾ അര്ജന്റീന നൽകിയ സമ്മർദ്ദം പലപ്പോഴും മെസ്സിക്ക് താങ്ങാൻ പറ്റിയില്ല. മൂന്ന് ഫൈനൽ പരാജയങ്ങളോടൊപ്പം തന്നെ താനായി സ്നേഹിക്കാൻ ഒരുക്കമില്ലാത്ത ഒരു ജനതയോട് പൊരുതി നില്ക്കാൻ ആവാതെ അയാൾ തന്റെ അര്ജന്റീന ബൂട്ടുകൾ അഴിച്ചു. സ്പെയിനിന്റെ സൗകുമാര്യം ത്യജിച്ചു ഛേതം വന്ന കപ്പലിൽ മീൻ പിടിക്കാൻ പോയ കപ്പിത്താൻ തനിക്കു മുമ്പേ നടന്ന ഇതിഹാസങ്ങളെ പോലെ വഴിയരുകിൽ തളർന്നു വീണു.
എന്നാൽ ഈ കഥ അവിടെ അവസാനിക്കുന്നില്ലായിരുന്നു. പ്രതിസന്ധികളുടെ ആഴങ്ങളിൽ തളർന്നു പോയ ശേഷം വർധിത വീര്യത്തോടെ തിരിച്ചു വരുന്ന അഭ്രപാളികളിലെ നായകരെ പോലെ മെസ്സിയും തിരിച്ചു വന്നു. അതിന്റെ തുടക്കം ഇക്കഡോർ മലനിരകളിൽ നിന്നായിരുന്നു. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും ഡിസോർഗനൈസ്ഡ് ആയ ടീമുമായി അവസാന യോഗ്യത മത്സരത്തിന് ഇക്കഡോർ യിലേക്ക് കയറുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനക്ക് മതിയാവുമായിരുന്നില്ല. കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇക്കഡോർ ലീഡ് എടുത്തപ്പോൾ അർജന്റീന ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ലോകം ചിന്തിച്ചു തുടങ്ങി.വളരെ ഫിസിക്കൽ ആയി കളിക്കുന്ന ടീമിനെതിരെ ഹൈ അൾട്ടിട്യൂഡിൽ ശ്വാസം പോലെ നേരെ എടുക്കാൻ പറ്റാത്ത സമയം, അവിടെ മെസ്സി അവതരിക്കുകയായിരുന്നു. തന്റെ പൈശാചിക സ്വപ്നങ്ങളെല്ലാം ആ മലനിരകളിൽ മെസ്സി കുഴിച്ചു മൂടിയപ്പോൾ തങ്ങൾ അത് വരെ തങ്ങൾ ദൂരെ നിന്നും നോക്കിക്കണ്ട മെസ്സിയെ അര്ജന്റീനക്കാർ നെഞ്ചോടു ചേർത്ത്. എന്നാൽ അവിടെ മറ്റൊരു മെസ്സിയും ഉദയം കൊണ്ടിട്ട് ഉണ്ടായിരുന്നു. സൗമ്യനായ മൃദുഭാഷിയായ കാറ്റലോനിയിലെ ജീവിതം മിനുക്കി എടുത്ത ഒരു സംസ്കാരത്തിന്റെ കെട്ടുപാടുകളിൽ നിന്നും അര്ജന്റീനക്കാർ ആഗ്രഹിച്ച El Pibe de Oro യിലേക്കുള്ള പരകായ പ്രവേശം. കളിക്കളത്തിൽ വഴക്കാളിയായ ടീമംഗങ്ങളെ ഫൗൾ ചെയ്യുമ്പോൾ എതിരാളികളെ ചോദ്യം ചെയ്യുന്ന നായകനെ കണ്ടു ലോകം തരിച്ചു നിന്നെങ്കിലും അര്ജന്റീനിയന് മനസ്സിലേക്ക് അയാൾ പതിയെ കുടിയേറുകയായിരുന്നു. അതിനു ശേഷമുള്ള ലോകകപ്പ് പെട്ടെന്ന് ഉള്ള പുറത്താവൽ പോലും മെസ്സിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ല, മെസ്സിയെ മെസ്സി ആയി സ്നേഹിക്കാൻ ഒരുങ്ങിയ അവരിലേക്ക് പുതിയ ഗോൾഡൻ ബോയ് ആയി മെസ്സി അവരുടെ ആഗ്രഹങ്ങളിലേക്കു പുതിയ പ്രതീക്ഷയുടെ അനുരണനങ്ങൾ പകർന്നു നൽകി. അതിന്റെ അനുരണനങ്ങൾ അർജന്റീനയും മറികടന്നു ചരിത്രമുറങ്ങുന്ന മറക്കാന യിലേക്കു ചെന്നെത്തിയപ്പോൾ അർജന്റീന 28 വർഷങ്ങൾക്കു ശേഷം തങ്ങളുടെ നിതാന്ത വൈരികളെ അവരുടെ നാട്ടിൽ തോൽപ്പിച്ചു ആദ്യ കിരീടത്തിൽ മുത്തമിട്ടു.
കോപ്പ അമേരിക്കയും കടന്നു 36 കളികളിലെ അപരാജിത കുതിപ്പും ആയി ലോകകപ്പിന് വന്ന അർജന്റീനക്കു ലോകം നൽകിയ ആദ്യ ആഘാതം ആയിരുന്നു സൗദി മാച്ച്. അർജന്റീനയുടെ സകല ധൗർബല്യവും വിളിച്ചറിയിച്ച ആ കളിക്ക് ശേഷം ടൂർണമെന്റിൽ തിരിച്ചു വരാൻ വേണ്ടി മെക്സിക്കോ യോട് ഏറ്റു മുട്ടിയ അർജന്റീന കളിയുടെ ഏറെ ഭാഗവും നിലയില്ലാ കയങ്ങളിൽ മുങ്ങിയ പോലെ ആയിരുന്നു, ദുസ്വപനങ്ങളും ദുസ്സൂചനകളും കൊണ്ട് ഭയച്ചികിതമായ ആ മരുഭൂ രാത്രിയിൽ ഒടുവിൽ അലാവുദ്ധീൻറെ അത്ഭുത വിളക്കിൽ നിന്നും പുറത്തു വന്ന ഭൂതത്തനെ പോലെ മെസ്സി രക്ഷകനായി വന്നെത്തി. മഹാനായ ഒക്കോച്ച യുടെ കൈവിരലുകൾക്കിടയിലൂടെ ഇടങ്കാൽ അനുഗ്രഹിച്ച പന്ത് വലയിലേക്ക് ചെന്ന് പതിക്കുമ്പോ ഫുട്ബാൾ അതിന്റെ ചരിത്രം മാറ്റി എഴുതുകയായിരുന്നു. ആ ഒരൊറ്റ നിമിഷം കൊണ്ട് അർജന്റീന പഴയ അര്ജന്റീന ആയി. ഡോണ യുടെ ഇംഗ്ലണ്ടിനോട് എന്നത് പോലെ ഒരു പക്ഷെ അർജന്റീന ചരിത്രത്തിലെ ഏറ്റവും ഐതിഹസിക ഗോൾ ആയിരിക്കും മെസ്സി മേക്സിക്കോ ക്കെതിരെ നേടിയത്.
ചരിത്രം പലപ്പോഴും ചരിത്ര നിമിഷങ്ങളുടെ ആവർത്തനമാണെന്ന് നമുക്ക് കാണാൻ കഴിയും. മറ്റൊരു ക്വാർട്ടർ ഫൈനൽ, എതിരാളി ആവട്ടെ ഈ ലോകകപ്പിലെ തന്നെ ടാക്ടിക്കലി ഏറ്റവും സ്ട്രോങ്ങ് ആയതും , മെസ്സി ഓരോ ടച്ച് എടുക്കുമ്പോഴും മൂന്ന് ഓറഞ്ച് കളിക്കാർ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. മെസ്സിയെ കളിപ്പിക്കില്ല എന്നാ ദുർവാശിയോടെയും അഹങ്കാരത്തോടെയും കളിച്ച ടീമിനും കോച്ചിനും മേൽ എന്നാൽ മെസ്സി തന്റെ പരകായ പ്രവേശത്തിന്റെ പൂർണതയിലേക്കെത്തുകയായിരുന്നു.മെസ്സിയെ പൂർണമായും മറഡോണ ആവാഹിച്ച ആ ദിനത്തിൽ ഡിസംബറിൽ തണുത്ത രാത്രിയിലും മരുഭൂ കാറ്റിന്റെ ചൂട് ഏറ്റു ടച്ചുകാരുടെ ഹൃദയം പൊള്ളിയിട്ടുണ്ടായിരുന്നു.. മറഡോണ വിമർശിച്ച, മറഡോണ ആഗ്രഹിച്ച El Pibe toro യിലേക്കുള്ള പ്രയാണം മെസ്സി പൂർത്തിയാക്കിയ അന്നായിരിക്കും അര്ജന്റീനക്കാർക്കു ലോകകപ്പ് ഒരു സ്വപനം മാത്രമല്ല എന്നാ തിരിച്ചറിവ് ഉണ്ടായതു.
അദ്ദേഹം ഇന്നെഴുതി ചേർത്തത് സമാനതകളില്ലത്ത ഇതിഹാസം ആണു. കാല്പനികതയുടെ ലോകത്തു വിരാജിക്കുന്ന കവികൾ മുതൽ മഹാന്മാരായ എഴുത്തുകാർക്കും മനുഷ്യന്റെ സവിശേഷ ബുദ്ധിയെ ചോദ്യം ചെയ്യുന്നാ നായകരെ സ്രഷ്ടിക്കുന്ന ഇന്ത്യൻ ബ്രഹ്മണ്ടാ സിനിമ എഴുത്തുകാർക് പോലും ഈയൊരു കഥ എഴുതാൻ പറ്റില്ല. ഒരു പക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ കളിക്കാരന്റെ കഥ പൂർണമാക്കാനായിരിക്കും ഫുട്ബോൾ ദൈവങ്ങൾ മൂന്ന് ഫൈനലിൽ അയാളെ തോൽപ്പിച്ചു വിട്ടത്. ആ ഫൈനലുകളിലൊന്നിലെ വിജയം ഒരിക്കലും ഇത്രയും മധുരമായിരിക്കില്ല. ഒടുവിൽ തന്റെ 35 ആം വയസ്സിൽ കായിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ഏടുകളിലൊന്നു എഴുതി ചേർത്തു കൊണ്ട് ഖത്തർ രാജാവ് കൊടുത്ത bisht അണിഞ്ഞു ഒരു ചക്രവർത്തിയെ പോലെ അറബി കഥകളിലെ നായകനെ പോലെ കപ്പുമായി നിൽക്കുന്ന രംഗം ആയിരിക്കും ഒരു പക്ഷെ കായിക ചരിത്രത്തിലെ ഏറ്റവും ഐക്കണിക്ക് ചിത്രം.
മെസ്സിയുടെ ഈ ലോകകപ്പ് ക്യാമ്പയിൻ അവിശ്വസനീയമാണ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും. 1986 ഇൽ തന്റെ 26 ആം വയസ്സിൽ മറഡോണ നടത്തിയ ഒറ്റയാൻ പോരാട്ടത്തതിന് ശേഷം ഇത് പോലെ ഒരു ക്യാമ്പയിൻ ലോകം കണ്ടിട്ടില്ല. അതും തന്റെ 35 ആം വയസ്സിൽ, അയാൾ നമ്മളെ വീണ്ടും അതിശയിപ്പിക്കുകയാണ്. അയാളുടെ അണ്ടർ 20 ലോകകപ്പിന്റെ ഫൈനലും ബാഴ്സയിലെ ആദ്യ ഗോളും കണ്ട രണ്ടു ദശബ്ദങ്ങൾക്കടുത്തായി തന്റെ ഹൃദയത്തിന്റെയും ജീവിതത്തിന്റെയും ഭാഗ ഭാക്കു ആയ ഒരു മനുഷ്യൻ കാണിക്കാൻ പറ്റാവുന്ന എല്ലാ അത്ഭുധങ്ങളും കാണിച്ചു എന്ന് വിശ്വസിച്ചു തുടങ്ങിയേടത്തു നിന്ന് അയാൾ വീണ്ടും തുടങ്ങുകയാണ്. പലപ്പോഴും 86 ലോകകപ്പിലെ പ്രകടനവും നാപൊളിയിലെ ക്ലബ് ഫുട്ബോൾ കണ്ട ഏറ്റവും ആവിശ്യസനീയമായ ഒറ്റയാൻ പോരാട്ടവും മനുഷ്യസാധ്യമാണ് എന്ന് വിശ്വസിച്ചിരുന്ന എനിക്ക് 35 ആം വയസ്സിൽ പ്രായം തളർത്താതെ വീര്യവുമായി അയാൾ 2022 തരികയാണ്, am the fkcing king എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ പോലെ. ഫുട്ബോൾ ചരിത്രം അയാളെ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ എന്ന് വിളിക്കുന്നുണ്ടേലും എനിക്ക് അദ്ദേഹം അതിനു മുകളിൽ ആണു. അയാളുടെ സംഘർഷങ്ങൾ വേദനകൾ വിജയങ്ങൾ എല്ലാം പങ്കിട്ട ഞാനും അയാളുടെ കൂടെ നിർവാണ യിൽ എത്തിച്ചേർന്നിരിക്കുന്നു . എനി എനിക്ക് ഫുട്ബോൾ വേദനകളില്ലാതെ ആസ്വദിക്കാം, എന്റെ മകനോട് വേദനകളും സന്തോഷങ്ങളും ഇടകലർന്ന നാളുകൾക്കൊടുവിൽ ഏക ദൈവ സങ്കല്പത്തിൽ നിന്നും വ്യതിചലിച്ചു രണ്ടു ഫുട്ബോൾ ദൈവങ്ങളെ ആരാധിച്ച പിതാവിന്റെ കഥ പറയാം.മുത്തശ്ശി കഥകൾ പോലും തോറ്റു പോവുന്ന ജീവിതകഥകൾ വർണിക്കാം.
Written By - Hubaisil Ancy