28/05/2022
രണ്ട് ടീമുകളുടെ ബലപരീക്ഷണത്തിനൊപ്പം ബുദ്ധികൂർമതയുടേയും കായികവിനോദമാണ് വടംവലി. എട്ട് അംഗങ്ങൾ ഉള്ള രണ്ട് ടീമുകൾ നിശ്ചിതതൂക്കം നിലനിർത്തി തങ്ങളുടെ കൈക്കരുത്തും കാലുറപ്പും ബുദ്ധിയും ഉപയോഗിച്ചു ചകിരിയിൽ ചമഞ്ഞ വടത്തെ സ്വന്തം വരുതിയിലാക്കി നടന്നു നീങ്ങുമ്പോൾ വിജയക്കൊടിപ്പാറും.
പുരാതനകാലങ്ങളിൽ ഇന്ത്യ,പുരാതന ഈജിപ്ത്, മ്യാൻമാർ,ന്യൂ ഗിനിയയിലുമൊക്കെ ഈ കായിക വിനോദം ഉണ്ടായിരുന്നതായി ചരിത്ര രേഖകളുണ്ട്.1900 മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ ടഗ് ഓഫ് വാർ ഇന്റർനാഷണൽ ഫെഡറേഷൻ(Tug of War International Federation (TWIF)) അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ജനപ്രിയമുള്ള കായിക വിനോദങ്ങളിൽ ഒന്നാണ് വടംവലി. പ്രൊഫഷണൽപരമായും, സൗഹൃദപരമായും എന്തിനി നാട്ടിൻപുറത്തെ ആഘോഷങ്ങളിൽപോലും വടംവലിയുടെ ആവേശകാഴ്ചകൾ തരംഗമാകാറുണ്ട്.പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ടൂർണമെന്റുകൾക്ക് നിറഞ്ഞുകൂടുന്ന ആൾക്കൂട്ടവും കൈയടികളും വടംവലിയുടെ ആവേശത്തിൽ മസിലുകൾ പെരുപ്പിച്ച് എതിർ ടീമിനെ വലിച്ചിടുന്ന താരങ്ങളും കൂടുമ്പോൾ ആവേശം പരകോടിയിലേക്ക് എത്തും.
നാടൻ ഭാഷയിൽ പ്രത്യേകതരം ടോണിൽ ടീമുകളെ പരിചയപ്പെടുത്തിയുള്ള അനൗൺസ്മെന്റുകളും മത്സരത്തിന്റെ കൗതുകമാണ്.
ഏഴാം കടലും കടന്ന് വടംവലി എന്ന മാമാങ്കം, നാട്ടിലെ ആവേശവും പോരാട്ടവീര്യവും തെല്ലും ചോരാതെ യുഎഇയിലെ മണ്ണിലും അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജീവിതഭാരം മൂലം പ്രവാസലോകത്തു എത്തിയ ഒരുപാട് പ്രൊഫഷണൽ കളിക്കാർക്ക് തങ്ങളുടെ കളി മികവ് നിലനിർത്താനും, തെളിയിക്കാനും ലഭിക്കുന്ന അവസരങ്ങളാണ് വിവിധ പ്രവാസി കൂട്ടായ്മകൾ നടത്തുന്ന വടംവലി മത്സരങ്ങൾ.
ഇന്ന് യുഎയിൽ 35 ഓളം പ്രൊഫഷണൽ ടീമുകൾ മത്സരരംഗത്ത് സജീവമായുണ്ട്.വടംവലി എന്ന കായിക മാമാങ്കം കൂടുതൽ ജനകീയമാക്കാനും, കൂടുതൽ ടീമുകളെ വടംവലിയിലേക്ക് ആകർഷിക്കുവാനും വേണ്ടി UAE യിൽ 2022ഏപ്രിൽ 2ആം തീയ്യതി രൂപികൃതമായ സംഘടനയാണ് ടഗ്ഗ് ഓഫ് വാർ അസ്സോസിയേഷൻ (TWA).അന്താരാഷ്ട്ര നിലവാരത്തിൽ യു എ ഇ യുടെ മണ്ണിൽ വടംവലി മത്സരങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോട്കൂടി വടംവലി താരങ്ങളും, ടീം മാനേജർമാരും പരിശീലകരും സംയുക്തമായി രൂപീകരിച്ച TWA വരും കാലങ്ങളിൽ സ്കൂൾ തലം മുതൽ നടപ്പിലാക്കാൻ പരിശ്രമിക്കുകയും മികവ് തെളിയിച്ച കായിക താരങ്ങളെ അന്താരാഷ്ട്ര തലങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടി മുന്നേറുകയാണ്.രൂപികരിച്ച് ഇതുവരെയുള്ള പ്രവർത്തനങ്ങൾ യുഎഇ ഗവണ്മെന്റ് തലത്തിൽ ശ്രദ്ധ ആകർഷിക്കാൻ പറ്റിയിട്ടുണ്ട് എന്നത് നിങ്ങൾ തരുന്ന പിന്തുണയുടെ ഫലമാണ്. ഞങ്ങളുടെ ഈ മഹാ ഉദ്ധ്യമത്തിലും, സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലും നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ടഗ് ഓഫ് വാർ അസോസിയേഷന്റെ
ആഭിമുഖ്യത്തിൽ 04/06/2022 ന് ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ അജ്മാനിലുള്ള വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് ഒരു ഇന്റർനാഷണൽ വടംവലി മത്സരം നടത്തപെടുന്നു. "വടംവലി ആറാട്ട്" എന്ന പേരിൽ കൈവലി ശൈലിയിൽ 580kg/8 (റീ തൂക്കം) കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആവേശകരമായ വടംവലി മത്സരം വീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.